മലപ്പുറം: മാളികപ്പുറത്ത് മേല്‍ശാന്തിയായി മഹാപുണ്യം മനസിലേറ്റുവാങ്ങി മനോജ് എമ്പ്രന്തിരി ഈ മണ്ഡലകാലത്ത് സന്നിധാനത്ത് പുതിയഭാവത്തില്‍. കഴിഞ്ഞ ആറുവര്‍ഷമായി മേല്‍ശാന്തിമാരുടെ പരികര്‍മ്മിയായി പമ്പാവാസനെ പൂജിച്ചതിന്റെ പുണ്യഫലമാണ് മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തന്നെ അനുഗ്രഹിച്ചതെന്ന് 37 കാരനായ എടപ്പാള്‍ സ്വദേശി പി എം മനോജ് എമ്പ്രാന്തിരി ജന്മഭൂമിയോട് പറഞ്ഞു.
മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടക്കുമ്പോഴും കലിയുഗവരദനെ വണങ്ങാന്‍ മനോജ് സന്നിധാനത്തുണ്ടായിരുന്നു. ഈ സ്ഥാനലബ്ധി അയ്യപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് മനോജ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ശബരിമല, മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ രണ്ടിലും മനോജ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യം കടാക്ഷിച്ചത് മാളികപ്പുറത്തമ്മയുടെ പാദപൂജ ചെയ്യുവാനാണ്. പരുമ്പറപ്പ് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുന്ന പി എം മനോജ് തൊല്പ്പാക്കര മഠത്തിലെ അംഗമാണ്. മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഒന്‍പതാം നമ്പറുകാരനായിരുന്നു.
2007ല്‍ ശബരിമലയിലെ മേല്‍ശാന്തിയായിരുന്ന പാലക്കാട് കുമരനെല്ലൂര്‍ കൃഷ്ണന് നമ്പൂതിരിയുടെ പരികര്മ്മിയായിട്ടായിരുന്നു ശബരിമലയില്‍ എത്തിയത്. പിന്നീട് മണ്ഡലകാലത്തും എല്ലാമാസം ഒന്നാം തിയ്യതിയും നടതുറക്കുമ്പോഴും മനോജ് സന്നിധാനത്ത് ഉണ്ടായിരുന്നു. ഇതിന് മുന്‍പ് രണ്ട് തവണ ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ആദ്യമായിട്ടാണ് മാളികപ്പുറത്തെ മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയത്. സന്ധ്യയാണ് ഭാര്യ. മകന് അശ്വിന്‍കൃഷ്ണ. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മലയിറങ്ങി രാത്രി നാട്ടിലെത്തിയ മനോജ് എമ്പ്രാന്തിരിക്ക് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും നാട്ടുകാരും സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: