ഹൈദരാബാദ്: തെലങ്കാന വിരുദ്ധ സമരം ആന്ധ്രാപ്രദേശിലെ ദൈനംദിന ജീവിതത്തെ സങ്കീര്‍ണതകളുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്നു. പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായി.
ഊര്‍ജോത്പാദന- വിതരണ രംഗത്തെ ജീവനക്കാരുടെ സംയുക്ത സമര സമിതിയുമായി ചെവ്വാഴ്ച്ച രാത്രി വൈകിയാണ് കിരണ്‍ കുമാര്‍ റെഡ്ഡി ചര്‍ച്ചനടത്തിയത്. എന്നാല്‍ റെഡ്ഡിയുടെ ഉറപ്പുകള്‍ തള്ളിക്കളഞ്ഞ സമരസമിതി പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് നൊണ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായ സീമാന്ദ്രയിലെ ജീവനക്കാരുമായി റെഡ്ഡി നടത്തിയ സമവായ ശ്രമങ്ങളും ലക്ഷ്യത്തിലെത്തിയില്ല. ഇന്നലെ സെക്രട്ടറിയേറ്റില്‍ മൂന്നമണിക്കൂറോളമാണ് ജീവനക്കാരുടെ നേതാക്കളോട് കിരണ്‍ കുമാര്‍ കൂടിയാലോചനകളിലേര്പ്പെട്ടത് .
30000ത്തോളംവരുന്ന വൈദ്യുതി ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭം തീരദേശ ആന്ധ്ര, റായലസീമ എന്നിവയെ ഇതിനകം വെളിച്ചമില്ലാത്ത മേഖലകളാക്കിക്കഴിഞ്ഞു. 20000 വരുന്ന കരാര്‍ തൊഴിലാളികളും സമരക്കാരോട് ചേര്‍ന്നപ്പോള്‍ ട്രെയിന്‍ ഗതാഗതവും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ അവതാളത്തിലായി. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തു നിന്നുള്ള വൈദ്യതി വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി തടസപ്പെട്ടില്ലെന്നാണ് അധികൃതരുടെ അവകാശവാദം. കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിദിനം 11,000 മെഗാവാട്ട് വൈദ്യുതിയാണ് ആന്ധ്രയ്ക്ക് ലഭിച്ചിരുന്നത്.അതിപ്പോള്‍ 8500 മെഗാവാട്ടായി കുറഞ്ഞു. അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി നിരാഹാര സമരവുമായി മുന്നോട്ടുപോകുകയാണ്. ജഗന്റെ ആരോഗ്യനില ഇന്നലെ മോശമായി. പനിയും നിര്‍ജലീകരണവും ബാധിച്ച അദ്ദേഹത്തെ ഡോക്റ്റര്‍മാര്‍ പരിശോധിച്ചു. തെലങ്കുദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും നിരാഹാരം അവസാനിപ്പിച്ചിട്ടില്ല.
അതിനിടെ, തെലങ്കാന രൂപവത്കരണം തടയാന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മുന്‍ ഡിജിപി ദിനേഷ് റെഡ്ഡി രംഗത്തെത്തി. ആന്ധ്രയില്‍ നിന്നു വിട്ടുപോയാല്‍ തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്താന്‍ കിരണ്‍കുമാര്‍ തന്നെ പ്രേരിപ്പിച്ചെന്നാണ് ദിനേഷിന്റെ ആരോപണം. തെലങ്കാന പ്രക്ഷോഭം കൊടുമ്പരിക്കൊണ്ടിരുന്ന കാലത്താണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ മുഖ്യന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ അതു തള്ളിക്കളഞ്ഞെന്നും ദിനേഷ് വെളിപ്പെടുത്തി. തെലങ്കാന രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു പിന്നാലെ സംസ്ഥാനത്ത് അധികസേനയെ വിന്യസിക്കാന്‍ നിര്‍ബന്ധിച്ച കിരണ്‍ കുമാറിന്റെ നടപടി തന്നെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: