കൊല്ലം: കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി സമൂഹം നടത്തുന്ന ഭൂസമരത്തിന് പട്ടികജാതിമോര്‍ച്ച സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരിപ്പയിലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചത്.
അരിപ്പയില്‍ സമരം ചെയ്യുന്ന ആയിരത്തിഅഞ്ഞൂറോളം വരുന്ന പട്ടിക ജാതി ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാന്‍ പത്ത് സെന്റും കൃഷി ചെയ്യാന്‍ ഒരേക്കറും ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഷാജുമോന്‍ ആവശ്യപ്പെട്ടു. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും 1975ലെ വനാവകാശനിയമപ്രകാരം ഭൂമി നല്‍കണം. ആറായിരം ഹെക്ടര്‍ ഭൂമി ഹാരിസണ്‍ കൈയടക്കിവെച്ചിരിക്കുകയാണ്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം. ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 19600 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ കൈയേറി വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കാനുള്ള നിയമത്തെ അട്ടിമറിച്ച് സംഘടിത കുടിയോറ്റക്കാര്ക്ക് അനുകൂലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷാജുമോന്‍ വട്ടേക്കാട് ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ നൂര്‍ദിന കര്‍മ്മപരിപാടിയില്‍ ആയിരം ആദിവാസികുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന പ്രഖ്യപനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ചെങ്ങറയില്‍ സമരം ചെയ്ത 1495 കുടുംബങ്ങള്‍ക്ക് വ്യാജപട്ടയം നല്കി വഞ്ചിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇവര്‍ക്ക് നല്കിയ ഭൂമി കരിമ്പാറക്കൂട്ടങ്ങളാണ്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ പട്ടികജാതി, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ മറവില്‍ മൂന്ന്സെന്റ് ഭൂമി നല്കി കോളനിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കത്തെ പട്ടികജാതി മോര്‍ച്ച ശക്തമായി എതിര്‍ക്കും. വികസനത്തിന്റെ പേരില്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി ദുര്‍ബല ജനവിഭാഗങ്ങളുടെ ദുരിതപൂര്‍ണ ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമി, വീട്, വിദ്യാഭ്യാസം തൊഴില്‍ എന്നീ അവകാശങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അരിപ്പയിലെ സമരഭടന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സി.എ. പുരുഷോത്തമന്, സെക്രട്ടറിമാരായ കെ. സന്തോഷ്കുമാര്‍, രേണുസുരേഷ്, കെ. അശോക് കുമാര്‍, ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയച്ചന്ദ്രന്, നേതാക്കളായ വി. വാസുദേവന്‍, വടമണ്‍ ബിജു, ബാനര്‍ജി, ഏരൂര്‍ സുധി, സമരസമിതി നേതാക്കളായ അബ്ദുള്‍ സലാം, രതീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: