ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ നിഷേധ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് കര്‍ശനമായി നിയന്ത്രിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു.
തെരഞ്ഞെടുപ്പുകളില്‍ നിഷേധവോട്ട് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് സെപ്റ്റംബര്‍ 27നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ദല്‍ഹിയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരുന്നു.
അതാത് സംസ്ഥാനങ്ങളിലെ ഭാഷ തന്നെയായിരിക്കും നിഷേധവോട്ട് ബട്ടണില്‍ എഴുതുക. തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിഷേധവോട്ട് ബട്ടണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നല്‍കും. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ നിഷേധവോട്ടുകളുടെ എണ്ണം പ്രത്യേകമായി പ്രദര്‍ശിപ്പിക്കുമെന്ന് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനങ്ങളിലുണ്ടാവുന്ന പണത്തിന്റെയും സ്വര്‍ണത്തിന്റെയും ക്രയവിക്രയം കര്‍ശനമായി നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ ദല്‍ഹിയില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: