കോതമംഗലം: ഇക്കുറി അയ്യപ്പന് കടാക്ഷിക്കുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു ശബരിമല മേല്‍ശാന്തിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട പി.എന്‍.നാരായണന് നമ്പൂതിരി. നേരത്തെ മൂന്ന് തവണ മേല്‍ശാന്തി നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അയ്യപ്പനെ സേവിക്കാനായില്ല. ഇപ്പോള്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന് ശാന്തികര്‍മ്മങ്ങള്‍ ചെയ്തുവരവേയാണ് ശബരിമലയില്‍ അദ്ദേഹത്തിന്റെ നറുക്ക് വീണത്. അതുതന്നെ വലിയൊരു അനുഗ്രഹമായിട്ടാണ് അദ്ദേഹം കരുതുന്നത്. “ശബരിമല മേല്‍ശാന്തിയായി കാനനവാസനെ പൂജിക്കുക എന്നത് തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു. അതാണ് ഇപ്പോള്‍ സഫലമായത്. തൃക്കാരിയൂര്‍ മഹാദേവന്റെയും പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താവിന്റെയും ഗുരുവായ വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിയുടെയും അമ്മാവന് ഈശ്വരന് നമ്പൂതിരിയുടെയും അനുഗ്രഹത്താലാണ് എനിക്ക് ഈ അസുലഭ ഭാഗ്യം കൈവന്നത്,” അദ്ദേഹം പറഞ്ഞു.
2009ലാണ് ആദ്യമായി ശബരിമല-മാളികപ്പുറം മേല്‍ശാന്തിക്കായി അപേക്ഷ നല്‍കിയത്. അന്ന് മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ശാന്തിക്കാനായിരുന്നു. അന്ന് മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുപ്പ് ലിസ്റ്റ് ഉള്‍പ്പെട്ടതായിരുന്നു. പിന്നത്തെ വര്‍ഷം അപേക്ഷിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷവും ലിസ്റ്റില്‍ പെട്ടിരുന്നതാണ്. എന്നാല്‍ ഇക്കുറിയാണ് അയ്യപ്പന് അനുഗ്രഹം ചൊരിഞ്ഞത്.
കോതമംഗലം തൃക്കാരിയൂര്‍ ക്ഷേത്രത്തിന് സമീപം പനങ്ങാറ്റംപിള്ളി മനയില്‍ പരേതനായ നാരായണന് നമ്പൂതിരിയുടെയും സാവിത്രി ദേവിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് നാരായണന് നമ്പൂതിരി. അനുജന്മാരായ അനില്‍ കുമാര്‍, ശ്രീനിവാസന് എന്നിവര്‍ ഗുജറാത്തിലാണ്. തൊടുപുഴ പടിഞ്ഞാറെമഠം പരേതനായ ഈശ്വരന് നമ്പൂതിരിയുടെ മകള്‍ ഉഷാദേവിയാണ് ഭാര്യ. ശ്രീദത്തന്, പാര്‍വതി മക്കളാണ്.
പി.കെ.ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: