എഴുപത്തിയഞ്ചാം വയസിലും തടിയില്‍ കരവിരുത് തീര്‍ക്കുകയാണ് പത്തിയൂര്‍ പടിഞ്ഞാറ് കൊടുവശേരില് പരേതനായ കുട്ടനാചാരിയുടെ ഭാര്യ ചെല്ലമ്മ. പുതിയ തലമുറയെ അത്ഭുതപ്പെടുത്തി പ്രദേശത്തെ വീടുകളിലെ കതകിലും ജനലിലും കമനീയമായ ചിത്രങ്ങളും രൂപങ്ങളുമാണ് ഇവര്‍ നിര്‍മിക്കുന്നത്.
റാന്നി കടത്തവണ്ണ സ്വദേശിനിയായ ചെല്ലമ്മയെ അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പത്തിയൂരിലേക്ക് കുട്ടനാചാരി വിവാഹം ചെയ്ത് കൊണ്ടുവന്നത്. അച്ഛനും സഹോദരങ്ങളും മരപ്പണിചെയ്യുന്നത് കണ്ടുപഠിച്ച ചെല്ലമ്മ ചെറുപ്രായത്തില്‍ മരപ്പണിയില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ഏതു തരം ചിത്രപ്പണിയും തടിയില്‍ കൊത്തിപ്പണിയാന്‍ ചെല്ലമ്മ മിടുക്കിയാണ്. പഴയകാലത്തെ വിജാഗിരി, ആണി എന്നിവ തടികൊണ്ട് ഇപ്പോഴും നിര്‍മിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും.
കൂറ്റന്‍ വീടുകളുടെ ഉത്തരക്കൂട്ട് അടക്കം പിതാവിനോടും ഭര്‍ത്താവിനോടുമൊപ്പം നിര്‍മ്മാണം നടത്തിയിട്ടുണ്ട്. പണ്ടുകാലത്ത് നിര്‍മിച്ചിരുന്ന സരസ്വതി പീഠം, ആവണപ്പലക, കത്തിക്കൂട്, അടപലക, മഴു കൈ, ബാറ്റ്, കട്ടിള, കതക്, കസേരകള്‍, കട്ടില് തുടങ്ങിയവ ഇന്നും പണിതുകൊടുക്കും. പ്രായാധിക്യം കാരണം ഇപ്പോള്‍ കൈകള്‍ക്ക് പഴയ ആരോഗ്യം ഇല്ലാത്തതിനാല്‍ ട്രില്ലര്‍ മെഷീനില്‍ കിഴിച്ച് കോരം പണിതാണ് ആപ്പ് വെക്കുന്നത്. പഴയതും പുതിയതുമായ ഏതു തരം ഉരിപ്പടി പണിയാന്‍ ചെല്ലമ്മയോട് പറഞ്ഞാലും ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കും. പഴമയെ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് തെങ്ങോല, കമുക് ഓല, കുരുത്തോല, പനയോല ഇവകളില്‍ ഉറി ഇപ്പോഴും ചെല്ലമ്മയാണ് പണിതു കൊടുക്കുന്നത്.
കലപ്പ, തടിചെരുപ്പ്, പല്ലുചെരുപ്പ്, കത്തിക്കൂട്, ചക്രവും അറയും, ചെല്ലപ്പെട്ടി, ക്ഷേത്രങ്ങളിലെ പീഠം തുടങ്ങി തടിയില്‍ ചെയ്യാവുന്ന എന്തും ചെല്ലമ്മയുടെ കരവിരുതിന്റെ മകുടോദാഹരണമാണ്. ക്ഷേത്രങ്ങളിലും വീടുകളിലും ഭാഗവതപാരായണത്തിന് മുടക്കമില്ലാതെ ചെല്ലമ്മ എത്തും. പത്തിയൂര്‍ ക്ഷേത്രത്തിലെ പൗര്‍ണമി സംഘത്തിലെ ഏറ്റവും പ്രായംകൂടിയ അംഗവുമാണ്. കുട്ടികള്‍ക്കാവശ്യമായ കളിയുപകരണങ്ങളുടെ മോഡല്‍ ചെല്ലമ്മയെ കാണിച്ചാല്‍ മതി, അത് നിര്‍മ്മിച്ചു നല്കാന് എഴുപത്തിയഞ്ചിലും ഈ മുത്തശി തയ്യാര്‍. പാചക കലയിലും ചെല്ലമ്മയെ തോല്‍പ്പിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുകയില്ല.
ജി.ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: