ന്യൂദല്‍ഹി: ആരുഷി കൊലപാതക കേസിലെ മുഖ്യ പ്രതികള്‍ രാജേഷ്-നുപൂര്‍ തല്‍വാര്‍ ദമ്പതികളാണെന്ന് സിബിഐ. വാദം പൂര്‍ത്തിയാക്കിയ വേളയിലാണ് മകളായ ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേംരാജിനെയും കൊലപ്പെടുത്തിയത് ദമ്പതികളാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
2008 മെയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടുക്കള കത്തിയും ഗോള്‍ഫ് ക്ലബും ഉപയോഗിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയത്. കഴുത്തിനേറ്റ മുറിവ് മൂലം കിടപ്പു മുറിയില്‍ മരിച്ച നിലയിലാണ് ആരുഷിയെ കണ്ടെത്തിയത്.
ആദ്യ സംശയങ്ങള്‍ ചെന്നെത്തിയത് ഹേംരാജിലായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് ദല്‍ഹി നോയിഡയിലെ വീട്ടിലെ ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പുറത്ത് നിന്നുള്ളവരുടെ പങ്കിന് സാധ്യതയില്ലാത്തതിനാല്‍ പതിനാല് വയസ്സുകാരി ആരുഷിയുടെ കൊലപാതകത്തിന് ഉത്തരവാദികള്‍ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
ആരുഷിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാനും തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചുവെന്ന് സിബിഐ ഗാസിയാബാദ് കോടതിയെ അറിയിച്ചു.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഹേംരാജിനെ ടെറസില്‍ കൊണ്ടുപോകുന്ന വഴിയില്‍ ഗോവണിപ്പടികളില്‍ കണ്ടെത്തിയ പാതി തുടച്ച രക്തക്കറകളും വീട്ടില്‍ നിന്നു കണ്ടെത്തിയ മദ്യകുപ്പിയിലെ വിരലടയാളവും കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതിമാര്‍ കുറ്റക്കാരാണെന്നുള്ളതിന് തെളിവായി സിബിഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞാഴ്ച്ച പോളിഗ്രാഫ് നാര്‍ക്കോ അനാലിസിസ്, ബ്രെയ്ന്‍ മാപ്പിംഗ് എന്നീ ടെസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: