ഈ ചിത്രം മൊഗ്രാല്‍പുത്തൂരിന്റെ ദുരന്തത്തിന്റെ ആകെതുകയാണ്. റെയ്ഹാനയെന്നാണ് ഇവളുടെ പേര്. ഏരിയാലിലെ അബ്ദുള്‍റഹ്മാന്‍ – റുഖിയ ദമ്പതികളുടെ ഏക മകള്‍. റുഖിയയുടെ കയ്യിലിരിക്കുന്ന റെയ്ഹാനക്ക് വയസ്സ് 21 ആണ്. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ.? ഭരണവര്‍ഗ്ഗങ്ങള്‍ മൂടിയൊളിപ്പിക്കുന്ന മൊഗ്രാല്‍പുത്തൂരിന്റെ ദുരിതം പോലെ സത്യമാണിത്.
വെളിച്ചമെന്നാണ് റെയ്ഹാനയെന്ന പദത്തിനര്‍ത്ഥം. കാത്തിരുന്നുണ്ടായ കണ്മണിക്ക് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ജീവിതത്തിന്റെ ഇരുളിലാണ് ഇവരിപ്പോള്‍. ചികിത്സയ്ക്കായി കിടപ്പാടം വിറ്റ് വാടക മുറിയില്‍ താമസം. കിടക്കപ്പായ വിട്ട് എഴുന്നേല്ക്കാന് കഴിയാത്ത മകള്‍ക്ക് കൂട്ടായി ക്വാര്‍ട്ടേഴ്സിലെ നിറം മങ്ങിയ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തീര്‍ക്കുന്നു. പ്രോട്ടീന്‍ പൗഡര്‍ മാത്രമാണ് റെയ്ഹാനയുടെ ഭക്ഷണം. ഇതിന് മാസം 5000 രൂപയോളം വേണം. വാടകയും മറ്റ് ജീവിതച്ചെലവുകളും വേറെ. നിത്യ ജീവിതം പോലും അസാധ്യമായ ഘട്ടത്തില്‍ ചികിത്സ തുടരുന്നതെങ്ങനെ? ജീവിതത്തില്‍ വെളിച്ചമാകേണ്ട മകള്‍ക്ക് രാത്രിയിലും വിളക്കണയ്ക്കാതെ കൂട്ടിരിക്കുകയാണ് റുഖിയ.
റെയ്ഹാന മാത്രമല്ല…
രണ്ട് ആണ്‍കുട്ടികളാണ് കമ്പാറിലെ അബ്ദുള്ള-സുഹറ ദമ്പതികള്‍ക്ക്. 23 കാരന് മുനീറും 19 കാരന് സാദിഖും. കുടുംബത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരേണ്ട ഇവരുടെ ആധി ഇരുട്ടു മൂടിയ വാടക ക്വാര്‍ട്ടേഴ്സിനും മറയ്ക്കാനാകുന്നില്ല. മാനസിക വൈകല്യം ബാധിച്ച രണ്ട് പേരും നിരത്തുകളിലും പീടികത്തിണ്ണയിലും അലഞ്ഞു തിരിയുന്നത് പതിവു കാഴ്ച. ഇതിനിടയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതു പോലും അറിയാറില്ല. മരത്തിനു മുകളില്‍ നിന്ന് വീണ് എറെനാള്‍ ചികിത്സയിലായിരുന്നു അബ്ദുള്ള. കഠിനാദ്ധ്വാനം ചെയ്യാന്‍ ശരീരം അനുവദിക്കുന്നില്ല.
ഇരുപത്താറ് വയസ്സായ ആസിയാബാനുവിന് എഴുന്നേറ്റ് നടക്കാനാകുമെന്ന നേരിയ പ്രതീക്ഷ ഡോക്ടര്‍മാര്‍ നല്കുന്നു. രണ്ട് ലക്ഷം മുടക്കി ശസ്ത്രക്രിയ നടത്തണം. വികലാംഗയായ ഉമ്മക്കും രണ്ട് സഹോദരിമാര്‍ക്കും താങ്ങാനാവുന്നതല്ല ഈ തുക. നിത്യച്ചെലവിനുപോലും ബന്ധുക്കളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ രണ്ട് ലക്ഷമെന്നത് അവസാന പ്രതീക്ഷയെയും തല്ലിക്കെടുത്തുന്നു.
ഒരു വയസുമാത്രമുള്ള സുമയ്യയെ കാണുമ്പോള്‍ ഹൃദയഭാഗത്ത് തുന്നിച്ചേര്‍ത്തതിന്റെ അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ടായിരുന്നു. എതാനും മാസം മുമ്പായിരുന്നു ശസ്ത്രക്രിയ. മരുന്ന് മുടക്കിയിട്ടില്ല. കട്ടിലിന്റെ നാലതിരുകളിലാണ് കോട്ടവളപ്പിലെ നാരായണന്റെ ജീവിതം. 30 കഴിഞ്ഞ നാരായണന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുന്നത് എല്ലുപൊടിയുന്ന വേദനയോടെയാണ്. അച്ഛനെ നഷ്ടപ്പെട്ട നാരായണന് ക്ഷയരോഗിയായ അമ്മയാണ് കൂട്ട്. “കലക്ടര്‍ക്കൊക്കെ എഴുതിയിട്ടുണ്ട്, എന്തെങ്കിലും സഹായം കിട്ടുമായിരിക്കും അല്ലേ?” ഇറങ്ങുമ്പോള്‍ അമ്മ യശോധ ചോദിച്ചു.
അബ്ദുള്ളയുടേയും നബീസയുടേയും നാല് മക്കളും രോഗം ബാധിച്ചവരാണ്. തിരിച്ചറിവിന്റെ കാലമെത്തിയെങ്കിലും മക്കള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് കൂടി അമ്മയുടെ സഹായം വേണം. ഗണേഷ് ആചാരിയുടേയും ശാന്തകുമാരിയുടേയും മക്കളായ രേവതിക്കും ഉണ്ണികൃഷ്ണനും ബുദ്ധി വികസിച്ചിട്ടില്ല. പട്ടികജാതി കോളനിയിലെ 16 കഴിഞ്ഞ ബബിത ഏതൊരമ്മയുടേയും നെഞ്ചിലെ തീയാണ്. ശാരീരിക, മാനസിക വൈകല്യങ്ങളുടെ അടിമയാണ് ശിവാനന്ദ പണ്ഡിറ്റിന്റേയും ഹൈമയുടേയും മകള്‍ കൃഷ്ണകൃപ. അരണഗുഡ്ഡെയിലെ രാജേശ്വരിക്കും പൂക്കരയിലെ പ്രശാന്ത് കുമാറിനും ആശ്രയം അമ്മ തന്നെ. കിടക്കയില്‍പ്പിടയുന്ന വിഷ്ണുവിനു വേണ്ടിയാണ് കോട്ടവളപ്പിലെ സാവിത്രിയുടെയും മിത്രന്റെയും ജീവിതം.
പൂട്ടിയിട്ട മുറിയിലെ കട്ടിലിനടിയിലായിരുന്നു ബദറുദ്ദീന്‍.പുറത്തിറങ്ങിയാല്‍ അക്രമം തുടങ്ങും. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചു വരില്ല. അയല്‍വീടുകളിലും പ്രശ്നമായതോടെ പൂട്ടിയിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി.മരുന്ന് കഴിക്കുമ്പോള്‍ ആസ്മയുള്ളതിനാല്‍ ചികിത്സയും നിര്‍ത്തിയിരിക്കുകയാണ്. സഹോദരന് ഫാറൂഖിനും മാനസിക പ്രശ്നമുണ്ടെങ്കിലും മുറിയില്‍ അടക്കേണ്ടി വന്നിട്ടില്ലെന്നത് ആശ്വാസം.
കോട്ടവളപ്പിലെ ഇന്ദുലേഖയുടേയും ഗണേഷ് വെളിച്ചപ്പാടിന്റേയും മകന് ശ്രീതിന്‍ രാജ്, മീത്തലെ ബെള്ളൂരിലെ കലന്തര്‍ ഷഹീം, ബാഹ്യ ജീവിതങ്ങളോട് 18 വര്‍ഷമായി കലഹിച്ചു കൊണ്ടിരിക്കുന്ന കൃഷ്ണകൃപ, കല്ലങ്കൈയിലെ വിനയകുമാര്‍… പേരുകള്‍ പെറുക്കിയെടുത്താല്‍ ഒരുപക്ഷേ പേജുകള്‍ തികയാതെ വരും. മൊഗ്രാല്‍പുത്തൂരിനു നേരെ മുഖം തിരിക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുന്നതും ഇതായിരിക്കുമോ.
മൊഗ്രാല്‍പുത്തൂരിലെ ദുരിതബാധിതര്‍ക്ക് മറ്റൊരു കാര്യത്തിലും സമാനതയുണ്ട്. രോഗം കൂടപ്പിറപ്പായ ഇവര്‍ക്ക് ദാരിദ്ര്യവും കൂടപ്പിറപ്പാണ്. സാമ്പത്തിക ചുറ്റുപാടില്‍ നിന്നും ദാരിദ്രത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവര്‍ ഏറെയുണ്ട്. ചികിത്സയ്ക്കായി കിടപ്പാടം വിറ്റ് വാടക ക്വാര്‍ട്ടേഴ്സുകളിലെ കുടുസ്സുമുറികളില്‍ അഭയം തേടിയവര്‍. അഞ്ഞൂറുപേര്‍ രോഗികളായുള്ള ഈ പഞ്ചായത്തില്‍ ചികിത്സയ്ക്കായി ആകെയുള്ളത് പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. ജില്ലയില്‍ വിദഗ്ദ്ധചികിത്സയ്ക്ക് സംവിധാനവുമില്ല. മെഡിക്കല്‍ കോളേജ് വരുമെന്ന പ്രഖ്യാപനത്തിനപ്പുറം ഒന്നുമുണ്ടായില്ല. മക്കള്‍ ചിരിക്കുന്നതും എഴുന്നേറ്റ് നടക്കുന്നതും സ്വപ്നം കണ്ട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഇപ്പോള്‍ വാടക ക്വാര്‍ട്ടേഴ്സിലായവര്‍.
മാതാപിതാക്കള്‍ക്ക് ദുരിതബാധിതരെ വീടുകളിലാക്കി ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. തങ്ങളെ പരിചരിക്കേണ്ടവരെ മാതാപിതാക്കള്‍ പരിചരിക്കുന്നു. സദാസമയവും ദുരിതബാധിതരുടെ കൂടെയിരിക്കേണ്ട അമ്മമാര്‍ക്ക് സാമൂഹികാഘോഷങ്ങളും പൊതു ഇടങ്ങളും നഷ്ടമാവുകയാണ്. ഇത്രയും അറിയപ്പെട്ടവരുടെ കഥകള്‍. പുറത്തറിയാത്ത ദുരിതജീവിതങ്ങളും ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മൊഗ്രാല്‍പുത്തൂരിന് ഏറ്റുവാങ്ങേണ്ടി വന്ന സാമൂഹികാഘാതം വിലയിരുത്തലിനുമപ്പുറത്താണ്.
ജീവിക്കുന്നതിന് ഏതറ്റം വരെയും പോകുന്ന നാട്ടിലും മരണത്തിന് മാനുഷിക മുഖമുണ്ട്. പാതിചത്ത മനസും ശരീരവുമായി മരണത്തിനു കീഴടങ്ങിയവര്‍ ഏറെ. ആറു വയസുകാരന് ശ്രീരാമന് മുതല്‍ അമ്പതിലെത്തിയ സാവിത്രി വരെ. ദയാവധം കാത്തുകിടന്നവരോട് മരണം ഔദാര്യം കാട്ടിയെന്ന മനോഭാവമാണ് എന്നിട്ടും ഭരണാധികാരികള്‍ക്ക്.
…. …. ….
മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍. ഇവിടെ നിന്നല്ലാതെ മൊഗ്രാല്‍ പുത്തൂരിന്റെ ദുരിതങ്ങളിലേക്കുള്ള യാത്ര തുടങ്ങാനാകില്ല. സ്കൂളിലെ റിസോഴ്സ് അധ്യാപകന് രാമകൃഷ്ണന് മാഷും കൂട്ടുണ്ടാകണം. 13 വര്‍ഷം മുമ്പാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ രാമകൃഷ്ണന് മൊഗ്രാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തുന്നത്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. വര്‍ഷം കഴിയും തോറും എണ്ണം പെരുകി വരുന്നത് മാഷിനെ അസ്വസ്ഥനാക്കി. ക്ലാസ്സ് മുറി വിട്ട് മൊഗ്രാല്‍പുത്തൂരിന്റെ സാമൂഹ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടിയിറങ്ങിയ അദ്ദേഹത്തെ വരവേറ്റത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്രദേശത്തുള്ളവര്‍ പോലും മനസിലാക്കിയിട്ടില്ലാത്ത ദുരന്തത്തിന്റെ വ്യാപ്തി സമൂഹത്തിന് മുന്നിലേക്ക് തുറന്നിട്ടത് അപ്പോഴാണ്. അഞ്ഞൂറോളം ഇരകള്‍ മൊഗ്രാല്‍പുത്തൂരിലുണ്ടെന്ന് രാമകൃഷ്ണന് മാഷ് പറയുന്നു. ഇത് നിഷേധിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കണക്കുമില്ല. ശാസ്ത്രീയ പഠനം നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്ന് സര്‍ക്കാരിന് ഇതുവരെ തോന്നിയിട്ടില്ല.
ഉത്തരവാദി ആര് ?
എന്‍ഡോസള്‍ഫാന്‍ ആകാശ തളി നടത്തിയ പഞ്ചായത്ത് അല്ലാത്തതിനാല്‍ മൊഗ്രാല്‍പുത്തൂരിലെ ദുരിതബാധിതരെ എന്‍ഡോസള്‍ഫാന്‍ ഇരകളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇരകളെ അതിര് തിരിച്ച് കണക്കാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുമ്പോഴാണിത്. ദുരിതബാധിത പഞ്ചായത്തിന് പുറമേയുള്ള നൂറുകണക്കിന് ഇരകള്‍ തന്നെ ഇതിന് തെളിവ്. ആകാശ മാര്‍ഗ്ഗേന തളിച്ച എന്‍ഡോസള്‍ഫാന്‍ കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ പോലും പെയ്തിറങ്ങിയിട്ടുണ്ടാകും. വിഷബാധ ഏറ്റുവാങ്ങിയ മുളിയാറില്‍ നിന്നും 20 കിലോമീറ്റര്‍ താഴെയാണ് മൊഗ്രാല്‍പുത്തൂരിലേക്ക്. മുളിയാറിലെ പ്ലാന്റേഷന് തോട്ടങ്ങളില്‍ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം തളിച്ച എന്‍ഡോസള്‍ഫാന്‍ മൊഗ്രാല്‍ പുത്തൂരിലുമെത്താന്‍ സാധ്യത ഏറെയാണ്. വിഷാംശങ്ങള്‍ കണ്ടെത്തിയ ബാവിക്കര പുഴയില്‍ നിന്നും സര്‍ക്കാര്‍ എത്തിക്കുന്ന വെള്ളമാണ് വേനല്‍ക്കാലത്തെ ഇവരുടെ ജീവജലം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സാന്നിദ്ധ്യവും (സിപിസിആര്‍ഐ) കീടനാശിനി ദുരന്തമെന്ന വാദത്തിന് ബലമേകുന്നു. സിപിസിആര്‍ഐയുടെ തോട്ടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കീടനാശിനികളുടെ പ്രയോഗമുണ്ടായതായി നാട്ടുകാര്‍ വിശ്വസിക്കുന്നുണ്ട്.
പാരിസ്ഥിതിക പ്രതികൂല പ്രദേശമാണ് മൊഗ്രാല്‍പുത്തൂരെന്ന നിരീക്ഷണവും തള്ളാനാകില്ല. തീരദേശ മേഖലകള്‍ കൂടുതലുള്ള ഇവിടെ ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ മൂലകങ്ങള്‍ കൂടിയ അളവിലുള്ളത് ജനിതക മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. കാസര്‍കോടിന്റെ മറ്റ് തീരദേശ മേഖലകളും സമാന ദുരന്തത്തെ കുറഞ്ഞ അളവില്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത് പ്രകൃത്യാ ഉള്ള പ്രതികൂല സാഹചര്യമെങ്കില്‍ മറ്റ് ചിലത് മനുഷ്യന്റെ ദുരാഗ്രഹങ്ങളുടെ ഫലമാണ്. കാര്‍ഷിക സമൃദ്ധിയുടെ കഥകള്‍ പറഞ്ഞിരുന്ന മൊഗ്രാലിന്റെ പാടങ്ങള്‍ ഇന്നില്ല. പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്ന വനങ്ങള്‍ മൊട്ടക്കുന്നുകളായി. കാര്‍ഷിക സംസ്കാരത്തിന്റെ കയ്യൊപ്പായിരുന്നു മൊഗ്രാല്‍ പയര്‍. വെള്ളരിയും കക്കിരിയും നെല്‍ക്കതിരും നിറഞ്ഞു തുളുമ്പിയ പാടങ്ങളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നു. മാലിന്യ വാഹിനിയാണ് ഇന്ന് മൊഗ്രാല്‍ പുഴ. ജൈവവൈവിധ്യം പടിയിറങ്ങിയപ്പോള്‍ ദുരന്തം മൊഗ്രാല്‍പുത്തൂരിനെ തേടിയെത്തിയതാകാമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി നാടുനീളെ വിമാനത്താവളം പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി മൊഗ്രാല്‍പുത്തൂര്‍ മാറുന്നതിങ്ങനെയാണ്.
സാമൂഹ്യ കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങള്‍ കൂടിവരുന്നതിന്റെ അപകടം ഇപ്പോഴും കാസര്‍കോട് തിരിച്ചറിഞ്ഞിട്ടില്ല. നിഗമനങ്ങളും അഭിപ്രായങ്ങളും ഒരു പ്രദേശത്തെ ജനങ്ങളുടെ ദുരന്തത്തിന്റെ വ്യാപ്തിക്ക് പരിഹാരമോ ഉത്തരമോ അല്ല. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി പരിഹാരം തേടുകയാണ് വേണ്ടത്. അതിന് മനുഷ്യത്വമുള്ള ഭരണകൂടം വേണം. മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സന്ദര്‍ശനങ്ങള്‍ ഏറെകണ്ട മൊഗ്രാല്‍പുത്തൂരിന് എന്നാല്‍ ഭരണകൂടമല്ല ആശ്രയം.
മുന്നില്‍ സമരമാര്‍ഗ്ഗം
സമരങ്ങള്‍ അനവധി ഉണ്ടായിട്ടുണ്ട് കാസര്‍കോട്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടന്ന പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി. ഇരകള്‍ക്ക് ലഭിക്കുന്ന സൗജന്യങ്ങള്‍ ഇത്തരം സമരങ്ങളുടെ പ്രതിഫലനമാണ്. എന്നാല്‍ ഇനിയും നിര്‍ണ്ണയിക്കപ്പെടാത്ത രോഗത്തിന്റെ പേരില്‍ മൊഗ്രാല്‍പുത്തൂരിലെ ദുരിതബാധിതര്‍ ഇത്തരം സമരങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കും പുറത്താണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയരാജ് കമ്മീഷനെ മൊഗ്രാല്‍ പുത്തൂരിലെ സാമൂഹ്യദുരന്തം ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തുടനീളം സിറ്റിംഗ് നടത്തിയ കമ്മീഷന് കേരളത്തില്‍ മേറ്റ്വിടെയുമില്ലാത്ത സാഹചര്യമാണ് മൊഗ്രാല്‍ പുത്തൂരിലെന്ന് വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്കുന്ന സഹായമെങ്കിലും മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തെ ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ച് ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണ്, പ്രൊഫ.ജയരാജ് പറയുന്നു. അധികാരവര്‍ഗ്ഗത്തിന്റെ ഈ അവഗണനയെ മൊഗ്രാല്‍പുത്തൂര്‍ ചെറുത്തു തോല്‍പ്പിക്കുന്നത് അതിജീവനത്തിന്റെ പുതിയ വഴികള്‍ സൃഷ്ടിച്ചാണ്. കടമ നിര്‍വ്വഹിക്കേണ്ടവര്‍ കടലിലൊളിച്ചപ്പോള്‍ സമൂഹം അതേറ്റെടുത്തു. തങ്ങളുടേതല്ലാത്ത തെറ്റിന് ഇരയായി തീര്‍ന്ന ഇവരെ ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുകയാണ് സമൂഹം. ദാരിദ്ര്യവും ദുരിതവും കൂടപ്പിറപ്പായ വീടുകളില്‍പോലും രോഗികള്‍ ബാധ്യതയാകുന്നില്ല.
സമൂഹവും കുടുംബവും ഉത്തരവാദിത്തം നിറവേറ്റുന്നതാണ് മൊഗ്രാല്‍പുത്തൂരിന്റെ സവിശേഷതയെന്ന് ദുരിതബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാഹിന്‍ കുന്നില്‍ പറയുന്നു. കിടപ്പിലായവര്‍ ഒഴികെയുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്നു. മറ്റുള്ളവരുമായുള്ള സഹവാസം ജീവിത പാഠങ്ങളാണ് ഇവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ചെറിയ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. സെറിബ്രല്‍ പള്‍സി ബാധിച്ച നാരായണനും റഫീഖും സുധാകരനുമൊക്കെ തൊഴിലുറപ്പ് തൊഴിലാളികളായി മാറിയത് ഈ ഇച്ഛാശക്തി മൂലമാണ്. ഏതെങ്കിലും സംഘടനയുടെ പിന്‍ബലമില്ലാതെ മൊഗ്രാല്‍പുത്തൂര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ രക്ഷാകര്‍തൃത്വത്തിന്റെ ഉറവ വറ്റാത്ത മാതൃകയാണ് മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഇത് എത്രനാള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. സമരം നടത്തി അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ ഇവര്‍ ശീലിച്ചിട്ടില്ല. അതിജീവനത്തിന്റെ വഴി സ്വയം കണ്ടെത്തിയവരുടെ ബോധത്തെ പ്രതിഷേധത്തിന്റെ കനല് പൊള്ളിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുദ്രാവാക്യവുമായി മൊഗ്രാല്‍പുത്തൂരിലെ ദുരിതബാധിതര്‍ തെരുവിലേക്കിറങ്ങിയാല്‍ അതൊരു ഭയാനക കാഴ്ചയായിരിക്കും. ഭരണകൂടവും സമൂഹവും കണ്ണ് പൊത്തിയൊളിക്കേണ്ടിവരും – രാമകൃഷ്ണന് മാഷുടെ മുന്നറിയിപ്പ് അവഗണിക്കാനാകില്ലെന്ന് മൊഗ്രാല്‍പുത്തൂരിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നു.
പുനരധിവാസത്തിലേക്ക് എത്രദൂരം?
400 രൂപയുടെ വികലാംഗ പെന്ഷന് മാത്രം ലഭിക്കുന്ന (എല്ലാവര്‍ക്കുമില്ല) മൊഗ്രാല്‍പുത്തൂരിന് ആവശ്യങ്ങള്‍ ഏറെയുണ്ട്. പൊതുസമൂഹം ഏറെ ജാഗ്രതയോടെ കാണുന്ന എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പുനരധിവാസം പോലും ഇഴയുന്ന കാലത്ത് മൊഗ്രാല്‍പുത്തൂരിന്റെ ഭാവിയെക്കുറിച്ച് ആശങ്കകളും ഏറെയാണ്. ആറരക്കോടിയുടെ ഒന്നാംഘട്ട പുനരധിവാസ പാക്കേജ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷം ഒന്നാകുന്നു. ഏതാനും ചിലരെ ആശ്വാസകിരണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റ് നടപടികളില്ല. സാമൂഹ്യനീതി വകുപ്പ് മന്ത്രി മുനീര്‍ നടത്തിയ ഗ്രാമയാത്ര പരിപാടിയിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ദുരിതബാധിതരെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കുമെന്ന പ്രഖ്യാപനം മാത്രം ബാക്കി. മുനീറിനു പുറമേ മന്ത്രി അബ്ദുറബ്ബും സ്ഥലം സന്ദര്‍ശിച്ച് ഗുരുതരാവസ്ഥ മനസിലാക്കിയിരുന്നു. ജില്ലാ കളക്ടര്‍മാര്‍, എംപി, എംഎല്‍എമാര്‍…ഇടതടവില്ലാതെ മൊഗ്രാല്‍പുത്തൂര്‍ സന്ദര്‍ശനവേദിയായി. തങ്ങളുടെ സഹതാപം പ്രസ്താവനകളില്‍ പൊതിഞ്ഞ് വന്നവര്‍ സ്ഥലം വിട്ടു. 200 കോടിയുടെ നബാര്‍ഡ് പദ്ധതിയില്‍ നിന്നും പഞ്ചായത്തിനെ തഴഞ്ഞ് പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് നീക്കിവെച്ച പണംപോലും നിഷേധിക്കപ്പെട്ടു.
ഇന്‍സ്റ്റിറ്റിയൂഷണല്‍ പുനരധിവാസമല്ല മൊഗ്രാല്‍പുത്തൂര്‍ ആവശ്യപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പിടിവാശിയുമില്ല. സാമൂഹ്യ ജീവിയായി മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള പിന്തുണയാണ് ആവശ്യം. ദുരിതബാധിതരെങ്കിലും ജോലി ചെയ്യാന്‍ പ്രാപ്തരായവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഓരോരുത്തരുടേയും കഴിവും പരിമിതിയും മനസിലാക്കി സഹജീവികളെപ്പോലെ വളരാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് രാമകൃഷ്ണന് മാഷ് പറയുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ച ഒന്നാംഘട്ട പാക്കേജും മുന്നോട്ട് വയ്ക്കുന്ന കാഴ്ച്ചപ്പാട് ഇതുതന്നെ. അടിസ്ഥാന സൗകര്യവികസനം പോലും അന്യമായിക്കൊണ്ടിരിക്കുന്ന മൊഗ്രാല്‍പുത്തൂരിന്റെ ആവശ്യങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ഇത്. ദുരന്തകാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന, ദുരിതബാധിതര്‍ക്ക് വിദഗ്ദ്ധചികിത്സയ്ക്ക് പുനരധിവാസം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ലക്ഷം കോടിയുടെ അതിവേഗറെയില്‍പ്പാത നിര്‍മ്മിക്കുന്നവര്‍ ആറരക്കോടിയുടെ ഭിക്ഷ നിഷേധിക്കുകയാണ്. ഒരുജനതയുടെ ഭാവിയുടെ ഇരുള് നീക്കുന്നതിലെ വികസന വിപ്ലവം എപ്പോഴാണ് നാം തിരിച്ചറിയുക…
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: