പെരുമ്പാവൂര്‍: കേരള പുലയന് മഹാസഭയുടെ പെരുമ്പാവൂരില്‍ നടക്കുന്ന ശിബിരത്തോട് ഭരണ പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക് അവഗണന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. വല്ലം റസ്റ്റ് ഹൗസിലാണ് ശിബിരം നടക്കുന്നത്. ഭരപക്ഷ എംഎല്‍എ വി.പി.സജീന്ദ്രന് ഉദ്ഘാടകനായും, പ്രതിപക്ഷ എംഎല്‍എ സാജുപോളിനെ മുഖ്യപ്രഭാഷണത്തിനുമാണ് നിശ്ചയിച്ചിരുന്നത്. രാവിലെ 10 ന് ആരംഭിച്ച സമ്മേളനം എംഎല്‍എ മാര്‍ എത്താത്തതിനെ തുടര്‍ന്ന് 11.30ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.ടി.ശങ്കരന് ഉദ്ഘാടനം ചെയ്തു.
ഒരു രാഷ്ട്രീയ സംഘടനകള്‍ക്കും പിടികൊടുക്കാത്ത സംഘടനയാണ് കേരള പുലയന് മഹാസഭയെന്ന് കെ.ടി.ശങ്കരന് പറഞ്ഞു. മുപ്പത് ശതമാനം വരുന്ന പട്ടികജാതിക്കാരെ കേരളത്തില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. തൃത്താല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ വാങ്ങിയെടുക്കുവാന്‍ സാധിക്കണമെന്നും, സംഘടനയ്ക്ക് വിലങ്ങുതടിയാകുന്നവരെ എന്ത് വിലകൊടുത്തും വെട്ടിമാറ്റുമെന്നും കെ.ടി.ശങ്കരന് പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന ട്രഷറര്‍ കെ.എ.മോഹനന് പതാക ഉയര്‍ത്തി.ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.തങ്കച്ചന്, കെപിവൈഎം സംസ്ഥാന പ്രസിഡന്റ് ടി.പി.ചന്ദ്രന്, കെപിഎംഎസ് സംസ്ഥാന നേതാക്കളായ പി.എ.ചന്ദ്രന്, കല്ലട സുരേഷ്, എം.എ.കൃഷ്ണന്‍കുട്ടി, പി.കെ.തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ നിരവധി പ്രഗത്ഭര്‍ ക്ലാസ്സെടുത്തു. ക്യാമ്പ് ഇന്ന് വൈകീട്ട് 5ന് സമാപിക്കും. സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ശിവന് ഉദ്ഘാടനം ചെയ്യും. നേതാക്കളായ ശ്രീരംഗനാഥ്, പി.പി.അനില്‍കുമാര്‍, കെ.ടി.അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: