തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേരള ശാസ്ത്ര പുരസ്കാരത്തിന് പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധ ന്‍ഡോ. എം.എസ്. വല്യത്താന് അ ര്‍ഹനായി. ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ മലയാളി ശാസ്ത്രജ്ഞനാണ് പുരസ്കാരം നല്‍കിവരുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവും പൊന്നാടയുമാണ് പുരസ്കാരം.
ആറ്റമിക് എനര്‍ജി കമ്മീഷന് മുന്‍ ചെയര്‍മാനും കേന്ദ്ര മന്ത്രിസഭയുടെ ശാസ്ത്രോപദേശകസമിതി ചെയര്‍മാനുമായ ഡോ. ആര്. ചിദംബരം ചെയര്‍മാനായ ഏഴംഗ വിധിനിര്‍ണയ സമിതിയാണ് ഡോ. വല്യത്താനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ വി.എന്‍. രാജശേഖരന് പിള്ള അറിയിച്ചു. 2014 ജനുവരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമര്‍പ്പിക്കും.
മാവേലിക്കര സ്വദേശിയായ ഡോ. വല്യത്താനാണ് തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് തുടക്കമിട്ടത്. കൃത്രിമ ഹൃദയവാല്‍വ് നിര്‍മാണത്തിന് നേതൃത്വം നല്കിയതും അദ്ദേഹമായിരുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ്, ജോജ് ടൗണ്‍ സര്‍വകലാശാലകളില്‍ ഹൃദയശസ്ത്രക്രിയയില്‍ പരിശീലനം നേടിയ ഡോ. വല്യത്താന് ഇപ്പോള്‍ ആയുര്‍വേദ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനത്തില്‍ വ്യാപൃതനാണ്.
കേരളീയ പൈതൃക വിജ്ഞാനത്തില്‍ തത്പരനായ അദ്ദേഹം ചരകസംഹിതയില്‍ പഠനം നടത്തി പുസ്തകവും രചിച്ചിട്ടുണ്ട്. രാജ്യം പദ്മവിഭൂഷണ് ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്കാരം ഇതിനുമുമ്പ് ഡോ. ഇ.സി.ജി. സുദര്‍ശനും ഡോ. എം. വിജയനുമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: