പത്തനാപുരം: ഭക്ഷ്യധാന്യങ്ങളും രോഗികള്‍ക്ക് വേണ്ടുന്ന മരുന്നുകളും ചികിത്സയും ഗാന്ധിഭവന് പോലെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അഗതി മന്ദിരങ്ങളിലും സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനില്‍ മാധ്യമ അവാര്‍ഡ് ദാനവും ഗാന്ധിഭവന് സ്നേഹരാജ്യം മാസികയുടെ ഏഴാം വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്നേഹവും കരുതലുമാണ് അഗതികള്‍ക്ക് ആവശ്യമെന്നും അത്തരത്തിലുള്ള പ്രവൃര്‍ത്തികള്‍ നടത്തുന്നത് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മഭൂമി എഡിറ്റര്‍ ലീലാ മോനോന്, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് മാധ്യമ പുരസ്കാരം നല്കി ആദരിച്ചു. പാലിയേറ്റീവ് കീയര്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു.
എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍, മുരളീയ ഫൗണ്ടേഷന് ചെയര്മാന് കെ. മുരളീധരന്, സി.ആര് നജീബ്, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, സ്നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ് ശെല്‍വരാജ്, മാധ്യമ അവാര്‍ഡ് കമ്മിറ്റി ചെയര്മാന് പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: