സാന്റിയാഗോ: ഇക്വഡോറിനെ കീഴടക്കി ചിലി അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി. പരാജയപ്പെട്ടെങ്കിലും ഇക്വഡോറും ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കി. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നും നാലും സ്ഥാനക്കാരായാണ് ചിലിയും ഇക്വഡോറും ബ്രസീലിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചിലി ഇക്വഡോറിന് മേല്‍ വിജയം കരസ്ഥമാക്കിയത്. ചിലിക്ക് വേണ്ടി 35-ാം മിനിറ്റില്‍ അലക്സി സാഞ്ചസും 38-ാം മിനിറ്റില്‍ ഗ്രെ മെഡലും ഗോളുകള്‍ നേടിയപ്പോള്‍ ഇക്വഡോറിന്റെ ആശ്വാസഗോള്‍ നേടിയത് 66-ാം മിനിറ്റില്‍ ഫിലിപ്പെ കാസിഡേയോയാണ്.
മറ്റൊരു മത്സരത്തില്‍ നേരത്തെ തന്നെ യോഗ്യത നേടിയ അര്‍ജന്റീനയെ സൂപ്പര്‍ താരം മെസ്സിയുടെ അഭാവത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെ പ്ലേ ഓഫിന് യോഗ്യത നേടി. ഇക്വഡോറിനും ഉറുഗ്വെക്കും 25 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ഇക്വഡോര്‍ നേരിട്ട് യോഗ്യത നേടിയത്.
ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവീഡിയോയില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം ലൂയി സുവാരസും 50-ാം മിനിറ്റില്‍ എഡിസണ് കവാനിയും ഉറുഗ്വെക്കായി ഗോളുകള്‍ നേടി. അര്‍ജന്റീനയുടെ രണ്ട് ഗോളുകളും മാക്സി റോഡ്രിഗസാണ് നേടിയത്. 15, 41 മിനിറ്റുകളിലായിരുന്നു റോഡ്രിഗസ് ഗോളുകള്‍ നേടിയത്. 16 യോഗ്യതാ മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയുടെ രണ്ടാം തോല്‍വിയാണിത്.
മറ്റ് അപ്രധാനങ്ങളായ മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാഗ്വെയെ പരാജയപ്പെടുത്തിയപ്പോള്‍ പെറു-ബൊളീവിയ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: