മെല്‍ബണ്‍: വിവാദമായ മങ്കിഗേറ്റ് വിവാദത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ് രംഗത്തെത്തി. ഹര്ഭജന് സിംഗ് ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ആന്‍ഡ്രൂ സിമണ്ട്സിനെ കുരങ്ങനെന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ സച്ചിന് സത്യം മറച്ചുവെച്ച് മൊഴിനല്‍കിയെന്നാണ് പോണ്ടിംഗിന്റെ പുതിയ വാദം. ഇത് സച്ചിനെ ജീവിതകാലം മുഴുവന്‍ പിന്തുടരുമെന്നും പോണ്ടിംഗ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. ‘ദി ക്ലോസ് ഓഫ് പ്ലേ’ എന്ന ഓര്‍മ്മകുറിപ്പിലാണ് പോണ്ടിംഗിന്റെ പരാമര്‍ശം.
അടുത്തമാസം 200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി സച്ചിന് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോണ്ടിംഗ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
ഹര്ഭജന് നല്കിയ അപ്പീലില്‍ എന്തുകൊണ്ട് സച്ചിന് താരത്തിന് അനുകൂലമായി മൊഴി നല്‍കിയെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ സംഭവത്തില്‍ മാച്ച് റഫറി മൈക്ക് പൊക്ടര് ഹര്‍ഭജനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ സച്ചിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും പോണ്ടിംഗ് ചോദിച്ചു. പോണ്ടിംഗിന് പുറമെ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റും മങ്കിഗേറ്റ് വിവാദത്തില്‍ സച്ചിനെതിരെ രംഗത്തെത്തിയിരുന്നു.
2008ല്‍ സിഡ്നിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിലാണ് മങ്കിഗേറ്റ് വിവാദം ഉണ്ടായത്. മത്സരത്തിനിടെ ഹര്ഭജന് ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്സിനെ കുരങ്ങ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്ന പരാതി. സംഭവത്തില്‍ ഹര്‍ഭജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹര്ഭജന് നല്കിയ അപ്പീലിന്മേല് സച്ചിനെ സാക്ഷിയായി വിസ്തരിച്ചിരുന്നു. സച്ചിന്റെ മൊഴിയെ തുടര്‍ന്ന് ഹര്‍ഭജനെ കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: