ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പടപ്പുറപ്പാട് നടത്തുന്ന അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ് വിവാദമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപ സ്വരൂപിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കേജ്രിവാളിന് ധനസഹായം ഒഴുകിയെത്തുകയാണ്. നോര്‍വേയിലെ അറിയപ്പെടാത്ത പ്രദേശങ്ങളായ സ്വാലിബാര്ഡ്, ജന്മേയന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും വിദേശ ഫണ്ടെത്തുന്നു കഴിഞ്ഞ ഒമ്പത് മാസത്തിനിടയ്ക്ക് ആംആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക സമാഹരണത്തില്‍ കാര്യമായ വിദേശസഹായം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാര്യമായ ധനസഹായം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ആകെ സഹായത്തിന്റെ 70 ശതമാനവും രാജ്യത്ത് നിന്നുതന്നെയാണെന്നുമാണ് ആം ആദ്മി വക്താക്കള്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പണമനോഭാവത്തോടുകൂടിയ പ്രവര്‍ത്തകരും അനുയായികളും സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ഹോങ്കോങ്ങിലെ അറുപതോളം പേരുമായി കഴിഞ്ഞമാസം അരവിന്ദ് കേജ്രിവാള് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം വിവിധ ദാതാക്കളില്‍ നിന്ന് അമ്പത് ലക്ഷം രൂപ ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു.
തെരഞ്ഞെടുപ്പിനായി 20 കോടി ലക്ഷ്യമിട്ട പാര്‍ട്ടി സപ്തംബര്‍ അവസാനം വരെ മാത്രം 12 കോടിയോളം രൂപ ശേഖരിച്ചു. ഇതില്‍ 6.2 കോടി രൂപ രാജ്യത്ത് നിന്നും ബാക്കി അമേരിക്ക, ഹോങ്കോംഗ്, കാനഡ, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി അനുയായികളില്‍ നിന്നുമാണ്. ഓരോ ദിവസവും പത്ത് ലക്ഷം രൂപയോളം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ 20 കോടി രൂപ കണ്ടെത്താന്‍ കഴിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പാര്‍ട്ടി തങ്ങളുടെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുന്നുണ്ട്. പണം നല്കിയ 56,000 പേരുടെ പേരുവിവരങ്ങള്‍ കഴിഞ്ഞ ആഴ്ച പാര്‍ട്ടി സൈറ്റില്‍ വെളിപ്പെടുത്തി. ഇതില്‍ അയ്യായിരത്തിലേറെപ്പേര്‍ മാത്രമാണ് വിദേശത്തുള്ളത്. രാജ്യത്ത് നിന്ന് രണ്ടായിരം മുതല്‍ പതിനായിരം രൂപവരെ മാത്രം പണം ലഭിക്കുന്ന സാഹചര്യത്തില്‍ വന്‍തുക ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: