ലണ്ടന്‍: ലിത്വാനിയയെ പരാജയപ്പെടുത്തി ഫുട്ബോള്‍ മാമാങ്കത്തിന് യോഗ്യത നേടിയ ബോസ്നിയയ്ക്ക് ചരിത്രം നിമിഷം. മത്സരത്തിന്റെ രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന സൂപ്പര്‍ താരം എഡിന് സീക്കോ ലിത്വാനിയന്‍ പ്രതിരോധത്തെ കീറിമുറിച്ച് നല്കിയ പാസില്‍ നിന്ന് വെദാദ് ഇബിസെവിച്ചാണ് ബോസ്നിയയ്ക്കായി സ്കോര്‍ ചെയ്തത്.
ഫലമോ 1-0ന് ബോസ്നിയ മുന്നില്‍. പിന്നീട് മത്സരം അവസാനിക്കുന്നത് വരെ ഒരു ഗോള്‍ പോലും തിരിച്ചുവാങ്ങാതെ സ്വന്തം പകുതി കാത്ത ബോസ്നിയ ബ്രസീലില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് വാങ്ങുകയായിരുന്നു. 1995 നവംബര്‍ 30ല്‍ അര്ബേനിയക്കെതിരെ കടംവാങ്ങിയ ഷൂസുമായി കളിക്കാനിറങ്ങിയ ടീമിന് 17 വര്‍ഷത്തിനും 11 മാസത്തിനുമൊടുവില് ചരിത്ര നിമിഷം. ഇന്നലെ നടന്ന അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം റഷ്യയും ബോസ്നിയയെ കൂടാതെ ഹര്സഗോവിനയും ഇംഗ്ലണ്ടും സ്പെയിനും ചിലിയും ഇക്വഡോറും ഹോണ്ടുറാസും ബ്രസീല്‍ ടിക്കറ്റുറപ്പിച്ചു.
ആതിഥേയരെന്ന നിലയില്‍ ബ്രസീലും മറ്റ് 13 രാജ്യങ്ങളും നേരത്തേ തന്നെ യോഗ്യത സ്വന്തമാക്കിയിരുന്നു. ഇതോടെ യോഗ്യത നേടിയ രാജ്യങ്ങളുടെയെണ്ണം 21 ആയി. ആകെ 32 രാജ്യങ്ങള്‍ക്കാണ് യോഗ്യത.
ആഫ്രിക്കയില്‍ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടം നടക്കുന്നു. നവംബര്‍ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന രണ്ടാം പാദ മത്സരഫലം കൂടി വരുന്നതോടെ അവിടെ നിന്ന് യോഗ്യത നേടുന്ന അഞ്ച് ടീമുകളും ആരൊക്കെയെന്ന് വ്യക്തമാകും. ശേഷിച്ച ആറ് സ്ഥാനങ്ങളില്‍ നാലെണ്ണം യൂറോപ്പിലെ പ്ലേ ഓഫ് വിജയികള്‍ക്കും രണ്ടെണ്ണം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് വിജയികള്‍ക്കും. ഈ രണ്ട് പ്ലേ ഓഫുകളും നവംബര്‍ ഇരുപതോടെ അവസാനിക്കും. ലോകകപ്പില്‍ ആരൊക്കെ പന്തുതട്ടാനുണ്ടാകുമെന്ന് അന്നത്തോടെ വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: