ന്യൂദല്‍ഹി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ കേന്ദ്ര കായിക സെക്രട്ടറിയാകാനുള്ള സാധ്യത മങ്ങി. പാമോലിന്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജിജി തോംസണിനു സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ജിജി തോംസണിനു പകരം നവീന്‍ കന്‍സലിനെ സെക്രട്ടറിയാക്കാനാണ് കായികമന്ത്രാലയത്തിന്റെ തീരുമാനം. നിലവിലെ സെക്രട്ടറി പി.കെ.ദേബ് അടുത്തമാസം ഒടുവില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ജിജി തോംസണ്‍ കായിക സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
എന്നാല്‍ 1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയില്‍നിന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലായ ജിജി തോംസനെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തഴയുകയായിരുന്നു. 23പേരുടെ പ്രമോഷന് ലിസ്റ്റില്‍ മലയാളികളില്ല. പാമൊലിന്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജിജി തോംസണ്‍ സ്ഥാനക്കയറ്റത്തിലൂടെ സെക്രട്ടറി പദവി നല്‍കുന്നത് വിവാദമാകുമെന്നാണ് കേന്ദ്രപേഴ്സണല് മന്ത്രാലയത്തിന്റെ വാദം. പാമോലിന്‍ കേസില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ നല്കിയ ക്ലീന്‍ചിറ്റും ജിജി തോംസണിന്റെ കാര്യത്തില്‍ മന്ത്രാലയം പരിഗണിച്ചില്ല.
പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സപ്തംബര്‍ 7ന് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കുകയോ കോടതി കേസില്‍നിന്നും ജിജി തോംസണിനെ ഒഴിവാക്കുകയോ ചെയ്താല്‍ മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: