പണം, അധികാരം എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൈകാര്യം ചെയ്യുന്നവനെയും സമൂഹത്തെയും ദുഷിപ്പിക്കും. കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന വെല്ലുവിളി ഇത്തരം അപചയങ്ങളുടേതാണ്. കേന്ദ്ര-സംസ്ഥാന ഭരണത്തിലെല്ലാം അഴിമതിയും അധികാര ദുര്‍വിനിയോഗവും ആ പാര്‍ട്ടിയെ വേട്ടയാടുന്നു.
സുപ്രീം കോടതി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോഴാണ് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ ബോധോദയം ഉണ്ടായത്.
ഇക്കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തില്‍ യുവരാജാവും കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഒരു സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന്. ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഇതോടെ സിറ്റിംഗ് എംഎല്‍എ മാരില്‍ പലര്‍ക്കും സീറ്റ് ലഭിക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍.
മാധ്യമ ശ്രദ്ധയ്ക്കു വേണ്ടി രാഹുല്‍ നടത്തുന്ന ചെപ്പടിവിദ്യകളായേ പ്രവര്‍ത്തക സമിതി തീരുമാനത്തെ നേതാക്കള്‍ കണ്ടിരുന്നുള്ളൂ. പ്രഖ്യാപനങ്ങള്‍ക്കപ്പുറം പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത രാഹുലിന്റെ ഭാഗത്ത് നിന്നും മുന്‍പ് കാണാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കയ്യടി നേടാന്‍ വേണ്ടി പറഞ്ഞ അഭിപ്രായങ്ങള്‍ മാത്രമായാണ് പ്രാദേശിക നേതാക്കള്‍ ഇതിനെ കണ്ടത്. എന്നാല്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാണ് നീങ്ങുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും പിസിസി നല്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഹൈക്കമാന്റ് തിരിച്ചയച്ചിരിക്കുകയാണ്. അതിനോടൊപ്പം പുതുതായി പരിഗണിക്കാന്‍ രാഹുല്‍ ബ്രിഗേഡില്‍ നിന്നുള്ളവരുടെ ലിസ്റ്റും ഹൈക്കമാന്റ് പിസിസികള്‍ക്ക് കൈമാറിയിരിക്കുന്നു.
രാഹുല്‍ ഗാന്ധി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. തന്റെ ആജ്ഞാനുവര്‍ത്തികളും പാര്‍ശ്വ വര്‍ത്തികളും ആയവര്‍ക്ക് സീറ്റുകള്‍ നല്‍കണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസിലെ യുവരാജാവ്. ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ പിസിസികളുടെ ലിസ്റ്റ് അംഗീകരിക്കാതിരുന്ന രാഹുലും ഹൈക്കമാന്റും നല്‍കിയിട്ടുള്ള ലിസ്റ്റില്‍ വന്‍ അഴിമതിക്കാരും കൊലക്കേസ് പ്രതികളും വരെ ഉള്‍പ്പെട്ടിട്ടുള്ളതാണ് കൗതുകകരം. ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് ജയസാധ്യത മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നാണ്. ഹൈക്കമാന്റിന്റെ ഇടപെടല്‍ മൂലം സീറ്റ് നിഷേധിക്കപ്പെടുന്നവര്‍ പാര്‍ട്ടിക്കെതിരെ കലാപത്തിന് വട്ടം കൂട്ടുകയാണ്.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ ഹൈക്കമാന്റ് ഇടപെടല്‍ മൂലം ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. 1600ലേറെ അപേക്ഷകളാണ് പിസിസിക്ക് സ്ഥാനാര്‍ത്ഥിത്വ മോഹികളില്‍ നിന്നും ലഭിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകന് ഷക്കീല്‍ അഹമ്മദ്, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഡിപിസിസി പ്രസിഡന്റ് ജെ.പി.അഗര്‍വാള്‍ എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല ഉണ്ടായിരുന്നത്. ഒക്ടോബര്‍ 17നകം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി ലിസ്റ്റ് ഹൈക്കമാന്റിന് കൈമാറാന്‍ ആയിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ഇവര്‍ കഴിഞ്ഞ ദിവസം കൈമാറിയ ലിസ്റ്റ് എഐസിസിയുടെ സ്ക്രീനിംഗ് കമ്മിറ്റി നിരാകരിച്ചു. ദീക്ഷിത് മന്ത്രി സഭയിലെ അംഗങ്ങളായ കിരണ്‍ വാലിയ, രമാകാന്ത് ഗോസ്വാമി, സിറ്റിംഗ് എംഎല്‍എ മാരായ ദയാനന്ദ് ചന്ദേല, തര്‍വീന്ദര്‍ സിംഗ് മാര്‍വ, ദേവീന്ദര്‍ യാദവ്, ആസിഫ് മുഹമ്മദ് എന്നിവര്‍ക്ക് ഇക്കുറി സീറ്റ് നല്‍കാനാവില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണ് ഇവരെന്നും ജയസാധ്യത കുറവാണെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ എല്ലാവരും രണ്ടിലേറെ തവണ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നതാണ് വസ്തുത. രാഹുല്‍ ഗാന്ധിയുടെ അനുചരന്മാര്ക്ക് സീറ്റ് നല്‍കുന്നതിനാണ് തങ്ങളെ തഴയുന്നതെന്നാണ് അവഗണിക്കപ്പെടുന്നവരുടെ പരാതി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. നാരായണ സ്വാമിയുടെ അദ്ധ്യക്ഷതയിലാണ് എഐസിസി സ്ക്രീനിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കും പിന്നീട് സോണിയയ്ക്കും രാഹുലിനും സമര്‍പ്പിക്കണം. കമ്മിറ്റികള്‍ ഒരുപാടുണ്ടെങ്കിലും അന്തിമ തീരുമാനം ആരുടേതെന്ന് വ്യക്തം.
ആദ്യ ലിസ്റ്റ് നിരാകരിക്കപ്പെട്ടതോടെ 1600 അപേക്ഷകളും കേന്ദ്ര സമിതിക്ക് കൈമാറാനാണ് പിസിസി നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യരായവരെ ഇനി കേന്ദ്രം തീരുമാനിക്കട്ടെ എന്നാണ് പിസിസി കരുതുന്നത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങിയാല്‍ ദല്‍ഹിയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ നാല്‍പ്പത് ശതമാനത്തിലേറെ പേര്‍ക്കും സീറ്റ് ലഭിക്കില്ല. കയ്യടി നേടാനായി മാത്രമാണ് രാഹുലിന്റെ അഭിപ്രായ പ്രകടനമെങ്കില്‍ ഇവരില്‍ പലരും സ്ഥാനാര്‍ത്ഥികളായി വീണ്ടും ജനവിധി തേടും. നിയോജക മണ്ഡലത്തില്‍ ഒരു പ്രവര്‍ത്തന പരിചയവുമില്ലാത്ത യൂത്ത് കോണ്‍ഗ്രസുകാരെ രംഗത്തിറക്കി രാഹുല്‍ നടത്തുന്ന പരീക്ഷണം ഇതിനു മുന്‍പ് പലവട്ടം പരാജയപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചാലക്കുടി മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ഒഴിവാക്കി രാഹുല്‍ നടത്തിയ പരീക്ഷണം പാളിപ്പോയത് ഒരു ഉദാഹരണം മാത്രം.
ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ രാഹുല്‍ നടത്തുന്ന പരാക്രമങ്ങള്‍ക്കു പിന്നില്‍ എന്താണ് എന്നത് ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. കുറച്ചു പേരെ മാത്രം ഒഴിവാക്കി അവിടെ തന്റെ അനുചരന്മാരെ തിരുകി കയറ്റുകയാണോ ചെയ്യുക അല്ലെങ്കില്‍ നാല്പതു ശതമാനത്തിലേറെ വരുന്ന ക്രിമിനല്‍ എംഎല്‍എമാരെ പൂര്‍ണമായും ഒഴിവാക്കാനുള്ള് ഇച്ഛാശക്തി രാഹുല്‍ കാണിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. രണ്ടായാലും പാര്‍ട്ടിക്കുള്ളില്‍ കലാപം ഉറപ്പാണ്.
ദല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ തന്നെ മുന്‍ നിര്‍ത്തി പോരാടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതു തന്നെ ഈ ക്രിമിനല്‍ മുഖം മറച്ചുവെയ്ക്കാനാണ്.
രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ് ഇതിനകം ഷീലാ ദീക്ഷിത് സ്വന്തമാക്കിയിട്ടുണ്ട്. നാലാം വട്ടവും ദല്‍ഹിയില്‍ കോണ്‍ഗ്രസ് എന്തെങ്കിലും നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് ഷീലാ ദീക്ഷിതിന്റെ വ്യക്തിപരമായ നേട്ടം മാത്രമായിരിക്കും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: