തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടയാറില്‍ ഒരു വിഭാഗത്തിന്റെ ആക്രമണത്തിന് ഇരയായ ഹിന്ദുക്കള്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും ശക്തമായ സുരക്ഷയും നല്കാന് അധികൃതര്‍ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ സത്യസന്ധമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇടയാര്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും ഇടയാറിലെത്തിയത്. അടിച്ചു തകര്‍ക്കപ്പെട്ട വീടുകള്‍ അദ്ദേഹവും സംഘവും സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ സ്ത്രീകളോട് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന വലിയൊരു വിഭാഗം തങ്ങള്‍ നേരിട്ട ആക്രമണത്തെക്കുറിച്ച് ഭീതിയോടെ വിവരിച്ചു. ലൈല, ഭര്‍ത്താവ് സുകുമാരന്‍, രാജേഷ്, ഭാര്യ ലീല, രത്നമ്മ, മകന് സുനില്‍ജിത്ത്, പത്മിനി, ജയശ്രീ, ഭര്‍ത്താവ് ഷിബു, സദനകുമാര്, വിജെന്ദ്രന്, അപ്പു, മനോജ്, ഭാര്യ ഷീജ, അമൃതകുമാരി എന്നിവരാണ് നേതാക്കളോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.
ഇടയാറിലെ സ്ഥിതി ഭീതിജനകമായി തുടരുകയാണെന്ന് കുമ്മനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും. ഒന്നര വയസ്സുള്ള പിഞ്ചുബാലനെ മുതല്‍ 80 വയസ്സുള്ള വൃദ്ധയെ വരെ ആക്രമികള്‍ തല്ലിച്ചതച്ചു. വീടുകള്‍ കൊള്ളയടിച്ചു. ടിവി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ എടുത്തുകൊണ്ടുപോയി. നിരവധി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ബലമായി പൊട്ടിച്ചുകൊണ്ടാണ് അക്രമികള്‍ മടങ്ങിയത്. എതിര്‍ത്തവരെ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വിവാഹ നിശ്ചയം നടക്കാനിരുന്ന വീടും അദ്ദേഹം സന്ദര്‍ശിച്ചു. ഈ വീട് അടിച്ചു തകര്‍ത്ത അക്രമികള്‍ അലമാരയില്‍ വിവാഹാവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം കൊള്ളയടിച്ചതായി ഗൃഹനാഥ ലൈല കുമ്മനം രാജശേഖരനോട് പറഞ്ഞു. അക്രമികള്‍ കടന്നു വന്ന മണല്‍ നിറഞ്ഞ പൊഴിയും കടലോരവും ഹിന്ദുഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു. ശക്തമായ പോലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിരുന്നു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സംസ്ഥാന സമിതിയംഗം തിരുമല അനില്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി മുരുകന്, സുമിത്രന്, ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ലഘു ഉദ്യോഗ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ. വിനോദ്, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍ എം. ഗോപാല്‍, ആര്‍എസ്എസ് ജില്ലാ പ്രചാരക് പി.എ. സന്തോഷ്, ബിജെപി കൗണ്‍സിലര്‍ എം.ആര്. ഗോപന്, നേതാക്കളായ തിരുവല്ലം ശ്രീകുമാര്‍, പൂന്തുറ മണി, സാജു പൂന്തുറ എന്നിവരും കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: