ന്യൂദല്‍ഹി: ഫൈലിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മഹിഷാസുരനേക്കാള് ഭീകരമായ ഭീഷണിയായി. ഒഡീഷയില്‍ ദുര്‍ഗാ പൂജയ്ക്കായി ഒരുക്കിയ കട്ടക്കിലെ ശൂന്യമായ പന്തലുകളില്‍ നിറഞ്ഞു നിന്നത് ഭയാനകമായ നിശബ്ദതയായിരുന്നു. രാജ്യത്ത് ദുര്ഗാപൂജക്ക് ഏറ്റവും പേരുകേട്ട നഗരങ്ങളിലൊന്നാണ് കട്ടക്. വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ മിക്ക സസ്ഥാനങ്ങളിലും മഴ തകര്‍ക്കാന്‍ തുടങ്ങിയിരുന്നു. മൂടിക്കെട്ടിയ ആകാശവും കൊടുങ്കാറ്റ് ഭീഷണിയും പശ്ചിമബംഗാളിലെയും ദുര്‍ഗാപൂജയുടെ നിറം കെടുത്തി.
ദുര്‍ഗാപൂജാവേളയില്‍ പ്രാധാന്യമര്‍ഹിക്കുന്ന സപ്തമിയും അഷ്ടമിയുമായ വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും പൂജയ്ക്കായി കെട്ടിയൊരുക്കിയ പന്തലുകളിലെത്താന് ജനം മടിച്ചു. ശക്തമായ മഴ കാരണം മിക്കവരും വീടുവിട്ടിറങ്ങാന്‍ മടിക്കുകയായിരുന്നു. വരാന്‍ പോകുന്ന ആപത്തിനെ ഭയന്ന് കിട്ടിയ റേഷനുമായി സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടിയവര്ക്കെങ്ങനെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മനസ്സുണ്ടാകുമെന്ന് സംഘാടകര്‍ തന്നേ ചോദിക്കുന്നു.
ഭുവനേശ്വറില്‍ മൂന്നൂറിലധികം പൂജകളാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഴയും കാറ്റും എല്ലാ ആഘോഷങ്ങള്‍ക്കും മുകളില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.
ദുര്‍ഗാപൂജ വേളയില്‍ വിവിധ കച്ചവടത്തിലേര്‍പ്പെട്ട് വരുമാനം കണ്ടെത്താന്‍ കാത്തിരുന്നവര്‍ക്കും ഫൈലിന് കനത്ത തിരിച്ചടിയായി. മൂലധനം പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയിലായി കച്ചവടക്കാര്‍. ഇത്തരത്തിലൊരു പ്രകൃതി ക്ഷോഭം അടുത്ത കാലത്തെങ്ങുമുണ്ടായതായി ഓര്‍മ്മയില്ലെന്ന് മിക്കവരും സമ്മതിക്കുന്നു.
1999 ലെ കൊടുങ്കാറ്റ് ഇത്തരത്തിലുള്ള ആഘോഷങ്ങളെ ബാധിച്ചില്ലെന്നും ഇവര്‍ ഓര്‍ത്തെടുക്കുന്നു.
ആഘോഷങ്ങള്‍ക്ക് പുകള്‍പെറ്റ കൊല്‍ക്കത്തയിലും ഫൈലിന് പ്രഭാവം പ്രകടമായിരുന്നു. മോശം കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് കാരണം പൂജാസാധനങ്ങള്‍ വാങ്ങാനുള്ള വിമുഖതയിലായിരുന്നു മഹാനഗരം.
മഴ പെയ്തൊഴിഞ്ഞ് പോകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്ന് കൊല്‍ക്കത്ത മേയര്‍ ദേബാശിഷ് കുമാര്‍ പറഞ്ഞു. നവരാത്രി ആഘോഷങ്ങള്‍ക്കായി പുരി, ഗോപാല്‍പുര്‍, ചന്ദിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഹൗറ സ്റ്റേഷനിലും കാര്യമായ തിരക്കനുഭവപ്പെട്ടില്ല. മാത്രമല്ല അവധി ആഘോഷിക്കാനെത്തിയ വിദേശികള്‍ ഫൈലിന് മുന്നറിയിപ്പിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരികെ പോകുന്ന കാഴ്ച്ചയായിരുന്നു ഇവിടെ. പുരിയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരില്‍ പലരും പാതി വഴിയില്യാത്ര അവസാനിപ്പിച്ചു.
ചുഴലിക്കാറ്റ്ഭീഷണിയുയര്ത്തിയ സാഹചര്യത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും തന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനം വെട്ടിക്കുറച്ചു. സ്വദേശമായ ബിര്‍ഭുമില്‍ ദുര്‍ഗപൂജ ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം പ്രണബ് മറ്റ് പൂജകള്‍ ഒഴിവാക്കി ദല്‍ഹിയില്‍ തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: