ഡിസി ബുക്സ് മീഡിയ സീനിയര്‍ അക്കൗണ്ട്സ് മനേജര്‍ രാജശ്രീ വര്‍മ്മയ്ക്ക് സ്വകാര്യ അഹങ്കാരമായിരുന്നു തന്റെ മുടി. കറുത്തിരുണ്ട് തഴച്ചുവളരുന്ന മുടി സംരക്ഷിക്കാന്‍ ഏറെ സമയം ചെലവിടുമായിരുന്നു രാജശ്രീ. കഴിഞ്ഞമാസം പൊന്നുപോലെ കാത്തുസൂക്ഷിച്ച മുടിയുടെ പകുതിയോളം കത്രികയ്ക്ക് ഇരയായപ്പോള്‍ പക്ഷേ അവര്‍ക്ക് സങ്കടമുണ്ടായിരുന്നില്ല.
അതേക്കുറിച്ച് രാജശ്രീ വര്‍മ പറയുന്നതിങ്ങനെ… ഒരാള്‍ക്കെങ്കിലും എന്റെ മുടി കൊണ്ട് പ്രയോജനമുണ്ടായാല്‍ അതില്‍ ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. മുടി മുറിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. മറ്റുള്ളവരൊക്കെ മുടിയെക്കുറിച്ച് പുകഴ്ത്തുമ്പോള്‍ അല്‍പ്പം അഹങ്കാരമൊക്കെ തോന്നിയിട്ടുമുണ്ട്. താളിയും വെളിച്ചെണ്ണയും തന്നെയായിരുന്നു മുടിയുടെ രഹസ്യം. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു തിരിക്കിനിടയില്‍ ഇത്രയും ശ്രദ്ധ നല്കി മുടി നീട്ടി വളര്‍ത്തിയത് ചിലപ്പോള്‍ ഒരു പുണ്യപ്രവര്‍ത്തിക്ക് വേണ്ടിയായിരുന്നു എന്ന്.
അപ്രതീക്ഷിതമായാണ് കീമോ കഴിഞ്ഞ് ദുരിതമനുഭവിക്കുന്ന ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച് രാജശ്രി കേള്‍ക്കുന്നത്. സംഘടനയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ കാത്തുസൂക്ഷിച്ചിരുന്ന മുടിയുടെ പകുതിയോളം നല്കാന് അവര്‍ക്ക് ഒരു മനസ്സുകേടുമുണ്ടായിരുന്നില്ല. ബിസിനസ്സുകാരനായ ഭര്‍ത്താവ് വി.എസ്.പ്രദീപിനും എതിരഭിപ്രായമുണ്ടായിരുന്നില്ല. മക്കളും സന്തോഷത്തോടെ പിന്തുണ നല്കി. 30 സെ.മീ മുടിയാണ് രാജശ്രീ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മാണത്തിനായി നല്‍കിയത്. സ്ത്രീകള്‍ക്കായുള്ള വിഗിന് 15 ഇഞ്ചെങ്കിലും നീളമുള്ള മുടി ലഭിക്കണം. കേരളത്തിന്റെ പല ഭാഗങ്ങളിലായുള്ള സ്ത്രീകള്‍ ഇതിനായി മുന്നോട്ട് വരുന്നുണ്ട്.
തിരക്കുപിടിച്ച ജീവിതത്തില്‍ വല്ലപ്പോഴുമെങ്കിലും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് രാജശ്രീ വര്‍മ്മ. എങ്കിലും ആദ്യമായാണ് ഈ വഴിക്ക് സഞ്ചരിക്കുന്നത്. അവയവങ്ങള്‍ ദാനം ചെയ്യാനും താനിപ്പോള്‍ ആഗ്രഹിക്കുന്നതായി അവര്‍ പറയുന്നു. ജീവിതത്തില്‍ അവസാനം അവശേഷിക്കുന്നത് ഇത്തരത്തിലുള്ള പ്രവൃത്തികളുടെ പുണ്യം മാത്രമാണല്ലോ എന്നോര്‍മ്മിപ്പിച്ച് രാജശ്രീ നിശബ്ദയാകുന്നു.
‘ഹെയര്‍ ഫോര്‍ ഹോപ്പ്’ എന്ന പദ്ധതി വഴിയാണ് ഒരുകൂട്ടം വനിതകള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനമാകുന്നത്. ദുബായ് കേന്ദ്രമായി പ്രവൃത്തിക്കുന്ന പ്രേമി മാത്യൂവാണ് ഇത്തരത്തിലൊരു സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കീമോയ്ക്ക് ശേഷം വന്‍തുക നല്കി വിഗ്ഗുകള്‍ വാങ്ങാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഈ സാമൂഹികപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ പ്രേമി മാത്യുവിനെയും കൂട്ടരേയും പ്രേരിപ്പിച്ചത്. കേരളത്തില്‍ മുടി നല്കാന് താല്പര്യമുള്ളവര് ഡോ.മൂപ്പന്‍സ് ഫൗണ്ടേഷന്റെ ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രവുമായാണ് ബന്ധപ്പെടേണ്ടത്. നെറ്റിലും ഫേസ് ബുക്കിലും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കും.
രശ്മി സുഗത
പ്രതികരിക്കാൻ ഇവിടെ എഴുതുക: