പുത്രജയ: മുസ്ലീം മതവിശ്വാസികളല്ലാത്തവര്‍ അള്ളാഹു എന്ന വാക്ക് ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ മലേഷ്യന്‍ കോടതി ശരിവച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം സാധാരണ ജനങ്ങളുടെ അവകാശത്തിന്മേലുള്ള നിഷേധമാണെന്ന് കാണിച്ച് ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതിവിധി.
ദൈവം എന്ന അര്‍ത്ഥം വരുന്ന അറബി വാക്കാണ് അള്ളാഹു. മലേഷ്യയില്‍ എല്ലാ മതക്കാരും ദൈവമെന്ന അര്‍ത്ഥം വരുന്ന അള്ളാഹു എന്ന വാക്കാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതിനെതിരെ വര്‍ഷങ്ങളായി മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു. അള്ളാഹു എന്ന വാക്ക് ഉപയോഗിച്ച് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതായി മുസ്ലീം നേതാക്കന്മാര് ആരോപിച്ചിരുന്നു. ഇതിനിടെയാണ് മലേഷ്യന്‍ സര്‍ക്കാര്‍ അള്ളാഹു എന്ന പദം മുസ്ലീങ്ങളുടെ മാത്രമാണെന്ന നിയമം കൊണ്ടുവന്നത്.
മലേഷ്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഹിന്ദുകളും സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തെ എതിര്‍ത്തു. എന്നാല്‍ തിങ്കളാഴ്ച്ചയുണ്ടായ കോടതി വിധി സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചുകൊണ്ടായിരുന്നു.
ക്രിസ്ത്യന്‍ ഗ്രന്ഥമായ ബൈബിളിലും ആരാധനാ ഗാനങ്ങളിലും സംഭാഷണങ്ങളിലും അടുത്തകാലത്തായി അള്ളാഹു എന്ന പദം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ജസ്റ്റിസ് മുഹമ്മദ് അപാഡി അലിയുടെ നേതൃത്വത്തിലുള്ള മൂന്ന് പേരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദൈവത്തിനു മറ്റൊരു വാക്ക് ക്രിസ്ത്യന്‍ സമുദായം കണ്ടെത്തണമെന്നും അവരുടെ വിശ്വാസികളെ അത് പറയാന്‍ ശീലിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിക്കെതിരെ ഉയര്‍ന്നകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കത്തോലിക്കന് സഭ.
ഈ വിധിയോടെ ക്രിസ്ത്യന്‍ സമുദായത്തിന് വന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ രാജ്യത്തെ ജനങ്ങള്‍ ദൈവം എന്നതിന് അള്ളാഹു എന്നാണ് പറഞ്ഞ് ശീലിച്ചത്. ഇത് പെട്ടെന്ന് മാറ്റുകയെന്നത് സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. കോടിക്കണക്കിനുള്ള ബൈബിള്‍ പോലെയുള്ള പുസ്തകങ്ങളില്‍ അള്ളാഹു എന്ന പരാമര്‍ശം മാറ്റുകയെന്നത് ക്രിസ്ത്യന്‍ സഭകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
പ്രസംഗങ്ങളിലോ പ്രഭാഷണങ്ങളിലോ അള്ളാ എന്ന വാക്ക് ഉച്ചരിക്കേണ്ടി വന്നാല്‍ നിയമ ലംഘനമാകുകയും ചെയ്യും. ഏതായാലും മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയില്‍ ക്രിസ്ത്യന്‍ സഭയുടെ മതപരിവര്‍ത്തന നിലപാടിനെ പിന്നോട്ട് വലിക്കുമെന്നത് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: