വലുപ്പം കൊണ്ട് ഇന്ത്യയിലെ പത്താമത് സംസ്ഥാനമാണ് ഛത്തീസ്ഗഢ്. എണ്‍പതില്‍പ്പരം വര്‍ഷം നീണ്ടുനിന്ന തുടര്‍ച്ചയായ ആവശ്യത്തിനൊടുവിലാണ് 2000ത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഛത്തീസ്ഗഢ് എന്ന പേരില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. 2.5 കോടി ജനസംഖ്യയുള്ള ഛത്തീസ്ഗഢ് ഇന്ത്യയുടെ ഉരുക്ക് ഉല്‍പ്പാദനത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്ന സംസ്ഥാനം കൂടിയാണ്. വലിയ സംസ്ഥാനങ്ങളെ വിഭജിച്ച് ഭരണ-വികസന സൗകര്യത്തിനായി ചെറു സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍കൈ എടുത്തതോടെയാണ് ഛത്തീസ്ഗഢ് യാഥാര്‍ത്ഥ്യമായത്.
മധ്യപ്രദേശിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള പത്ത് സംസ്ഥാനങ്ങളെ ഒരുമിച്ചു ചേര്‍ത്താണ് ഛത്തീസ്ഗ്ഢ് 2000 നവംബര്‍ ഒന്നിന് യാഥാര്‍ത്ഥ്യമായത്. ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഛത്തീസ്ഗഢിനോടൊപ്പം പിറവിയെടുത്തതാണ്. സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി ബിജെപിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസിലെ അജിത് ജോഗിയായിരുന്നു സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് മുഖ്യമന്ത്രി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന് ഛത്തീസ്ഗഢ് ജനതയുടെ വിശ്വാസം ആര്‍ജ്ജിക്കാനായില്ല. രമണ്‍ സിംഗ് സര്‍ക്കാര്‍ പ്രശംസനീയമായ രീതിയിലാണ് ഛത്തീസ്ഗഢില്‍ ഭരണം നിര്‍വഹിക്കുന്നത്.കോണ്‍ഗ്രസിന് ഇക്കുറിയും നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. ഛത്തീസ്ഗഢ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റ് ഭീകരതയാണ്.
ദക്ഷിണ ഛത്തീസ്ഗഢില്‍ ചുവടുറപ്പിച്ചിട്ടുള്ള മാവോയിസ്റ്റ് ഭീഷണി നേരിടുന്നതില്‍ ഇന്നത്തെ ഛത്തീസ്ഗഢ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മധ്യപ്രദേശില്‍ ഏറെക്കാലം ഭരണം നടത്തിയ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഛത്തീസ്ഗഢ് മേഖലയുടെ വികസനത്തെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചതും മാവോയിസ്റ്റ് ഭീകരതയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയത്.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ബസ്തര്‍, ബീജാപൂര്‍ മേഖലകളില്‍ ദാരിദ്ര്യം അതിന്റെ ഏറ്റവും ഭീഷണമായ രൂപം പ്രദര്‍ശിപ്പിക്കുന്നു. ഈ ദാരിദ്ര്യമാണ് മാവോയിസ്റ്റുകളുടെ ഇന്ധനം. ദരിദ്ര ആദിവാസി ഗോത്ര ജനവിഭാഗങ്ങളുടെ ഇടയിലാണ് മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ളത്.
വിരോധാഭാസമെന്ന് പറയട്ടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ ഇരുമ്പ് ശേഖരവും ഈ മേഖലയില്‍ തന്നെയാണ്. നിരവധി ചെറുകിട കമ്പനികള്‍ ഖാനനവുമായി ബന്ധപ്പെട്ട് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുള്ള ടാറ്റ, എസ്സാര്‍ കമ്പനികളാണ് ഇരുമ്പ് ഖാനനത്തിന്റെ 80 ശതമാനവും നിയന്ത്രിക്കുന്നത്. ഇരുമ്പ് ഖാനനത്തിലും മറ്റും പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിനാമി ഇടപാടുകള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഖാനനം പ്രദേശ വാസികളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വന്‍കിട കമ്പനികള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് ഇരുമ്പ് ചൂഷണം ചെയ്യുകയാണെന്നും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കൊള്ളയടിക്കുകയാണെന്നും പ്രദേശവാസികളെ ധരിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ആയിട്ടുണ്ട്.
ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടിയ ജനതയെ ആയുധമെടുപ്പിക്കുന്നതില്‍ മാവോയിസ്റ്റുകള്‍ വിജയിച്ചത് ഇത്തരം പ്രചരണങ്ങള്‍കൊണ്ടാണ്. ഖാനനം മേഖലയുടെ പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നുവെന്നും വന്‍കിട വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് എന്നുമാണ് മാവോയിസ്റ്റ് പ്രചരണം. 2004ലാണ് ഇന്ന് കാണുന്നതരത്തില്‍ വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ഒരുമിച്ച് ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചത്.
പ്രധാനമായും ആന്ധ്രാ മേഖലയില്‍ സജീവമായിരുന്ന പീപ്പിള്‍സ് വാര് ഗ്രൂപ്പും മധ്യപ്രദേശ്, ബീഹാര്‍ മേഖലകളില്‍ സജീവമായിരുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ആണ് ഒന്നായി പുതിയ സംഘടനയ്ക്ക് ജന്മം നല്‍കിയത്. നിരവധി ചെറിയ ഗ്രൂപ്പുകളും ഇവരോടൊപ്പം ചേര്‍ന്നു. നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവര്‍ക്ക് വേണ്ട സഹായങ്ങളുമായി എല്ലാ കാലത്തും രംഗത്തുണ്ടായിരുന്നു. കാര്യങ്ങളെ ശരിയായി വിലയിരുത്തുന്നതില്‍ എല്ലാ കാലത്തെയും പോലെ കോണ്‍ഗ്രസ് നേതൃത്വം ഇവിടെയും പരാജയപ്പെട്ടു. ആഭ്യന്തര ഭീഷണിയായി വളര്‍ന്ന മാവോയിസ്റ്റുകള്‍ക്ക് നേപ്പാളില്‍ നിന്നും ചൈനയില്‍ നിന്നും സഹായങ്ങള്‍ എത്തുന്നത് തടയാനോ അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ചയാക്കാനോ മന്മോഹന് സിംഗ് സര്‍ക്കാറിന് ആയില്ല. ഇന്നിപ്പോള്‍ അല്‍-ഖ്വൈദ ഉള്‍പ്പെടെയുള്ള മുസ്ലീം ഭീകരവാദ സഘടനകളുമായും ദൃഢമായ ബന്ധമാണ് മാവോയിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
പാക്കിസ്ഥാന്, ബഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മുസ്ലീം ഭീകരവാദ പ്രസ്ഥാനങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് പണവും ആയുധങ്ങളും എത്തിച്ചുനല്‍കുന്നതായി സൈനിക വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാഹിത്യങ്ങള്‍ അച്ചടിക്കുന്നത് ബംഗ്ലാദേശിലെ ചില അറിയപ്പെടാത്ത ഗ്രാമങ്ങളിലാണെന്ന് വ്യക്തമായിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഭീകര പ്രവര്‍ത്തകര്‍ക്ക് നേപ്പാളില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നല്‍കുന്നതിന്റെ വിവരങ്ങളും ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങളുടെ ഗൗരവം ഇന്ത്യന്‍ ഭരണകൂടം മനസിലാക്കുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
2006ല്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളി മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നാണെന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി. എന്നാല്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ പൗരന്മാര്ക്കിടയില് ആത്മ വിശ്വാസം വളര്‍ത്തുന്നതിനോ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിനോ കാര്യമായ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ ചെയ്തില്ല. വന്‍കിട വ്യവസായികളുടെ താല്പര്യം സംരക്ഷിക്കാന്‍ ഖാനന മേഖലകളില്‍ സിആര്‍പിഎഫിനെ കാവല്‍ നിര്ത്തിയതൊഴിച്ചാല് കേന്ദ്രം മാവോയിസ്റ്റ് പ്രതിസന്ധി നേരിടുന്നതില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ അല്പമെങ്കിലും നേട്ടമുണ്ടാക്കാനായത് രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനാണ്.
ബസ്തര്‍ ജില്ലയ്ക്ക് വേണ്ടി രമണ്‍ സിംഗ് സര്‍ക്കാര്‍ പ്രത്യേകമായി നടപ്പാക്കിയ വികസന പാക്കേജ് ഒരു പരിധിവരെ ഫലം കണ്ടു. ആയുധം താഴെവച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മാവോയിസ്റ്റുകളെ പ്രേരിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യവും രമണ്‍ സിംഗ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയി. മാവോയിസ്റ്റ് ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ബിജെപി മാത്രമാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള മാവോയിസ്റ്റ് ആഹ്വാനം നിലനില്‍ക്കുമ്പോഴും മേഖലയില്‍ തോക്കിന് കുഴലുകളെ അതിജീവിച്ച് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നതും ഈ രാഷ്ട്രീയ പ്രവര്‍ത്തനം മൂലമാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: