നരേന്ദ്ര മോദിയുടെ അനുജന്. അതാണ് മധ്യപ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വിശേഷിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഉപയോഗിക്കുന്ന പദം. ഭരണ നേട്ടത്തിലും സംസ്ഥാനത്തിന്റെ വികസനത്തിലും ചൗഹാന് മോദിക്കൊപ്പമാണെന്ന് ആദ്യം പറഞ്ഞത് ബിജെപി നേതാവ് എല്‍.കെ അദ്വാനിയാണ്. വിനയത്തോടെ ആ വിശേഷണം ചൗഹാന് തിരുത്തിയത് താന്‍ മോദിയെ മുതിര്‍ന്ന സഹോദരനായി കാണുന്നുവെന്നും മാതൃകയാക്കുന്നുവെന്നുമാണ്. മോദിയുടെ അനുജന് എന്ന വിശേഷണം ചൗഹാന് മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആ പാര്‍ട്ടിയുടെ നേതൃത്വം ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാത്തതു കൊണ്ടാണ് ഇങ്ങനെ കണക്കു കൂട്ടുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശിന്റെ ചുമതലക്കാരനുമായ പ്രഭാത് ഝാ പറയുന്നു.
മുദ്രാവാക്യങ്ങള്‍ തെരഞ്ഞടുപ്പ് വിജയങ്ങള്‍ തീരുമാനിച്ചിരുന്ന കാലം കഴിഞ്ഞു.എത്ര ആകര്‍ഷണീയമായ മുദ്രാവാക്യങ്ങളും വോട്ടര്‍മാരെ ഇപ്പോള്‍ കാര്യമായി സ്വാധീനിക്കാറില്ല. പഴകിയ പ്രചരണായുധങ്ങള്‍ക്ക് പകരം പുതിയവ കണ്ടെത്തേണ്ട ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തന്നെയാണ്. ജനങ്ങള്‍ക്ക് പ്രവര്‍ത്തിയാലാണ് വിശ്വാസം. ഫ്യൂഡലിസത്തിന്റെ നുകത്തില്‍ നിന്ന് പുറത്തുകടന്ന ഉടനെ ഇന്ത്യന്‍ ദരിദ്രവാസിയെ മോഹനങ്ങളായ ഒട്ടേറെ മുദ്രാവാക്യങ്ങള്‍ നല്കി പറ്റിച്ച പഴയ രാഷ്ട്രീയ തട്ടിപ്പ് ഇനി നിലനില്‍ക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുള്ളവരെക്കാള് എത്രയോ ബുദ്ധിമാന്മാരും സമര്‍ത്ഥരും ഉള്‍ക്കാഴ്ചയുള്ളവരുമാണ് ഇന്ത്യയിലെ പുതു തലമുറ വോട്ടര്‍മാര്‍. ഇക്കാര്യം തിരിച്ചറിയാന്‍ വൈകുന്തോറും റാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കും.
ഇന്ത്യയിലെ ഏതു സംസ്ഥാനത്തും മുസ്ലീം സമൂഹം എല്ലാക്കാലത്തും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നായിരുന്നു അടുത്തകാലം വരെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരെങ്കിലും വിശ്വസിച്ചിരുന്നത്. യുപി യില്‍ മുലായം സിംഗ് യാദവും ബീഹാറില്‍ ലാലുവും ബംഗാളില്‍ മമതാ ബാനര്‍ജിയും ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചു. ഈ സംസ്ഥാനങ്ങളിലെല്ലാം മുസ്ലീം വോട്ടര്‍മാര്‍ പാര്‍ട്ടിയെ ദയനീയമാം വിധം കൈവിടുകയായിരുന്നു. അപ്പോഴും കോണ്‍ഗ്രസ് നേതൃത്വം ദേശീയ തലത്തില്‍ അവരുടെ മുസ്ലീംപ്രീണന മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദേശീയ തലത്തില്‍ മുസ്ലീം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടു കൊണ്ടിരുന്നു. കുറഞ്ഞ പക്ഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആയതു കൊണ്ടെങ്കിലും മുസ്ലീം സമൂഹം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.
കഴിഞ്ഞ ഗുജറാത്ത് നിയമ സഭ തെരഞ്ഞടുപ്പോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായത്. രാജ്യത്ത് മുസ്ലീം സമൂഹം എല്ലാ നിലക്കും പിന്നോക്കമാണെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മറക്കുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ 50 ലേറെക്കൊല്ലവും ഈ രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന വലിയ സത്യമാണത്. ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളിലും ഏറ്റവുമധികം കാലം അധികാരത്തിലിരുന്നതും കോണ്‍ഗ്രസ തന്നെയായിരുന്നു.
മുദ്രാവാക്യങ്ങള്‍ക്കപ്പുറം എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു തടസ്സമെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. മുസ്ലീം സമൂഹത്തിനുള്ളില്‍ അകാരണമായ ഭീതി , വര്‍ഗ്ഗീയ വിദ്വേഷം, സങ്കുചിതത്വം എന്നിവ സൃഷ്ടിക്കാനേ കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും കഴിഞ്ഞിട്ടുള്ളൂവെന്ന വലിയ സത്യവും അവശേഷിക്കുന്നു. ഈ വസ്തുത മുസ്ലീം സമൂഹത്തിലെ പുതു തലമുറ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഗുജറാത്ത് തെരഞ്ഞടുപ്പില്‍ കണ്ടത് അതാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജമാ -അത്ത് ഉലമ- അല്‍- ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് മദനി ഒരു സ്വകാര്യ ടി വി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് ഗുജറാത്തില്‍ മുസ്ലീങ്ങള്‍ വോട്ടുചെയ്തത് ബിജെപിക്കാണ് എന്നാണ്. കാരണം നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. മോദിയുടെ ഭരണത്തില്‍ ഗുജറാത്തിലെ മുസ്ലീം സമൂഹത്തിന്റെ സാമൂഹ്യ- സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കുറഞ്ഞ പക്ഷം മറ്റു മതേതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ നല്ല സ്ഥിതിയിലാണ് ഗുജരാത്തിലെ മുസ്ലീങ്ങള്‍ എന്നാണ്.
ഗുജറാത്തിലെ ജാം നഗര്‍ ജില്ലയിലെ സലായ 90 ശതമാനത്തിലേറെ മുസ്ലീം ജനസംഖ്യയുള്ള പട്ടണമാണ്. ഇവിടെ ബിജെപി വന്‍ ഭൂരിപക്ഷമാണ് നേടിയത്. കാലം മാറിയത് മനസിലാക്കാത്തത് കോണ്‍ഗ്രസ് നേതൃത്വം മാത്രമാണ്. അടുത്ത മാസം തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇപ്പോഴും മുസ്ലീം വോട്ടു ബാങ്കിലാണ്. ഭോപ്പാല്‍ മേഖലയില്‍ മുസ്ലീം വോട്ടര്‍മാര്‍ 42 ശതമാനമാണ്. 22 സീറ്റുകളില്‍ വിജയം നിര്ണ്ണ്യിക്കുക തീര്‍ച്ചയായും മുസ്ലീം വോട്ടുകളായിരിക്കും. നരേന്ദ്ര മോദിയുടെ അനുജന് എന്ന വിശേഷണം ചൗഹാന് മുസ്ലീം വോട്ട് ബാങ്കുകള്‍ നഷ്ടമാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ വിജയിക്കില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ഝാ പറയുന്നു.
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ മുസ്ലീം സമൂഹത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ അവര്‍ക്ക് മറക്കാനാകില്ല. ഭോപ്പാല്‍, നരേല, ജബല്‍പ്പൂര്‍, രത്ലം, ഉജ്ജയിന്‍, ബുര്‍ഹാന്‍പൂര്‍, ഇന്‍ഡോര്‍ , സംസ്ഥാനത്ത് 40 ശതമാനത്തിലേറെ മുസ്ലീം വോട്ടുകളുള്ള മേഖലകളില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 60 ശതമാനത്തിലേറെ സീറ്റുകള്‍ നേടിയത് ബിജെപിയാണ്.ഝാ ,ചൂണ്ടിക്കാട്ടുന്നു. ഇക്കുറി 170 സീറ്റിലേറെ നേടി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ഝാ അവകാശപ്പെടുന്നു.
മുസ്ലീം സമൂഹത്തെ തങ്ങള്‍ വേറെയായി കാണുന്നില്ല. മുഖ്യമന്ത്രിയുടെ കന്യാദാന്‍ യോജനയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം ചെയ്യുന്ന പോലെതന്നെ മുസ്ലീം പെണ്‍കുട്ടികളുടെ നിക്കാഹിനും സഹായം ചെയ്യുന്നു. തീര്‍ത്ഥ ദര്ശന് യോജന പ്രകാരം ഒരു ഹിന്ദുവിന് രാമേശ്വരത്ത് പോകാന്‍ സൗകര്യം നല്കുന്നതു പോലെ തന്നെ ഒരു മുസ്ലീമിന് അജ്മീറില്‍ പോകാനും സൗകര്യമൊരുക്കുന്നു. ഇവിടെ എവിടെയാണ് വിവേചനം. വിവേചനം ഉണ്ടെന്ന് വരുത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണ്. ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് ഹജ്ജ് ഹൗസ് പണി കഴിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന 11 ഭരണഘടനാ പദവികളില്‍ മുസ്ലീം നാമധാരികളാണുള്ളത്. ഇത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനക്കാളും ഉയര്‍ന്ന അനുപാതമാണ്. വിവിധ മുസ്ലീം സംഘടനകളുടെ താത്പര്യം പരിഗണിച്ച് ഉറുദു സര്‍വ്വകലാശാലക്കുവേണ്ടി ചൗഹാന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്കി. ബിജെപി ഭരണത്തിനു കീഴില്‍ മധ്യപ്രദേശിലെ മുസ്ലീം സമൂഹത്തിന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. തങ്ങള്‍ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവരുടെ രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. ഈ മാറ്റം തീര്‍ച്ചയായും കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന തരത്തിലുള്ളതല്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ബിജെപി നേതൃത്വം ശുഭപ്രതീക്ഷയിലാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: