അകത്തെ മുറിയില്‍നിന്ന് അവള് പുറത്തേക്ക് വന്നത് തന്നെ മഴയുടെ ആരവം കേട്ടിട്ടാണ്. മഴത്തുളളികള്‍ വീടിന്റെ ഓടിന്‍പുറത്ത് വീഴുന്നത് ആരോ ചെറിയ കല്ലുകള്‍ വാരിയെറിയുന്നതുപോലെ തോന്നി. നല്ല മഴയുള്ളപ്പോള്‍ ഓടിന്റെ പാത്തികളിലൂടെ ഒഴുകുന്നത് ഈ വീടിന്റെ കണ്ണീരായിട്ടാണ് തോന്നുന്നത്. നേരിയ ചാറ്റുമഴയുള്ളപ്പോള് ഇറ്റു വീഴുന്നത് തന്റെ തന്നെ കണ്ണീര്ത്തുള്ളികളാണെന്നും. ഒരു ശീതക്കാറ്റു കൂടിയുണ്ടെങ്കില്‍ വെറുതെ മനസ്സ് പതറും.
ചെറിയ വീടിന്റെ ഭിത്തികള്‍ ഹോളോബ്രിക്കുകള്കൊണ്ട് ഉള്ളതാണ്. ഒരു ചെറിയ ഹാളും അതിനെക്കാള്‍ ചെറിയ രണ്ടു മുറികളും വീതി കുറഞ്ഞ ഒരു വരാന്തയും ഉണ്ട്. ഭാഗ്യത്തിന് വൈദ്യതിയുമുണ്ട്. കോളേജ് ഇല്ലാത്ത ദിവസങ്ങളില്‍ വരാന്തയിലെ അരമതിലിലിരുന്ന് പ്രകൃതിയെ നോക്കി അവള് സ്വപ്നം കാണാറുണ്ട്, ഒരു നല്ല നാളെയെ കുറിച്ച്.
പാറിപ്പറക്കുന്ന കൊച്ചു തുമ്പികളും, വാഴക്കയ്യിലിരുന്ന് കരയുന്ന കാക്കയും മാവിലെ പഴുത്ത മാങ്ങ തിന്നുന്നതിനിടയില്‍ ചിലയ്ക്കുന്ന അണ്ണാറക്കണ്ണന്മാരും മനസ്സില്‍ ആനന്ദം പകരും. ഒരിക്കല്‍ വേലിപ്പൊത്തിലിരിക്കുന്ന ഒരു കുഞ്ഞു പാമ്പിനെ ചെമ്പോത്ത് കൊത്തിവലിച്ചു താഴെയിടുന്നത് കണ്ട് പേടിച്ച് അകത്തേക്കോടി കതകടച്ചു. ആ ശബ്ദം കേട്ടപ്പോള്‍ പക്ഷി പറന്നുപോയി. പിന്നെ പാമ്പിനെക്കുറിച്ചായി പേടി!
മഴയുള്ള രാത്രികളില്‍ തവളകളുടെ കൂട്ടക്കരച്ചില്‍ ഒരു മന്ത്രധ്വനിപോലെ മുഴങ്ങും. രാത്രിയുടെ സംഗീതമായി ചീവിടുകളും അകമ്പടി സേവിക്കും. മഴയെന്നും ഒരു ഹരമായിരുന്നു അവള്‍ക്ക്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കുടയും ചൂടി വയല്‍ വരമ്പിലൂടെ സ്കൂളില്‍ പോകും. ചിലപ്പോള്‍ കാറ്റ് കുട മലര്ത്തിക്കൊണ്ടുപോയെന്നുവരും. കൂടെയുള്ള അയല്പക്കത്തെ ചേച്ചിമാര് ഈ ആപത്ഘട്ടത്തില്‍ സഹായിക്കാനെത്തും. മഴവെള്ളം ഒഴുകിപ്പോകുന്ന ചാലിലെ വെള്ളത്തില്‍ ചവിട്ടി പടക്കംപൊട്ടുന്നപോലെ ഒച്ചയുണ്ടാക്കി പോകാന്‍ എന്തുരസമായിരുന്നു.
അന്നൊരു ദിവസം ഒമ്പതാംക്ലാസിലെ ദിനേശ് എന്ന കുട്ടി എന്തൊ സാധനം ഒരു നന്ത്യാര്‍വട്ട ചെടിയുടെ കീഴെ കിടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചു. അവിടെയെത്തിയപ്പോള്‍ ചെടി പിടിച്ചുകുലുക്കിയതും അവന് ഓടിപ്പോയതും ഞൊടിയിടകൊണ്ടാണ്. മഴത്തുള്ളികള്‍ നിറഞ്ഞുനിന്ന ചെടിയിലെ വെള്ളം മുഴുവന്‍ തന്റെ തലയില്‍. ഇപ്പോഴത്തെ ആണ്‍കുട്ടികളെല്ലാം ഇതുപോലെയാണ്. തന്റെ ചേട്ടനും ഒരു ഉദാഹരണം തന്നെയാണ്. എന്തെങ്കിലും വീട്ടില്‍ എപ്പോഴും വഴക്കു കൂടിക്കൊണ്ടിരിക്കും. തന്നോടുള്ള സമീപനം പിന്നെ പറയുകയും വേണ്ട. ഒരിക്കല്‍ മേശവപ്പുറത്തുവെച്ചിരുന്നെന്ന് പറയുന്ന ഒരു പേന കാണാതായി. ഒച്ചയും ബഹളവും കേട്ട് അച്ഛന് വഴക്കുപറഞ്ഞത് അവനിഷ്ടപ്പെട്ടില്ല. അന്ന് വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുകയോ അവളോട് സംസാരിക്കുകയോ ചെയ്തില്ല. അമ്മയുടെ ആശ്വാസവചനങ്ങളും ചെവിക്കൊണ്ടില്ല. പുസ്തകം വാങ്ങാന്‍ സ്വരൂപിച്ചുവെച്ചിരുന്ന പൈസയില്‍നിന്നും ഒരു പേന വാങ്ങി അവന് കൊടുത്ത് പിണക്കം തീര്‍ത്തു.
മറ്റൊരു ദിവസം ഒരു വൈകുന്നേരും കൂട്ടുകാരുമൊത്ത് വെളിയില്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ട അച്ഛന് അവനെ ശാസനാരൂപത്തില്‍ വിളിച്ചു. ആ കുട്ടികളുമായി കളിക്കേണ്ട എന്ന് വഴക്കുപറഞ്ഞത് അവനെ ചൊടിപ്പിച്ചു. കൈയിലുള്ള ബാറ്റ് വലിച്ചെറിഞ്ഞ് അവന് പൊട്ടിക്കരഞ്ഞു. തന്നെപ്പോലെ കുത്തിയിരുന്ന് പഠിക്കുന്ന സ്വഭാവം ഒന്നും അവനില്ല. എങ്കിലും അത്യാവശ്യം മാര്‍ക്ക് കിട്ടുമായിരുന്നു. വീട്ടിലിരുന്ന് പഠിക്കാത്തതിന് നൂറ് നൂറ് കാരണങ്ങള്‍ അവന് കണ്ടുപിടിക്കും. അതിലൊന്നാമത്തേത് അച്ഛനും അമ്മയും തമ്മിലുള്ള മൗനത്തിലുള്ള പിണക്കം തന്നെ. അവര്‍ പരസ്പ്പരം മിണ്ടാറില്ല. ഒരു യന്ത്രം കണക്കെ പ്രവര്‍ത്തിക്കുന്ന അമ്മ, തുച്ഛമായ വരുമാനമുള്ള അച്ഛന്. തുടര്‍പഠനം ഒരു കടങ്കഥയാണ്. നീണ്ടുനിവര്‍ന്ന് കിടക്കാനുള്ള സൗകര്യംപോലും ഇല്ലാത്ത ആ വീട്ടില്‍ സ്വകാര്യതയ്ക്ക് ഒട്ടും സ്ഥാനമില്ല. കുട്ടികള്‍ വളര്ന്നുവലുതാവുകയാണെന്ന ചിന്ത അച്ഛനമ്മമാര്ക്കെന്തേ ഇല്ലാത്തത് എന്നവള്‍ പലപ്പോഴും ചിന്തിക്കും.
പക്ഷെ, അവള് ആശ്വാസം കാണുന്നത് ഒന്നില്‍മാത്രം. ചെറുപ്പത്തില്‍ ഉണ്ടായിരുന്ന രണ്ടു ചിലങ്കകള്‍ കാലില്‍ കെട്ടി അയല്പക്കത്തെ ടിവിയില്‍നിന്ന് വരുന്ന പാട്ടുകള്‍ക്കൊപ്പം നൃത്തം ചവിട്ടുക. അതും ആരുമില്ലാത്ത സമയങ്ങളില്‍ മാത്രം. അതിനുശേഷം പഠിക്കാന്‍ ഒരാവേശം തോന്നും. ഒന്നുമില്ലെങ്കിലും നൃത്തത്തില്‍ ശ്രദ്ധിച്ച് ഏതെങ്കിലും ഡാന്‍സ് പ്രോഗ്രാമിന് പോകാമെന്ന ആശ മനസ്സിലുദിച്ചിരുന്നു.പക്ഷെ, അച്ഛനോട് പലവട്ടം അതേപ്പറ്റി പറഞ്ഞപ്പോള്‍ അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന് പഠിച്ച് ഡോക്ടറോ എഞ്ചിനിയറോ ആകാന്‍ ശ്രമിക്കുക എന്ന മറുപടി കിട്ടും. നല്ലവണ്ണം പഠിക്കുകയാണെങ്കില്‍ കടം വാങ്ങിയാണെങ്കിലും തന്നെ പഠിപ്പിക്കുമെന്ന അച്ഛന്റെ ഉറച്ച തീരുമാനം മനസ്സില്‍ സങ്കടം ഉണര്‍ത്തി. ട്യൂഷന് ക്ലാസില്‍ പോലും എടുത്തുകാണിക്കാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ടീച്ചര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ടീച്ചര്‍ തന്നെ ഗൗനിക്കുമായിരുന്നു എന്ന തിരിച്ചറിവ് അവളില്‍ വേദനയുണ്ടാക്കിക്കൊണ്ടിരുന്നു. പണവും പ്രതാപവും എല്ലാവര്ക്കുമുണ്ടായെന്ന് വരില്ലല്ലൊ. എങ്കിലും വീട്ടിലും നാട്ടിലും വാത്സല്യാദികള്‍ ഇല്ലാതെ എന്തിന് ജീവിക്കണം എന്ന ചിന്ത മനസ്സില്‍ രൂപം കൊണ്ടു. ഉള്ളുതുറന്ന് സംസാരിക്കാനൊരു ഒരു കൂട്ടുകാരി പോലുമില്ല. അമ്മ, സഹോദരന്, അയല്പക്കക്കാര് ഇതെല്ലാം മരീചികകളായിത്തീരുന്നു. ഏതോ ഒരുള്‍വിളിയുടെ ഭാഗമായി മതിമറന്ന് നൃത്തം ചവിട്ടുന്ന നേരം അരയില്‍ കെട്ടിയിരുന്ന ഷോളെടുത്ത് മുകളില്‍ കെട്ടി വായുവില്‍ നൃത്തം ചെയ്താല്‍ എന്താണെന്ന് ആലോചിച്ചു. ഷാളിന്റെ ഇങ്ങേയറ്റത്തുളള കുരുക്കില്‍ ശ്വാസനാളം ബന്ധിച്ച് കൈകാലുകള്‍ മുദ്ര തീര്‍ക്കാന്‍ നാട്യാചാര്യനെ മനസ്സില്‍ ധ്യാനിച്ച് അവളൊരുങ്ങി.
ഡോ. മല്ലിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: