ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന കല്‍ക്കരിപ്പാടം ഇടപാടില്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിനെതിരേ രംഗത്തുവന്ന മുന്‍ കല്‍ക്കരി വകുപ്പു സെക്രട്ടറി പി.സി.പരേഖിനു പിന്തുണയുമായി മുന്‍ ഉദ്യോഗസ്ഥരും രംഗത്ത്. പരേഖ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സിബിഐ അദ്ദേഹത്തിനെതിരേ മാത്രം കേസെടുത്തത് ശരിയായില്ലെന്നും മുന്‍ കല്‍ക്കരി വകുപ്പു സെക്രട്ടറി ഇ.എ.എസ് ശര്‍മ ചൂണ്ടിക്കാട്ടി. പരേഖിനെതിരെ കേസെടുത്ത സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കെങ്കിലുമെതിരെയോ ഏതെങ്കിലും മന്ത്രിമാര്‍ക്കെതിരേയോ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഗൂഢാലോചന നടന്നെങ്കില്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം. കല്‍ക്കരിപ്പാടം ഇടപാടില്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നതായി താന്‍ കരുതുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണം നടത്തുന്നവര്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്നു മുക്തരായിരിക്കണം.
സത്യസന്ധതയില്ലാത്ത മന്ത്രിമാരേയും രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ഒഴിവാക്കി സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായയും വിശ്വാസ്യതയും കൂടുതല്‍ തകര്‍ക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനു പരാതി നല്‍കിയെങ്കിലും അത് പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരേഖിനെതിരായ സിബിഐയുടെ നീക്കം ഭാവിയില്‍ മറ്റ് ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍ നിന്നു തടയുന്നതാകുമെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരില്‍ എല്ലാ തരക്കാരുമുണ്ടാകും. അന്വേഷണ ഏജന്‍സി നടപടിയെടുക്കുമ്പോള്‍ അതു ന്യായയുക്തമായിരിക്കണം. പരേഖ് കുമാരമംഗലം ബിര്‍ളയെ കണ്ടു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ ദിവസേന പത്ത് ഉദ്യോഗസ്ഥരെയും പത്ത് രാഷ്ട്രീയ നേതാക്കളെയും പത്ത് ബിസിനസുകാരെയും താന്‍ കണ്ടിട്ടുണ്ടെന്നും അത് കുറ്റക്കാരനായി ചിത്രീകരിക്കാനുള്ള കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ തന്ത്രങ്ങളുടെ ഫലമാണ് പരേഖിനെതിരായ കേസ്. പ്രതിസ്ഥാനത്ത് എത്തിയില്ലെങ്കില്‍ അദ്ദേഹം സാക്ഷിയായേനെ. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യന് പറഞ്ഞു.
പരേഖിനെതിരായ സിബിഐയുടെ നടപടിയെ മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ എന്‍ വിറ്റലും അപലപിച്ചു. പരേഖ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജി.സുന്ദരവും സിബിഐയുടെ നടപടിയില്‍ ദുഃഖം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: