ന്യൂദല്‍ഹി: ഭരണഘടനാസൃതമായി രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്തസത്തയെ അപമാനിച്ച ചെയര്മാന് പി.സി ചാക്കോയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജെപിസിയിടെ പ്രതിപക്ഷ അംഗങ്ങളെ അവഗണിക്കുകയും നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തില്‍ പെരുമാറുകയും ചെയ്തെന്ന ആരോപണത്തിന്റെ നിഴലിലാണ് പി.സി ചാക്കോ.
കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വിനോദ് റായിയെ വിളിച്ചുവരുത്തി കുറ്റവാളിയോടെന്നവണ്ണം ചോദ്യം ചെയ്തതും ഇരിക്കാന്‍ കസേര പോലും നല്‍കാതിരുന്നതും പി.സി ചാക്കോയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ്. പാര്‍ലമെന്ററി സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു പറയരുതെങ്കിലും ചെയര്മാന് പി.സി ചാക്കോ തന്നെ സമിതിയുടെ വിശ്വാസ്യത തകര്‍ത്തു പ്രവര്‍ത്തിച്ചതിനാല്‍ ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കാതെ നിവൃത്തിയില്ലെന്നാരോപിച്ചു മുതര്‍ന്ന ബിജെപി നേതാക്കള്‍ പത്രസമ്മേളനം നടത്തിയതും പി.സി ചാക്കോയ്ക്ക് നാണക്കേടായി. ജെപിസി അന്വേഷണം അട്ടിമറിക്കുന്നതിനായി പി.സി ചാക്കോ നടത്തിയ ഏകപക്ഷീയ നടപടികളെ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനു വ്യക്തമായ മറുപടി നല്കാന് പോലും പി.സി ചാക്കോയ്ക്ക് കഴിഞ്ഞിട്ടില്ല.
2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്നതിനായി 2011 ഫെബ്രുവരിയിയിലാണ് പി.സി ചാക്കോയുടെ നേതൃത്വത്തില്‍ 30 അംഗ ജെപിസി രൂപീകരിച്ചത്. ബിജെപിയില്‍നിന്നും 6 അംഗങ്ങളുള്‍പ്പെടെ 15 പേര് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമായിരുന്നു. അതിനാല്‍ത്തന്നെ ആദ്യത്തെ അഞ്ചാറു മാസങ്ങളില്‍ യോഗം വിളിക്കുന്നതിനു പോലും ചെയര്മാന് പി.സി ചാക്കോ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഡിഎംകെയുടെ രാജ്യസഭാ എംപി ട്രിച്ചി ശിവ വിരമിച്ച ശേഷമാണ് ജെപിസിയിലെ സുപ്രധാന ചര്‍ച്ചകള്‍ പലതും നടത്തിയത്. കേന്ദ്രമന്ത്രിയായ ഇഎംഎസ് നാച്ചിയപ്പന്‍ ജെപിസി അംഗത്വം ഒഴിഞ്ഞതോടെ രണ്ടംഗങ്ങളെ പുതിയതായി നിയോഗിക്കേണ്ട സ്ഥിതി വന്നപ്പോഴും ജെപിസി പ്രവര്‍ത്തനം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് പി.സി ചാക്കോയും കേന്ദ്രസര്‍ക്കാരും ശ്രമിച്ചത്.
നാച്ചിയപ്പനു പകരമായി കോണ്‍ഗ്രസിലെ പി.ഭട്ടാചാര്യയേയും ശിവയ്ക്കു പകരമായി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാ എംപിയായ അശോക് ഗാംഗുലിയേയും നിയമിക്കാന്‍ നടത്തിയ ശ്രമങ്ങളും ജെപിസിയെ വരുതിയിലാക്കുന്നതിനു നടത്തിയതാണ്. അപ്പര്‍ ഹൗസില്‍ ഡിഎംകെയേക്കാള്‍(6) കൂടുതല്‍ അംഗങ്ങളുള്ള എഐഎഡിഎംകെ(7)യ്ക്ക് അവകാശപ്പെട്ട ജെപിസി അംഗത്വം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസും പി.സി ചാക്കോയും ശ്രമിച്ചത്. എന്‍ഡിഎ ഭരണകാലത്തും അഴിമതി നടന്നെന്ന പരാതി ഉയര്‍ന്നപ്പോള്‍ ജെപിസിയിലെ മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ എന്ഡിഎഭരണകാലത്തെ മന്ത്രിമാരായിരുന്ന സുഷമാ സ്വരാജിനേയും അരുണ്‍ ജെറ്റ്ലിയേയും ജെപിസിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്ന് അറിയിച്ചിട്ടും പി.സി ചാക്കോ അതിനു തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും ജെപിസി വിളിച്ചുവരുത്തേണ്ട സാഹചര്യം അതുണ്ടാക്കിയേക്കാമെന്ന് ഭയന്നാണ് ചെയര്മാന് അതു തടഞ്ഞതെന്ന് ബിജെപി ആരോപിക്കുന്നു.
ഏറ്റവും അവസാനം പ്രധാനമന്ത്രിയെ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി ചെയര്മാന് തയ്യാറാക്കിയ ജെപിസി റിപ്പോര്‍ട്ട് പാസാക്കുന്നതിനും പി.സി ചാക്കോ നാടകം കളി തുടര്‍ന്നു. സപ്തംബര്‍ 27ന് നടന്ന യോഗത്തില്‍ റിപ്പോര്‍ട്ടിന്റെ ഡ്രാഫ്റ്റ് നല്കിയ ഉടന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നവരുടെ കൈപൊക്കി എണ്ണമെടുത്ത് പാസാക്കുകയായിരുന്നു. റിപ്പോര്ട്ടിന്മേല് ചര്‍ച്ചയ്ക്കു പോലും പി.സി ചാക്കോ തയ്യാറായില്ലെന്നും സ്വയം എല്ലാ നിയമങ്ങളേയും ലംഘിച്ചാണ് സമിതി അദ്ധ്യക്ഷ സ്ഥാനത്തു ചാക്കോ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചതെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച പി.സി ചാക്കോ, ബോഫോഴ്സ് കേസ് അന്വേഷിക്കുന്നതിനായി ബി ശങ്കരാനന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജെപിസിയേക്കാള്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്നാണ് പരാതി. അന്നത്തെ ബോഫോഴ്സ് ജെപിസിയില്‍ അംഗമായി പി.സി ചാക്കോ പ്രവര്‍ത്തിച്ചെന്നതും ഇത്തരത്തില്‍ ഏകപക്ഷീയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ചാക്കോയെ സഹായിച്ചിട്ടുണ്ടാകാം. എന്തായാലും ഇന്ത്യന്‍ പാര്‍ലമെന്ററി സമിതികളുടെ ചരിത്രത്തില്‍ അപമാനത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് പി.സി ചാക്കോ കോണ്‍ഗ്രസ് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: