മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്തിയത് 40 ലക്ഷത്തോളം പേരെന്ന് സര്‍വെ റിപ്പോര്‍ട്ട്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസ്ഥാന്, ജമ്മു-കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വെബ്സൈറ്റിലൂടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷനും പത്ത് സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മീഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കീഴിലുള്ള പൊതുവിവരാധികള് മുമ്പാകെ 20.39 ലക്ഷം അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്ത് സംസ്ഥാനങ്ങളുടെ കണക്കാണിത്. ശേഷിക്കുന്ന 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം കൂടി കണക്കിലെടുത്താണ് മൊത്തം 40 ലക്ഷം അപേക്ഷകളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
സമര്‍പ്പിച്ച അപേക്ഷകളില്‍ 10 ശതമാനത്തില്‍ താഴെമാത്രം അപേക്ഷകളാണ് നിരസിച്ചത്. ജനസംഖ്യ കുറവുള്ള മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ അപേക്ഷകളാണ് നിരസിച്ചത്. കര്‍ണാടകയില്‍ 2.93 ലക്ഷം അപേക്ഷകള്‍ നിരസിച്ചു.
ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണ നിര്‍വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്കുന്ന ഈ നിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: