പടി കടന്നുവന്നപാടെ അമൃതയും പ്രസാദും പരിഭവസ്വരത്തില്‍ എന്നോടു ചോദിച്ചു:
“ഇന്നലെ അമ്മാവന് ചങ്ങമ്പുഴയുടെ രോഗാവസ്ഥയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. വേഗത്തില്‍ രോഗം മാറിയോ?”
ക്ഷയമല്ലേ? മാറാരോഗമെന്നും മാരകരോഗമെന്നും പറയുന്ന കൂട്ടത്തിലാണത്. ഇന്നത്തെ ക്യാന്‍സറിനേക്കാളും ഭയങ്കരന്‍! അവന്റെ വരവില്‍ മരണത്തിന്റെ മണിയൊച്ച മുഴങ്ങിക്കേട്ടിട്ടും ചങ്ങമ്പുഴ ഭയന്നില്ല! കനകച്ചിലങ്കയണിഞ്ഞ കവിത തന്റെ മുന്നില്‍ അതിമനോഹരമായി നൃത്തമാടുന്നതാണ് അദ്ദേഹം കണ്ടത്. “കാവ്യനര്‍ത്തകി” എന്ന അതിപ്രസിദ്ധമായ ആ കവിതയിലെ ഏതാനും വരികള്‍ ഞാന്‍ ചൊല്ലാം. കേട്ടോളൂ.
“കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി,
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി;
മതിമോഹന ശുഭനര്‍ത്തനമാടുന്നയി, മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ!”
“അസ്സലായിട്ടുണ്ടമ്മാവാ! നമ്മുടെ മുന്നിലും കവിതാ സുന്ദരി വന്നു നൃത്തം ചെയ്യുന്നപോലുണ്ട്. ഇതിന്റെ കുറേ വരികള്‍ കൂടി അമ്മാവന് എഴുതിത്തരണം. കാവ്യാലാപന മത്സരത്തില്‍ ചൊല്ലിയാല്‍ സമ്മാനം ഉറപ്പാണ്” അമൃത പറഞ്ഞു.
“മിടുക്കി! എഴുപതു വരികളേയുള്ളൂ ആ കവിത. എന്നാല്‍ 140 വരികളുള്ള മറ്റൊരു കവിതയെക്കുറിച്ചും പറയാതെ വയ്യ. ‘മനസ്വിനി’ എന്നാണ് പേര്. അതിലെ കുറേ വരികള്‍ പഠിച്ചു പ്രസാദും സമ്മാനം നേടിക്കോളൂ. എന്താ പ്രസാദേ?”
” നോക്കാം, അമ്മാവാ! കുറച്ചു വരികള്‍ കേള്‍ക്കട്ടെ.”
മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂ ലളിതേ, നീയെന്മുന്നില്
നിര്‍വൃതി തന് പൊന്‍കതിര്‍പോലെ!
എന്നാണ് ‘മനസ്വിനി’യുടെ തുടക്കം. ഇനി നടുക്കുനിന്നു ചില വരികള്‍ ചൊല്ലാം.
മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്ക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്പന ദിവ്യമൊ-
രഴകിനെ-എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്നശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമലഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍!…
ചങ്ങമ്പുഴ മനസ്വിനിയായി അവതരിപ്പിക്കുന്നതു സ്വന്തം ഭാര്യയായ ശ്രീദേവിയെ തന്നെയാണ്. ദുര്‍വാസനകള്‍ മൂലമുണ്ടായ പലപല പിണക്കങ്ങള്ക്കുശേഷവും രോഗപീഡയിലിരിക്കെ തനിക്ക് തുണയായും, പരിചരിച്ചും നില്ക്കുന്ന ശ്രീദേവിയില്‍ സ്ത്രീത്വത്തിന്റെ ശാലീനവും ത്യാഗപൂര്‍ണവുമായ മുഖം ചങ്ങമ്പുഴ കണ്ടു.
നിന്കഥയോര്ത്തോര്ത്തെന് കരളുരുകി-
സങ്കല്‍പ്പത്തില്‍ വിലയിക്കേ
ഏതോ നിര്‍വൃതിയിക്കിളി കൂട്ടി
ചേതനയണിവസ്ത്ര പുളകങ്ങള്‍
വേദന വേദന ലഹരി പിടിക്കും
വേദന ഞാനിതില്‍ മുഴുകട്ടെ,
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടെ.
എന്നാണ് കവിത അവസാനിക്കുന്നത്.
ചങ്ങമ്പുഴയുടെ രോഗാവസ്ഥയറിഞ്ഞു ഇടപ്പള്ളിയിലെത്തിയ സാഹിത്യ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഇ.എം.കോവൂര്‍. 1948 ഫെബ്രുവരി 29 നാണ് രാത്രിയില്‍ തപ്പിത്തടഞ്ഞു അദ്ദേഹം ചങ്ങമ്പുഴയുടെ രോഗക്കുടിലില് എത്തുന്നത്. ഹൃദയഭേദകമായ ആ കാഴ്ച കോവൂര്‍ ഒരു പ്രസ്താവനയിലൂടെ കേരളീയരെ അറിയിച്ചു.
“അകത്തെ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ആദ്യം ഒന്നും കണ്ടില്ല. ഒരുവശം ചേര്‍ത്തിട്ടിട്ടുള്ള ചാരുകസേരയില്‍ കിടന്ന ഒരു തുണിക്കെട്ടു അനങ്ങുന്നുണ്ടെന്ന് തോന്നി. ഞാന്‍ തുറിച്ചു നോക്കി. അതായിരുന്നു ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള! എന്റെ ശ്വാസം നിലച്ചുപോയി!
ചങ്ങമ്പുഴ ഇന്ന് “സ്പന്ദിക്കുന്ന അസ്ഥിമാടം” തന്നെ ആയിരിക്കുന്നു! ഒരു വാചകത്തിന് ഒരു ചുമയെന്ന രീതിക്കാണ് കണക്ക്. മുഖത്ത് അല്പം നീര്‍ക്കോളും ഇല്ലാതില്ല. താടിയിലും ക്ഷീണിച്ച കവിളുകളിലും കാണുന്ന മുഖരോമങ്ങള് ആ മുഖത്തിന്റെ പഴയ ഭാവമേ മാറ്റിയിരിക്കുന്നു.
സ്വര്‍ഗീയ സംഗീതംകൊണ്ട് കേരളക്കരയെ അനുഗ്രഹിച്ച ഈ പൂങ്കോകിലം ഇങ്ങനെ…..മരുന്നും പാലും വാങ്ങാന്‍ വകയില്ലാതെ കഴിയേണ്ടിവരുമെന്നോ?
ഇല്ല ഇല്ല. രമണനും വാഴക്കുലയും എഴുതിയ ചങ്ങമ്പുഴയെ കേരളം മറക്കില്ല. ഒരിക്കലും മറക്കില്ല. ആയിരം സഹായഹസ്തങ്ങള്‍ ഉടനെ നീളും; ഉടനെ….”
ആ പ്രസ്താവനയ്ക്കു ഫലമുണ്ടായി. നേരിട്ടും മണിയോര്‍ഡറായും എത്തിയ സഹായങ്ങള്‍ ചങ്ങമ്പുഴയെ അത്ഭുതപ്പെടുത്താതിരുന്നില്ല. മനുഷ്യന് ക്രൂരജന്തുവാണെന്ന് ശപിച്ചു പറഞ്ഞ അദ്ദേഹം ഇപ്പോള്‍ അവനില്‍ ദേവദൂതനെയും കണ്ടു!
ഒരു മാസത്തിനുശേഷം, ഏപ്രിലില്‍ ‘മലയാള മനോരമ’യുടെ ലേഖകന്‍ ചങ്ങമ്പുഴയെ കാണാനെത്തി. അദ്ദേഹത്തിന്റെ ഹൃദയസ്പര്‍ശിയായ റിപ്പോര്‍ട്ടു വായിച്ചും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള ആരാധകരില്‍നിന്ന് ധനസഹായം ഇടപ്പള്ളിയിലേയ്ക്കൊഴുകി.
പക്ഷെ, ചികിത്സയുടെ സഹായം സ്വീകരിക്കാന്‍ ചങ്ങമ്പുഴയുടെ ശരീരം കൂട്ടാക്കിയില്ല! ഒരു മാസം കൂടി കടന്നുപോയി. ജൂണ്‍ പകുതിയില്‍ ഇ.എം.കോവൂര്‍ മുന്‍കൈയെടുത്തു വിദഗ്ദ്ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലേയ്ക്ക് ചങ്ങമ്പുഴയെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. കാറിലാണ് യാത്ര. അതിന്റെ അസ്വസ്ഥതകള്‍ ദീര്‍ഘദൂരം സഹിക്കാന്‍ ആ അസ്ഥിമാത്രമായ ശരീരത്തിന് കഴിയുമായിരുന്നില്ല. അതിനാല്‍ തൃശ്ശൂരിലെ മംഗളോദയം നഴ്സിങ് ഹോമില്‍ തല്ക്കാലം പ്രവേശിപ്പിച്ചു.
പനിയും ചുമയും വര്‍ധിച്ചുകൊണ്ടിരുന്നു. 1948 ജൂണ്‍ 17 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ശ്വാസഗതിയുടെ താളവും പിഴച്ചു. നാലുമണിയോടെ ആ പ്രാണന് ശരീരത്തെ വിട്ടു അന്തരീക്ഷത്തില്‍ അലിഞ്ഞു. കോയമ്പത്തൂര്‍ക്ക് പോകാന്‍ ഒരുക്കിയ അതേ കാറിലാണ് ചങ്ങമ്പുഴയുടെ ചലനമറ്റ ശരീരം ഇടപ്പള്ളിയില്‍ തിരികെ കൊണ്ടുവന്നത്.
കേട്ടറിഞ്ഞു കേട്ടറിഞ്ഞു ജനം ഇടപ്പള്ളിയിലേക്ക് ഒഴുകി. സാഹിത്യകാരന്മാരും കോളേജുകളിലെ യുവതീയുവാക്കളും മാത്രമല്ല, സ്കൂളില്‍ പഠിച്ചിട്ടില്ലാത്ത സാധാരണക്കാരും വീട്ടമ്മമാരുമൊക്കെയുണ്ട് കൂട്ടത്തില്‍. അമൃതിന് തുല്യമായ കവിതകള്‍ തങ്ങള്‍ക്ക് നല്കിയ കവിയുടെ മൃതദേഹം കണ്ട അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
തറവാട്ട് പറമ്പിന്റെ തെക്കേ മൂലയിലായിട്ടാണ് ചിതയൊരുക്കിയത്. അതില്‍ ആദരപൂര്‍വം വെക്കപ്പെട്ട ചങ്ങമ്പുഴയെ ചിറകുവിരുത്തിയ അഗ്നി കന്യകകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി. ചങ്ങമ്പുഴ അമൃതത്വത്തിലേയ്ക്ക്, അനശ്വരതയിലേയ്ക്ക് ഉയര്‍ന്നുപോയി.
കുട്ടികളുടെ കണ്ണുനിറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചു. എഴുന്നേറ്റ് അവരെ ചേര്‍ത്തുനിര്‍ത്തിയും കണ്ണീര് തുടച്ചും ഞാന്‍ പറഞ്ഞു:
“നിങ്ങള്‍ കരയുന്നതെന്തിനാണ്? ചങ്ങമ്പുഴ സ്വര്‍ഗത്തിലേയ്ക്ക് പോയി എന്നല്ലേ ഞാന്‍ പറഞ്ഞത്? എവിടെപ്പോയാലും ഇടപ്പള്ളിയില്‍ അദ്ദേഹം തിരിച്ചുവരാറുണ്ടെന്നും ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?”
“അതെയതെ. ആലുവയില്‍ പഠിക്കാന്‍ പോയി. ഇടപ്പള്ളിയിലേക്കു വന്നു. ആലപ്പുഴയില്‍ ജോലിക്കുപോയി തിരികെ ഇടപ്പള്ളിയില്‍ വന്നു. തിരുവനന്തപുരത്തും പൂനയിലും ചെന്നൈയിലും തൃശ്ശൂരിലുമൊക്കെ പോയി ഇടപ്പള്ളിയില്‍ തിരിച്ചുവന്നു. ശരിയാണമ്മാവാ. പക്ഷെ, സ്വര്‍ഗ്ഗത്തില്‍…….”
“ഇല്ല പ്രസാദേ! ചങ്ങമ്പുഴ സ്വര്‍ഗത്തില്‍ സ്ഥിരമായി ഇരിക്കില്ല. ഇടപ്പള്ളിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇടപ്പള്ളി എന്നാല്‍ ഹൃദയപ്പള്ളി എന്നാണ്. മലയാളികളുടെ ഹൃദയമാണ് ചങ്ങമ്പുഴയുടെ ഇടം. അദ്ദേഹത്തിന്റെ ഈരടികള്‍ ഏതു മലയാളിയിലും തുടിക്കുന്നുണ്ടാകും. ഒന്നു ശ്രദ്ധിച്ചു നോക്കൂ. നിങ്ങള്‍ക്കും കേള്‍ക്കാം; കാവ്യനര്‍ത്തകിയുടെ ചിലങ്കക്കിലുക്കം!”
“ഉവ്വ്, അമ്മാവാ! കേള്‍ക്കുന്നുണ്ട്.” അമൃത സ്വന്തം ഹൃദയത്തുടിപ്പില്‍ ചേര്‍ത്തുപാടി:
“കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി…”
“നന്നായി മോളേ! നമുക്ക് തല്ക്കാലം നിര്‍ത്താം. നാളെ നിങ്ങള്‍ ഒരു കാര്യം ചെയ്യണം.”
“എന്താണമ്മാവാ?”
“നാളെ വൈകിട്ട് വന്നാല്‍ മതി-ഒരു മൂന്നരമണിയോടെ. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചു നല്ല വസ്ത്രങ്ങളണിഞ്ഞു വേണം വരാന്‍. അവരോട് ഞാനും പറയാം. നമുക്ക് ഒരു ഓട്ടോ പിടിച്ചു ഇടപ്പള്ളിയില്‍ പോകണം. അവിടെ നന്നായി പ്രവര്‍ത്തിക്കുന്ന ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും ചങ്ങമ്പുഴയുടെ ശവകുടീരവും വായനശാലയുമൊക്കെ കണ്ടുവരാം, എന്താ?”
“നല്ല അമ്മാവന്!” അവര്‍ എന്നെ ബലമായി പിടിച്ചിരുത്തി രണ്ടു കവിളിലും മുത്തം തന്ന ശേഷം സന്തോഷത്താല്‍ തുളളിച്ചാടിയാണ് വീട്ടിലേക്ക് പോയത്.(തുടരും)
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: