കണ്ണൂര്‍: മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് സിപിഎം കണ്ണൂരില്‍ ഏതാനുംദിവസം മുമ്പ് മുസ്ലിം ജനവിഭാഗത്തെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറിന് പിന്നാലെ കുടിയേറ്റ മേഖലകളിലെ ക്രൈസ്തവവോട്ടര്മാരുടെ വോട്ടുബാങ്ക് ലക്ഷ്യമാക്കി കണ്‍വന്‍ഷനുകള്‍ നടത്താന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി സൂചന. ജാതി-മത-വര്‍ഗ സങ്കല്‍പ്പങ്ങള്‍ക്കെതിരാണ് കമ്മ്യൂണിസമെന്ന പ്രഖ്യാപിതനയങ്ങള്‍ക്കു വിരുദ്ധമായി നടക്കുന്ന കണ്‍വന്‍ഷനുകളും സെമിനാറുകളും സിപിഎമ്മിന്റെ മതേതരത്വമെന്ന കപട മുഖംമൂടി വെളിച്ചത്തുകൊണ്ടുവരുന്നു.
ജില്ലയിലെ 16 ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ മുസ്ലിം സാംസ്കാരിക സംഘടനകളും ട്രസ്റ്റുകളും രൂപീകരിച്ചാണ് മുസ്ലിം ന്യൂനപക്ഷത്തെ കയ്യിലെടുക്കാന്‍ സിപിഎം ഏതാനും മാസങ്ങള്‍ക്ക് മുമ്പു ശ്രമമാരംഭിച്ചത്. ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപനമുണ്ടാക്കി ഈ കൂട്ടായ്മയുടെ പേരിലാണെന്ന വ്യാജേന സിപിഎം-ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം നേരിട്ട് മുന്‍കയ്യെടുത്താണ് കഴിഞ്ഞമാസം ‘മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
ഏതാനും മാസങ്ങളായി പാര്‍ട്ടിയുടെ മുസ്ലിം ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ അകലുന്നുവെന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇവരെ പാര്‍ട്ടിയോടടുപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാര്‍ വഴി മുസ്ലിം ജനവിഭാഗത്തെ പാര്ട്ടിയിലേക്കടുപ്പിക്കാനും അതുവഴി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്ന പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ മുസ്ലിം നാമധാരിയായ നേതാവിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു സെമിനാര്‍ നടത്തിയത്. കൂടാതെ സെമിനാറിലുടനീളം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സെമിനാര്‍ നടത്തിയതുവഴി പാര്‍ട്ടിയോടൊപ്പം നില്ക്കുന്ന ജില്ലയിലെ ഭൂരിപക്ഷ സമുദായത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയതായി പാര്‍ട്ടിയിലെ പ്രമുഖരടക്കമുള്ളവര്‍ രഹസ്യമായി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. സെമിനാര്‍ പാര്‍ട്ടിക്ക് വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചില നേതാക്കളുടെയും വിലയിരുത്തലെന്നും സൂചനയുണ്ട്.
പേരാവൂര്‍-ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ മലയോര കുടിയേറ്റ മേഖലയിലെ ക്രൈസ്തവസമൂഹത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ‘മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്താന്‍ പാര്‍ട്ടി തത്ത്വത്തില്‍ തീരുമാനിച്ചത്. പാട്യം ഗവേഷണ കേന്ദ്രത്തിന്റെ ബാനറിലാണ് കണ്‍വന്‍ഷനുകള്‍ നടത്താന്‍ തീരുമാനമെന്നും പറയപ്പെടുന്നു.
മലബാറിലെ കുടിയേറ്റത്തില്‍ ഇടതുപക്ഷത്തിന് വളരെ വലിയ പങ്കുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ക്രൈസ്തവ വിഭാഗങ്ങളെ പാര്ട്ടിയിലേക്കടുപ്പിക്കാനും അതുവഴി, വരുന്ന തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ വോട്ടുകള്‍ തട്ടാനുമുള്ള തന്ത്രമാണ് പുതിയ നീക്കത്തിന് പിന്നില്‍. ആലക്കോട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ സെമിനാറുകള്‍ നടത്താനാണ് നീക്കം. യുഡിഎഫ് വിജയിച്ച ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം ഇതുവഴി മാറ്റാനാകുമെന്ന പ്രതീക്ഷയും പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നതായറിയുന്നു.
മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടി പ്രത്യേക സെമിനാറുകളും കണ്‍വന്‍ഷനുകളും നടത്തി ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോകുന്ന പാര്‍ട്ടി നയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ബഹുഭൂരിപക്ഷം വരുന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. സമൂഹത്തില്‍ ജാതി-മത വര്‍ഗീയതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം നാവിട്ടടിക്കുന്ന നേതാക്കള്‍ ഇത്തരം സെമിനാറുകളിലൂടെയും മറ്റും ജാതി-മത വിഭാഗീയതകള്‍ക്ക് പാര്‍ട്ടിക്കകത്തും സമൂഹത്തിലും ആക്കം കൂട്ടുകയാണെന്ന ആരോപണം പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: