തിരുവനന്തപുരം: പ്രതിപക്ഷാവശ്യം പാടെ തള്ളിക്കൊണ്ട് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച ടേംസ് ഓഫ് റഫറന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താതെ ആറു വിഷയങ്ങളാണ് അന്വേഷിക്കാന്‍ നിശ്ചയിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടെങ്കിലും അംഗീകരിച്ച ആറിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നുമായിരുന്നു ഉത്തരം. ഇപ്പോള്‍ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ ഉന്നയിക്കേണ്ടത് കേസില്‍ കക്ഷി ചേരുന്നവരാണ്. ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ അന്വേഷിക്കും. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
സോളാര്‍ തട്ടിപ്പ്, അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?, ഉണ്ടെങ്കില്‍ എന്താണ്?, ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍, എന്നിവയാണ് ടേംസ് ഓഫ് റഫറന്‍സിലെ ആദ്യ ഇനം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതെത്രയാണ്?, ഇത് ഒഴിവാക്കാമായിരുന്നോ, ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ് എന്നതാണ് രണ്ടാമത്തെ ഇനം.
ആരോപണങ്ങളില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്കോ, വ്യക്തികള്‍ക്കോ നിയമവിരുദ്ധമായി സര്‍ക്കാര്‍ വക വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുകയോ, മേറ്റ്ന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ചെയ്തിട്ടുണ്ടോ?. ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വകയില്‍ സര്‍ക്കാരിനെന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായെങ്കില്‍ അതെത്രയാണ്. ഇത് ഒഴിവാക്കാമായിരുന്നോ. ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?. ഇത് മൂന്നാമത്തെ ഇനമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
സോളാര്‍ തട്ടിപ്പിലും അനുബന്ധ സാമ്പത്തിക ഇടപാടിലും ഉള്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് 2006 കാലഘട്ടം മുതല്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് നാലാമത്തെ ഇനമായി ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നു. ഈ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ ആരൊക്കെയാണെന്നും അന്വേഷിക്കണം. പ്രതിപക്ഷത്തെക്കൂടി ലക്ഷ്യമിട്ടാണ് 2006 മുതലുള്ള അന്വേഷണം. തെറ്റായ വാഗ്ദാനം നല്കി ജനങ്ങളെ പറ്റിക്കുന്നതും വഞ്ചിക്കുന്നതും തടയാന്‍ ഇന്ന് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണോ എന്നതും അന്വേഷിക്കും. നിയമങ്ങള്‍ പര്യാപ്തമല്ലെങ്കില്‍ ശക്തമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളും കമ്മീഷന് സമര്‍പ്പിക്കണം. സാമ്പത്തിക തട്ടിപ്പിനിരയാകുന്നവര്‍ക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭ്യമാക്കുന്നതിനുള്ള നടപടികളും കമ്മീഷന് നിര്‍ദ്ദേശിക്കണമെന്ന് ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചു വന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ എല്ലാം അന്വേഷണ പരിധിയില്‍ വരുന്ന തരത്തിലാണ് ടേംസ് ഓഫ് റഫറന്‍സ് എന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരിക എന്നത്. അത് വ്യക്തതയോടെ ഉള്‍പ്പെടുത്താതെ മലക്കം മറിയുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും പ്രത്യേകമായ ഒരു വിഷയത്തിലേക്ക് അന്വേഷണം ചുരുങ്ങരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം കേസില്‍ കക്ഷിചേരുകയും അവിടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവു നല്‍കുകയും വേണം.
ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ ലഭ്യമാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് ഇനിയും അറിയിപ്പു കിട്ടിയിട്ടില്ല. അതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജഡ്ജിയെ ലഭ്യമായ ശേഷം കമ്മീഷന്റെ കാലാവധിയും മറ്റും തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: