ലക്നൗ: മുസാഫര്‍ നഗര്‍ കലാപാനന്തര യുപിയില്‍ ബിജെപിയിലേക്ക് വന്‍ ഒഴുക്ക്. പടിഞ്ഞാറന്‍ യുപിയില്‍ എസ്പി, ബിഎസ്പി, രാഷ്ട്രീയ ലോക് ദള്‍ എന്നീ പാര്‍ട്ടികളില്‍ നിന്ന് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ച് ബിജെപിയില്‍ ചേരുന്നത് തുടരുകയാണ്. ആര്‍എല്‍ഡി നേതാവ് ചൗധരി ബാബുലല് കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ നടന്ന ചടങ്ങില്‍ അണികളോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. മുലായം സര്‍ക്കാറില്‍ മന്ത്രിയായിരുന്നു അദ്ദേഹം.
പടിഞ്ഞാറന്‍ യുപിയിലെ പ്രമുഖ ജാട്ട് നേതാവ് കൂടിയാണ് ചൗധരി ബാബുലാല്‍. കലാപത്തിന് ശേഷം ജാട്ട് സമൂഹം ബിജെപി ആഭിമുഖ്യം കൂടുതലായി പ്രകടിപ്പിക്കുന്നുണ്ട്.
മാത്തുറയില് ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായി ബാബുലാല്‍ മത്സരിച്ചേക്കും. ചപ്രോളി മുന്‍ എംഎല്‍എ ആര്‍എല്‍ഡിയിലെ ചൗധരി ഗജേന്ദ്ര മുന്ന, ബഗ്പെട്ട് ജില്ലാ പഞ്ചായത്തംഗം ജഗ്പാല്‍ സിംഗ് എന്നിവരും പ്രാദേശിക നേതാവായ ദേവേന്ദ്ര പവാറും വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി പടിഞ്ഞാറന്‍ യുപി മേഖലാ പ്രസിഡന്റും ബിജനോര്‍ മുന്‍ എംപിയുമായ മുന്‍ഷി റാം പാല് കഴിഞ്ഞ ഒക്ടോബര്‍ ആറിന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.ബിഎസ്പി മുന്‍ എംഎല്‍എ ഓംവദി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം ബിജെപി അംഗത്വം എടുത്തിരുന്നു.
ബിജനോറില്‍ നിന്നും മുന്‍പ് പാര്‍ലമെന്റിലേക്ക് എസ്പി ടിക്കറ്റില്‍ നിന്നു വിജയിച്ചിട്ടുണ്ട് ഓംവദി. ബാഗ്പട്ട് സിറ്റിംഗ് എംപി എസ്പിയിലെ സോംപാല്‍ ശാസ്ത്രി ഇക്കുറി എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ കൗണ്‍സില്‍ അംഗമായ ബിഎസ്പി നേതാവ് രാമചന്ദ്ര സിംഗ് പ്രധാന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷായുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹവും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മി കാന്ത് വാജ്പേയ് തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും പറയുന്നു.ഉന്നാവൂവില് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഗംഗാ ബക്ഷ് സിംഗും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. അതിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിട്ടുള്ള സങ്കല്പ്പയാത്രയെ യുപി സര്‍ക്കാര്‍ നിരോധിച്ചു. ഒക്ടോബര്‍ 18നാണ് സങ്കല്പ്പ യാത്ര നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യയാണ് യാത്രയുടെ പ്രധാന കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: