ആലുവ: ആലുവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ആംപ്യൂളുകള്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വില്‍പ്പന നടത്തി വന്നിരുന്നയാളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി.
ആലുവ ചൂണ്ടിയില്‍ നിന്നും ചുണങ്ങുംവേലി സ്വദേശി മുത്തേലി വീട്ടില്‍ ജോയിയുടെ മകന് ലിജോ ജോയിയാണ് (35) 205 ആംപ്യൂളുമായി മയക്കുമരുന്ന് വില്‍പ്പനക്കിടെ എക്സൈസ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ മയക്കുമരുന്നുകള്‍ ശേഖരിച്ച് വെച്ചാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്.
കോഴിക്കോട് നിന്നും കുറഞ്ഞ വിലക്ക് വാങ്ങി ആലുവായിലും പരിസരങ്ങളിലും വന്‍ വിലക്കാണ് ആംപ്യൂളുകള്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. സ്കൂള്‍ കുട്ടികളും മുതിര്‍ന്ന വരുള്‍പ്പെടെ സ്ഥിരം ഇടപാടുകാരുണ്ടെന്നും ഫോണ്‍ വിളിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ‘മരുന്ന്’ എത്തിച്ച് കൊടുക്കാറുണ്ടെന്നും പ്രതി സമ്മതിച്ചതായി എക്സൈസ് സിഐ കെ.കെ.അനില്‍കുമാര്‍ പറഞ്ഞു. ലുപിജസിക്, സയസപാം ഫിനര്‍ഗന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആംപ്യൂളുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുന്നതോടൊപ്പം സ്വന്തമായി കുത്തിവെയ്ക്കാറുണ്ടെന്നും പ്രതി പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കുന്ന ആംപ്യൂളുകള്‍ ഇപ്പോള്‍ വ്യാപകമായി മയക്കുമരുന്നായി ഉപയോഗിക്കുന്നുണ്ടത്രെ. ആലുവ കേന്ദ്രീകരിച്ച് സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ ആംപ്യൂളുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കുറച്ച് ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ആംപ്യൂളുകള്‍ വില്‍പ്പന നടത്തുന്നതിനായി പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും എക്സൈസ് സംഘടം പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: