ഭുവനേശ്വര്‍: ശക്തമായ കാറ്റ്, കനത്ത മഴ, കിഴക്കന്‍ തീരത്ത് വീശിയടിക്കുന്ന കടല്‍ത്തിര ഇവയെല്ലാം അതിജീവിക്കാന്‍ ഒരു ജനത ഒറ്റക്കെട്ടായി അണിനിരന്നു. ഫൈലിന് എന്ന ചുഴലിക്കാറ്റ് ആന്ധ്ര,ഒഡീഷ തീരത്തേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാന്‍ വന്‍ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാരും സ്വകാര്യഏജന്‍സികളും സന്നദ്ധസംഘടനകളും ഉള്പ്പെടെയുള്ളവസ്വീകരിച്ചത്. ഫൈലിന് വീശാന്‍ സാധ്യതയുള്ള സ്ഥലത്ത് നിന്നും മുന്‍ കരുതലായി ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഫൈലിന് ഇന്ത്യന്‍ തീരത്തിലേക്ക് വീശിയടിക്കാന്‍ പോകുന്നെന്ന വാര്‍ത്തയറിഞ്ഞ് രാജ്യം ആശങ്കയോടെയാണ് മാധ്യമ റിപ്പോര്‍ട്ടുകളെ ഉറ്റു നോക്കിയത്. ഇരു സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളില്‍ നിന്നും ആറ് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ഫൈലിന് ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിക്കുകയെന്ന് കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് വിദേശ ഏജന്‍സികള്‍ പറഞ്ഞതോടെ ജാഗ്രതാ നിര്‍ദ്ദേശം കൂടുതല്‍ ശക്തമാക്കി.
2005ല്‍ യുഎസില്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയുള്ളതാണ് ഫൈലിന് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വിലയിരുത്തിയത്. 1.2 കോടി ജനങ്ങളെ ഫൈലിന് ബാധിക്കുമെന്ന് ദേശീയ ദുരന്തപ്രതികരണ അതോറിറ്റിയും വിലയിരുത്തി. 1999ല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 15,000 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതലോടെയാണ് സംസ്ഥാനം ചുഴലിക്കൊടുങ്കാറ്റിനെ നേരിടാനൊരുങ്ങിയത്.
ഒഡീഷയിലെ ഗന്‍ജം, ജഗത്സിംഗ്പൂര്‍, ഖുര്‍ദ തുടങ്ങിയ ഏഴു ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയിലെ 1600 പേരെ നിയോഗിച്ചു. 23 സൈക്ലോണ്‍ സെന്ററുകളും 100 അടിയന്തര ടെന്റുകളും സൈന്യം സ്ഥാപിച്ചു.
റാഞ്ചിയിലെ സൈനിക ആസ്ഥാനത്തുനിന്നും അഞ്ച് യൂണിറ്റ് കേന്ദ്രസേന ഭുവനേശ്വറില്‍ എന്തും നേരിടാന്‍ സജ്ജമായി. ദുരന്ത സാഹചര്യം നേരിടാന്‍ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഇന്നലെ യോഗം വിളിച്ചിരുന്നു. ഒഡീഷയിലെ തുറമുഖമായ പ്രദീപ് പോര്‍ട്ട് സുരക്ഷാ മുന്‍കരുതലോടെ അടച്ചിട്ടു. തുറമുഖ ജില്ലയായ പാരദ്വീപ് തുറമുഖം വഴിയുള്ള എല്ലാ ബന്ധവും നിര്‍ത്തിവെച്ചു. മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന മുന്‍കരുതല്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
ഇരുപത് മീറ്ററിനുമുകളില്‍ കടല്‍ത്തിരകള്‍ വീശിയടിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരസംരക്ഷണസേനക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നും തീരദേശത്ത് താമസിക്കുന്നവരെ പൂര്‍ണമായി ഒഴിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ നിര്‍ത്താതെ പെയ്തു കൊണ്ടിരിക്കുകയാണ്.
ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് ഒരുങ്ങിയിരിക്കാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി കര-നാവിക-വ്യോമസേനകള്‍ക്ക് നിര്‍ദേശം നല്കി. വ്യോമസേനയുടെ ഇരുപതോളം വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുങ്ങിനിന്നു. പശ്ചിമബംഗാളില്‍ ജനങ്ങളെ കൂട്ടമായി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ തയ്യാറായി കാര്‍ഗോ ഹെലിക്കോപ്റ്ററുകളെയും സജ്ജമാക്കി.
രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയുടെ അളവ് ഫൈലിന് വീശുന്നതോടെ രണ്ടിരട്ടിയോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കഭീഷണിയും സൈന്യം നേരിടേണ്ടി വരും.ചുഴലിക്കാറ്റിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ അമ്പതോളം മുങ്ങല്‍ വിദഗ്ധരും സജ്ജമായി നിന്നു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ മുന്‍പൊന്നും കണ്ടിട്ടില്ലാത്ത സന്നാഹങ്ങളും ജാഗ്രതയുമാണ് സംസ്ഥാനങ്ങളില്‍ പുലര്‍ത്തിയത്. സമീപത്തെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉച്ചഭാഷിണികളിലൂടെയും റേഡിയോ ടിവി തുടങ്ങിയ മറ്റു മാധ്യമങ്ങളില്‍ കൂടിയും സംസ്ഥാന സര്‍ക്കാരുകള്‍ ഫൈലിനെക്കുറിച്ച് മുന്നറിയിപ്പുനല്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഫൈലിന് ആഞ്ഞടിക്കുന്നതോടെ പ്രദേശത്തെ വൈദ്യുത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലക്കാന് സാധ്യതയുണ്ടെന്ന അറിയിപ്പും ഉണ്ടായി. സര്‍ക്കാര്‍ സഹായം ഒഡീഷയിലെ ജനങ്ങളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദസറ അവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞു പോയ രാത്രിയില്‍ എത്രമാത്രം ദുരിതം ഫൈലിന് വിതച്ചു എന്നുള്ളതില്‍ ആശങ്കയിലാണ് ജനങ്ങള്‍. ഏതായാലും ഒരു രാത്രി ഇരുട്ടി വെളുക്കുവോളം നൂറു കോടി ജനങ്ങളും ഒരേ വികാരത്തോടെ ഫൈലിനെ അതിജീവിക്കാനുള്ള തപസിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: