മരട്: ടോള്‍ബൂത്തിന് മുമ്പില്‍ കോണ്‍ഗ്രസ് യുവജനസംഘടനയുടെ പ്രഹസനസമരം. കുമ്പളം ടോള്‍പ്ലാസക്ക് മുന്നിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്തന്മാരുടെ സമരപ്രഹസനം അരങ്ങേറിയത്. അടച്ചിട്ട അരൂര്‍ പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കുവാന്‍ നടപടിയായെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രാദേശിക യൂത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ടോള്‍പ്ലാസക്ക് സമീപം സമരനാടകം അരങ്ങേറിയത്.
പ്രദേശവാസികളെ ടോളില്‍നിന്നും ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കുമ്പളം ടോള്‍പ്ലാസക്ക് മുന്നില്‍ ബിജെപിയും ഇടതുസംഘടനകളും ടോള്‍വിരുദ്ധ സമിതിയും മാസങ്ങള്‍ നീണ്ടുനിന്ന സമരം നടത്തിയിരുന്നു. അന്നൊന്നും രംഗത്തുവരാതിരുന്നവരാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ടോളിന്റെ പേരില്‍ തട്ടിപ്പ്സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ടോള്‍പിരിവിനെതിരെ സമരം തുടങ്ങിയപ്പോഴെല്ലാം കരാറുകാരേയും ദേശീയപാതാ അധികൃതരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്ര സംസ്ഥാന മന്ത്രിമാരുമാണ് രംഗത്തുവന്നിരുന്നത്. കുമ്പളം നിവാസികള്‍ക്ക് സൗജന്യപാസ് നല്‍കുമെന്നും ഇതിന് ചെലവുവരുന്ന തുക സംസ്ഥാനസര്‍ക്കാര്‍ കുമ്പളം പഞ്ചായത്തിന് നല്കി പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു ധാരണ. ടോള്‍പ്ലാസയിലെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ നാളിതുവരെ ഇതിനായി ഒരു പൈസ പോലും സര്‍ക്കാര്‍ കൈമാറയിട്ടില്ല. മാത്രമല്ല യാത്രാ സൗജന്യം അനുവദിച്ചതിന് പഞ്ചായത്ത് വഴി ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ടോള്‍ കരാറുകാര്‍ പറയുന്നത്. അതിനാല്‍ കുമ്പളം പഞ്ചായത്തിലെയും പരിസരങ്ങളിലെയും ഒരു വാഹനത്തിനും ഇനി ടോള്‍ബൂത്തില്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കരാറുകാര്‍ പറയുന്നു.
ഇതിനിടെ കുമ്പളം ടോള്‍ പ്ലാസയിലും ടോള്‍നിരക്ക് വര്‍ധിപ്പിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: