കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുമ്പോള്‍ നാം കണ്ടിട്ടും, അറിഞ്ഞിട്ടും അറിയാതെ പോകുകയാണ് ഭര്‍ത്താവിന്റെ കൊടും പീഡനത്തിനിരയായ ദീപയെന്ന ദളിത് യുവതിയുടെ ദുരവസ്ഥ. സ്ത്രീപീഡനത്തിനെതിരെ വാദിക്കുന്ന കേരളത്തിലെ വനിതാ സംഘടനകള്‍ ഉള്‍പ്പെടെ ഒരു രാഷ്ട്രീയപാര്‍ട്ടി പോലും തിരിഞ്ഞുനോക്കാതെ അവഗണനക്കും പീഡനങ്ങള്‍ക്കും ഇരയായി അനാഥയെപ്പോലെ ആശുപത്രിത്തിണ്ണയില്‍ ജീവനുവേണ്ടി കേഴുകയാണ് ഈ യുവതി.
എറണാകുളം സ്വദേശിയായ ദീപ നാല് വര്‍ഷം മുമ്പാണ് ആന്ധ്രാ സ്വദേശിയായ മസ്താനെന്നയാളെ വിവാഹം ചെയ്തത്. കെപിഎംഎസ് സംഘടനാ പ്രതിനിധികളും ദീപയുടെ നാല് സഹോദരങ്ങളും അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിയത്. ആന്ധ്രയിലെ പ്രകാശ് ജില്ലയില്‍ സിങ്കരായികോണ്ടയില് സ്ഥിരതാമസമാക്കിയ ഇരുവര്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങളാണ് ദീപയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. മൂന്ന് വയസുള്ള മകള്‍ രുചിയയുമായി ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങളേറ്റുവാങ്ങി കഴിയേണ്ടി വന്നത് നാല് വര്‍ഷത്തോളമാണ്.
മകളേക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മ രമണി വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ദീപയുടെ അവസ്ഥ പുറം ലോകം അറിയുന്നത്. വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന ഭര്‍ത്താവ് മസ്താന് ദീപയെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്ന ഇയാള്‍ ദീപയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ടിട്ടാണ് ജോലിക്കു പോയിരുന്നതത്രെ. ഭക്ഷണമോ, വെള്ളമോ, മരുന്നോ ലഭിക്കാതെ തളര്‍ന്നുകിടന്ന രണ്ടു പേരെയും പരിസര വാസികളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. നിരന്തരം ദേഹോപദ്രവം ചെയ്തിരുന്ന ഇയാള്‍ ദീപയുടെ മുടി മുറിക്കുകയും, മുഖത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
അബോധാവസ്ഥയിലായ ദീപയെ ആദ്യം കച്ചേരിപ്പടിയിലെ ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മെയ് മാസം 23നാണ്. രണ്ടാഴ്ചയോളം ഇവിടെ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട് ലൂര്‍ദ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇതിനിടെ എറണാകുളം പോലീസ് കമ്മീഷണര്‍ക്കും, ഞാറയ്ക്കല്‍ സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് ആരും തയ്യാറായില്ലത്രെ. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാമെങ്കില് നടപടിയെടുക്കാമെന്നായിരുന്നു അധികൃതരുടെ മറുപടി. സ്വന്തമായി കിടപ്പാടമില്ലാത്ത രമണി മകളേയും പേരക്കുട്ടിയേയും കൊണ്ട് മൂത്ത മകള്‍ താമസിക്കുന്ന കഠാരിബാഗ് നേവല്ബേസിലാണ് താമസിച്ചുവന്നത്. ആയുര്‍വ്വേദ ചികിത്സക്കുശേഷം വീട്ടിലെത്തി ഒന്നരമാസം കഴിഞ്ഞതോടെ ദീപയുടെ നില വീണ്ടും വഷളായി. കഴിഞ്ഞ മാസം 13ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബോധാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ക്രൂരമര്‍ദ്ദനങ്ങളേറ്റ ദീപയുടെ വൃക്ക തകരാറുണ്ടെന്നും, മൂത്രസഞ്ചിക്ക് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും സ്കാനിങ്ങില്‍ കണ്ടെത്തി. വൃക്കകള്‍ക്കും, ഗര്‍ഭപാത്രത്തിനും ക്ഷതമേറ്റതിനാല് ശരീരത്തില്‍ പഴുപ്പ് ബാധിച്ചതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ചികിത്സക്കായി ദിനംപ്രതി വന്‍ തുകയാണ് വേണ്ടി വരുന്നത്. നാട്ടുകാരുടെ സഹായത്താലാണ് മരുന്നും മറ്റും ആവശ്യങ്ങളും നടത്തിവരുന്നത്. എന്നാല്‍ മകളുടെ അവസ്ഥയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്നും പോകാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ചികിത്സിക്കാന്‍ സാധിക്കില്ലെന്നും, അടുത്തുള്ള രോഗികളുമായി സംസാരിക്കാനോ പാടില്ലെന്നാണ് ഇവരുടെ നിര്‍ദ്ദേശം. സംസാരിക്കാനോ, എഴുനേറ്റ് നടക്കാനോ സാധിക്കാത്ത പെണ്‍കുട്ടിയേയും, മകളേയും കൊണ്ട് എങ്ങോട്ട് പോകുമെന്നാണ് ദീപയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്.
ആരോഗ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് നാടുനീളെ പ്രസംഗിക്കുന്ന വനിതാ സംഘടനകള്‍ പോലും ഈ കൊടുംക്രൂരതക്കെതിരെ കണ്ണടച്ചു. ദീപയേയും, മകളേയും സംരക്ഷിക്കാമെന്ന് പറഞ്ഞ കാക്കനാടുള്ള സ്നേഹിത എന്ന വനിതാ സംഘടന ഇപ്പോള്‍ കൈമലര്‍ത്തുകയാണെന്ന് സഹോദരീ ഭര്‍ത്താവ് ബിനീഷ് പറയുന്നു. ബിനീഷാണ് ദീപയേയും, മകളേയും ഇപ്പോള്‍ സംരക്ഷിച്ചു പോരുന്നത്. സംരക്ഷിക്കാം, പക്ഷെ ബന്ധപ്പെട്ടവരുടെ സഹായം ഉണ്ടാകണമെന്നാണ് ബിനീഷിന്റെ അഭ്യര്‍ത്ഥന. വനിതാകമ്മീഷന് ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വനിതാ സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കിലും അവരും തിരിഞ്ഞു നോക്കിയിട്ടില്ല. നാല് സഹോദരങ്ങളുണ്ടെങ്കിലും സഹോദരി സന്ധ്യയും, ഭര്‍ത്താവ് ബിനീഷും മാത്രമാണ് ദീപയെ സഹായിക്കുന്നത്. ആന്ധ്രയില്‍ ഓട്ടോത്തൊഴിലാളിയായ ദീപയുടെ ഭര്‍ത്താവ് മസ്താനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവര്‍ പറയുന്നത്. രോഗിയായ മകളേയും, കുട്ടിയേയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് അമ്മ രമണിയുടെ അപേക്ഷ.
തീരദേശ പ്രദേശങ്ങളില്‍ നിന്നും സീഫുഡ് മേഖലയില്‍ ജോലിക്കായി അനേകം യുവതികളെ അയക്കാറുണ്ട്. എന്നാല്‍ അവിടെപ്പോകുന്ന യുവതികള്‍ അനുഭവിക്കുന്ന ദുരവസ്ഥ പുറംലോകം അറിയാതെ പോകുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ പി.ജെ.മണിക്കുട്ടന് പറഞ്ഞു. ദീപയുടെ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും, ഇവര്‍ക്കുള്ള സഹായം നല്കാന് അധികൃതര്‍ സഹായിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകരായ ജോസഫ് കെ.ജി, വി.ജെ ദാസ്കട്ട് എന്നിവര്‍ പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: