തിരുവനന്തപുരം: മലബാറിലെ മുസ്ലിം സ്കൂളുകള്‍ക്ക് പിന്നാലെ ഓപ്പണ്‍ സ്കൂള്‍ അധികൃതര്‍ക്കും കേരള സര്‍വകലാശാലയ്ക്കും ഹിന്ദുക്കളോട് വിവേചനം. പൂജവയ്പ് ദിനമായ 12ന് ശനിയാഴ്ച എല്ലാ ഓപ്പണ്‍ സ്കൂള്‍ സെന്ററുകളും പ്രവൃത്തിദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓപ്പണ്‍സ്കൂള്‍ അധികൃതര്‍ തങ്ങളുടെ മതേതര കാഴ്ചപ്പാട് വ്യക്തമാക്കിയത്. പൂജവയ്പ് ദിനത്തില്‍ പിഎച്ച്ഡി എന്‍ട്രന്‍സ് പരീക്ഷ നടത്തിയാണ് കേരളസര്‍വകലാശാലയും വിദ്യാഭ്യാസ വകുപ്പിന്റെ മതേതര കാഴ്ചപ്പാട് നടപ്പാക്കുന്നത്.
പ്ലസ്വണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ ക്ലാസല്ലാതെ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്താനുള്ള സംവിധാനമാണ് ഓപ്പണ്‍ സ്കൂള്‍. സംസ്ഥാന വ്യാപകമായി ജില്ലകളില്‍ ഓപ്പണ്‍ സ്കൂളിനു കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി കോണ്ട്രാക്റ്റ് ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. ശനിയാഴ്ചയും ഈ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ശനിയാഴ്ച അഷ്ടമിയല്ലാത്തതിനാല് ഇത്തവണ വെള്ളിയാഴ്ച പൂജവയ്ക്കുന്നതോടെ ഓപ്പണ്‍ സ്കൂളിനുകീഴില് പഠിക്കുന്ന ഹിന്ദുകുട്ടികള്‍ക്ക് ക്ലാസ്സില്‍ പങ്കെടുക്കാനാകാതെ വരും. മലബാര്‍ മേഖലയിലെ മുസ്ലിം സ്കൂളുകള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനെതിരെ എന്‍ടിയു അടക്കമുള്ള അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓപ്പണ്‍ സ്കൂളുകള്‍ക്ക് പൂജവയ്പ് ദിനമായ 12ന് അവധി നല്‍കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ ഓപ്പണ്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
12ന് പിജി വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കാനുള്ള എന്‍ട്രന്‍സ് പരീക്ഷയും. മുസ്ലിംലീഗിന്റെ നിയന്ത്രത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പൊതുനിലപാടിന്റെ ഭാഗമായാണ് കേരള സര്‍വകലാശാലയും ഈ നിലപാട് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. മലബാറിലെ മുസ്ലിം സ്കൂളുകള്‍ക്കും ഓപ്പണ്‍ സ്കൂള്‍ സെന്ററുകള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിനമാണ്. പൂജവയ്പ് ദിനമായ 12ന് അവധി പ്രഖ്യാപിക്കണമെന്ന് വിവിധ ഹിന്ദുസംഘടനകളുടെ ആവശ്യത്തോട് നിഷേധാത്മക നിലപാട് പുലര്‍ത്തുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: