അക്ഷരശുദ്ധിയോ ശബ്ദസൗന്ദര്യമോ ഇല്ലാതെ ഋഗ്വേദത്തിലെ ഒരു ശ്ലോകം വികലമായി ഉദ്ധരിച്ചുകൊണ്ടാണ് പുതുക്കിയ ബജറ്റ് ധനകാര്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ അര്‍ത്ഥം ഇങ്ങനെ:- “നിങ്ങളുടെ കര്‍മ്മങ്ങള്‍ ഒന്നായിരിക്കട്ടെ; നിങ്ങളുടെ ഹൃദയങ്ങള്‍ ഒന്നായിരിക്കട്ടെ; നിങ്ങളുടെ മനസ്സുകള്‍ ഒന്നായിരിക്കട്ടെ; അങ്ങനെ ഒരുമയോടെ പ്രവര്‍ത്തിച്ചു ക്ഷേമം കൈവരിക്കുവാന്‍ നമുക്ക് കഴിയട്ടെ.”
വികസന ചക്രവാളങ്ങള്‍ കീഴടക്കുവാനായിരുന്നു ധനമന്ത്രി മോഹിച്ചത്. അതിന് ഇച്ഛാശക്തി എല്ലാ മേഖലയിലും പ്രകടമാക്കാന്‍ ആഹ്വാനം ചെയ്തു. ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള പോര്‍വിളികളല്ല, ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള അപൂര്‍വമായ ഒരു ഭരണ-പ്രതിപക്ഷ കൂട്ടായ്മ. ഒരുമിച്ച് കരംപിടിച്ചുള്ള മുന്നേറ്റം.
കെ.എം.മാണിയുടെ ഈ സങ്കല്‍പ്പത്തെ കരഘോഷത്തോടെ അംഗീകരിച്ച ഭരണപക്ഷത്തുനിന്നുതന്നെയാണ് കയ്പേറിയ അനുഭവങ്ങള്‍ക്ക് തുടക്കമായത്. അത് പിന്നെ വളര്‍ന്ന് പന്തലിച്ച് ഐക്യമുന്നണി അനൈക്യ മുന്നണിയായി. കരംപിടിച്ചുള്ള മുന്നേറ്റത്തിനുപകരം പരസ്പരം കുതിരകയറുന്ന സ്ഥിതിയായി. എന്നിട്ടും സര്‍ക്കാര്‍ നിലനില്ക്കുന്നുവെങ്കില് അത് പ്രതിപക്ഷത്തിന്റെ ഔദാര്യം കൊണ്ടുമാത്രമാണെന്നേ വിലയിരുത്താനാകൂ. സര്‍ക്കാരിനെ തള്ളിയിടുന്നതിനോ മുഖ്യമന്ത്രിയെ നിലക്കുനിര്ത്തുന്നതിനോ അല്ല പ്രതിപക്ഷത്തിന്റെ ശ്രദ്ധ. വി.എസ്.അച്യുതാനന്ദനെ എങ്ങനെയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കുക എന്നതാണ് അവരുടെ മുഖ്യ അജണ്ട. അതിനുവേണ്ടിയുള്ള പോരാട്ടം മുറുകുമ്പോള്‍ കേരള ഭരണം സ്തംഭിച്ചാലും കടക്കെണിയില്‍പെട്ട് സംസ്ഥാനം നട്ടം തിരിഞ്ഞാലും ആര്‍ക്കെന്ത് ചേതം? തുടര്‍ന്നുകൊണ്ടിരുന്ന ഈ നിസ്സംഗതയാകട്ടെ കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത അവിഹിത, അസംബന്ധ ഇടപാടുകളുടെ കേളീരംഗമാക്കി; മലയാളികള്‍ക്കാകെ നാണക്കേടും. യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടി ഭരണം തുടങ്ങുന്നതിനുമുന്പ് തന്നെയാണ്. പക്ഷേ അത് അന്നത്ര ചര്ച്ചചെയ്യപ്പെട്ടില്ലെന്ന് മാത്രം.
ഒരാള്‍ക്ക് ഒരു പദവി എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നിലപാട്. അത് രമേശ് ചെന്നിത്തലയ്ക്ക് ബാധകമല്ലാതായത് പിന്നീടാണ്. മുഖ്യമന്ത്രിയാകാന്‍ സാധിക്കാതെ വരികയും സര്‍ക്കാരിന്റെ ഭൂരിപക്ഷം നേരിയതാവുകയും ചെയ്തപ്പോഴുള്ളൊരു മുട്ടാപ്പോക്ക് ന്യായം. രണ്ടില്കൂടുതല് അംഗങ്ങളുടെ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാറിനുണ്ടായിരുന്നെങ്കില്‍ ഒരാള്‍ക്കൊരു പദവി എന്ന തീരുമാനം രമേശിനും ബാധകമായേനെ. ഒരു എംഎല്‍എയെക്കാളും മന്ത്രിയെക്കാളും ഉപരിയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമെന്ന് പലപ്പോഴും അവകാശപ്പെടുന്ന രമേശ് മത്സരത്തിനിറങ്ങിയത് വെറുമൊരു എംഎല്‍എയായി സഭയിലിരിക്കാനല്ല. മുഖ്യമന്ത്രി ക്കസേരതന്നെയായിരുന്നു ലക്ഷ്യം. ഒളിഞ്ഞും തെളിഞ്ഞും അതിനായുള്ള ശ്രമങ്ങള്‍ നടത്തി. ദയനീയ പരാജയമായിരുന്നു ഫലം.
മുഖ്യമന്ത്രിയായില്ലെങ്കില്‍ ഒരു ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മന്ത്രിസഭയിലെ രണ്ടാമത്തെ സ്ഥാനമായാലും സ്വീകരിക്കാം. അതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ദല്‍ഹിവരെ നീണ്ടിട്ടും പാണ്ഡവരോട് ദുര്യോധനന് സ്വീകരിച്ച സമീപനം തന്നെയായിരുന്നു കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്. സൂചികുത്താന്‍ ഇടംതരില്ലെന്നപോലെ മന്ത്രിസഭയില്‍ കാലുകുത്താന്‍പോലും അനുവദിക്കില്ലെന്ന നിലപാട് തുടര്‍ന്നാല്‍ തുറന്ന യുദ്ധത്തിനെന്തിന് മടിക്കണം. അതുതന്നെ സംഭവിച്ചു. കൂട്ടായ്മ കവര്‍ച്ചക്കാര്‍ കൂട്ടം പിരിഞ്ഞാലുണ്ടാകുന്ന ഭവിഷത്ത.് അതോടെ സര്‍ക്കാരിന് കാലക്കേടായി. കാലനുപോലും വേണ്ടാത്ത അവസ്ഥയും. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സാന്നിദ്ധ്യം അറിയിക്കുന്നത് വിവാദങ്ങളും പ്രതിപക്ഷവും. മുഖ്യമന്ത്രിയുടെ ജനസമ്പര്ക്കപദ്ധതി ഇപ്പോള്‍ ചര്‍ച്ചയായതുതന്നെ പ്രതിപക്ഷം തടയുമെന്ന പ്രഖ്യാപനം ഒന്നുകൊണ്ട് മാത്രമാണല്ലോ. അണികളും ജനങ്ങളും മറക്കാതിരിക്കാന്‍ രമേശിനുമുണ്ട് ചില പൊടിക്കൈകള്‍.
ചിലര്‍ നായരായി തന്നെ മുദ്രകുത്തുന്നു എന്ന് എന്തിനായിരുന്നു രമേശ് പരിഭവപ്പെട്ടത്. ഇങ്ങനെയൊരു സങ്കടം ഉണ്ടായതെന്തുകൊണ്ടെന്ന് അന്നും ഇന്നും വിശദീകരിക്കപ്പെട്ടിട്ടില്ല. ആരായിരുന്നു മുദ്ര കുത്തിയത്. ആ മുദ്രയായിരുന്നോ മുഖ്യമന്ത്രി സ്ഥാനലബ്ധിക്ക് അയോഗ്യതയായത്. എങ്കിലത് തുറന്നുപറയാന്‍ എന്തിന് രമേശ് ചെന്നിത്തല മടിച്ചു? പതിമൂന്നാം കേരള നിയമസഭയില്‍ സഭാനേതൃസ്ഥാനവും മുഖ്യമന്ത്രികസേരയും ഏതെങ്കിലും സമുദായത്തിന് സംവരണം ചെയ്തതാണോ? ആണെന്നാരും പറഞ്ഞിട്ടില്ലെങ്കിലും നായര്‍ക്കത് വിധിച്ചതല്ലെന്നു തന്നെയാണ് രമേശ് ചെന്നിത്തല നല്കിയ സൂചന. ഏറ്റവും ഒടുവില്‍ അദ്ദേഹം പറയുന്നത് ഞാനൊരു തികഞ്ഞ മതേതര വിശ്വാസിയാണെന്നാണ്. രമേശിന്റെ മതമേതെന്ന് ആരും ചോദിച്ചിട്ടില്ല. മതത്തില്‍ അഭിമാനിക്കുന്നതിനും ആരും തടസ്സവുമല്ല. ഞാന്‍ ഇന്ന മതക്കാരനാണെന്ന് പറയാന്‍ മതേതരവിശ്വാസം തടസ്സമാകുന്നുവോ?
ഞാനൊരു നായരാണെന്നും ഹിന്ദുവാണെന്നും പറഞ്ഞാല്‍ മതേതര വിശ്വാസിയല്ലാതാകുമോ? വിശദീകരിക്കേണ്ടത് ഉമ്മന്‍ചാണ്ടിയല്ല രമേശ് തന്നെയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് കെപിസിസി പ്രസിഡന്റ് തന്നെ തുടക്കമിടുന്നത്. ആരാണ് രമേശിനെ വേട്ടയാടുന്നത്. ആരെയാണ് രമേശ് ഭയപ്പെടുന്നത്?
ഉത്തരം വ്യക്തമാണ്. രണ്ടരക്കൊല്ലത്തെ ഭരണനേട്ടം പറഞ്ഞത് ജനശ്രദ്ധ നേടാന്‍ കഴിയുകയില്ല. മൃദുല വികാരങ്ങള്‍ തൊട്ടുണര്‍ത്തി പിടിച്ചുനില്‍ക്കുകയാണ് ലക്ഷ്യം. എന്തൊക്കെയായിരുന്നു വാഗ്ദാനം. ഒരൊറ്റ വ്യക്തിയുടെ പിന്നാക്കാവസ്ഥപോലും സമൂഹത്തിന്റെയാകെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്ന സാമ്പത്തിക സിദ്ധാന്തം അടിസ്ഥാനമാക്കിയാണല്ലോ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഭരണസംവിധാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ ലക്ഷ്യം എല്ലാ ജനങ്ങളുടെയും ഉന്നതി എന്നതായിരിക്കണമെന്ന കാഴ്ചപ്പാട് ആദ്യ ബജറ്റിന്റെ മുഖമുദ്രയാണെന്നവകാശപ്പെട്ടതാണ് സര്‍ക്കാര്‍. ഒരു വ്യക്തിയുടെപോലും പിന്നാക്കാവസ്ഥ തീര്‍ക്കാനായില്ലെന്ന് മാത്രമല്ല സമൂഹത്തെയാകെ പിന്നോട്ടു നയിക്കുന്ന സമീപനം തുടരുകയും ചെയ്യുന്നു. ഒരുഭാഗത്ത് ചെലവ് ചുരുക്കുന്നതിനെകുറിച്ച് വാചാലരാകുമ്പോള്‍ മുടിയനായ പുത്രന്മാരായി മന്ത്രിമാര്‍ വിലസുന്നത് വിസ്മരിക്കപ്പെടുകയുമാണ്.
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: