തൃശൂര്‍: ചരിത്രമുറങ്ങുന്ന വടക്കുന്നാഥന്റെ കൂത്തമ്പലത്തില്‍ നവരാത്രിയോടനുബന്ധിച്ചുള്ള കൂടിയാട്ടത്തിനുള്ള ഒരുക്കങ്ങളായി. അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിലെ പ്രശസ്തരായ കലാകാരന്മാര് പയറ്റിത്തെളിഞ്ഞിട്ടുള്ള രംഗവേദിയാണിത്.
ഇന്നും അര്‍പ്പണബോധത്തോടെയാണ് അമ്മന്നൂരിലെ നടപ്പുതലമുറയിലെയും പഴയ തലമുറയിലെയും കലാകാരന്മാര് പങ്കുചേരുന്നത്. ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വേണ്ടത്ര പ്രതിഫലമൊന്നും കൂടിയാട്ടത്തിന്റെ അവതരണത്തിന് ലഭിക്കുന്നില്ലെങ്കിലും തലമുറകളായി തുടരുന്ന കീഴ്വഴക്കം മാറ്റിമറിക്കാന്‍ പുതു തലമുറക്കാര്‍ തയ്യാറല്ല. ഇരുപത്തിരണ്ടോളം കലാകാരന്മാരാണ് കൂടിയാട്ടത്തില്‍ പങ്കുചേരുന്നത്.
നവരാത്രിയോടനുബന്ധിച്ചുള്ള കൂടിയാട്ടം പത്തുദിവസങ്ങളിലാണ് അവതരിപ്പിക്കുന്നത്. അതിന് മുന്നോടിയായി 41 ദിവസം കൂത്തും അരങ്ങേറിവരുന്നു. അഞ്ചു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കൂടിയാട്ടം കാണുവാന്‍ ശുഷ്കമായ സദസ്സാണ് ഇന്നുള്ളതെങ്കിലും ആത്മാര്‍ഥതയോടെ കലാകാരന്മാര് പ്രവര്‍ത്തിച്ചുവരുന്നു.
സേവനമെന്ന നിലയ്ക്കാണ് ഇന്ന് കൂടിയാട്ടം അരങ്ങേറുന്നത്. അമ്മന്നൂര്‍ കുടുംബത്തിലെ ചാക്യാര്മാര്ക്കു പുറമെ പ്രശസ്തരായ ചാക്യാര്‍മാരും അവതരണത്തിന് എത്തിച്ചേരും. ഇതൊരു പൂജയായിട്ടാണ് കരുതിവരുന്നത്.
പ്രതിഫലത്തെക്കുറിച്ചുള്ള പരാതിയെക്കാള്‍ കലാകാരന്മാര്ക്ക് താമസിക്കാനുള്ള ദേവസ്വം കൊക്കര്‍ണി പറമ്പിലെ കെട്ടിടത്തിന്റെ അവസ്ഥയാണ് ശോചനീയം. ഏതു നിമിഷവും നിലംപൊത്താവുന്ന ഇവിടെ വിശ്വസിച്ച് കിടന്നുറങ്ങാന്‍ സാധിക്കില്ലെന്നാണ് ചാക്യാര്‍മാര്‍ പരിഹാസരൂപേണ പറയുന്നത്. ഇതേക്കുറിച്ചുള്ള പരാതി അധികൃതര്‍ക്കു മുന്നിലെത്തിച്ചിട്ടും പരിഹാരമില്ലെന്നതാണു സ്ഥിതി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: