കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ കടുത്ത മനുഷ്യാവകാശ ലംഘകരും. 2014 ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുദ്ധകുറ്റങ്ങളും മറ്റും ചെയ്ത മുന്‍ സൈനിക മേധാവികളടക്കമുളള സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് അയോഗ്യത കല്പ്പിക്കാത്തത് അഫ്ഗാന് സര്‍ക്കാരിന്റെ പരാജയമാണെന്നും ഇത് സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയുളവാക്കുമെന്നും അവര്‍ പറഞ്ഞു.
മനുഷ്യാവകാശ ലംഘകര്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുള്ള പൊതുമാപ്പ് റദ്ദാക്കണമെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ അയോഗ്യരാക്കുന്ന സമിതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ അഫ്ഗാന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മുന്‍കാലങ്ങളിലെ കുറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ശരിയായ നടപടി എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പലര്‍ക്കും അയോഗ്യതവരുമായിരുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. മനുഷ്യാവകാശലംഘനത്തിനും മറ്റും ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ വരാന്‍ പാടില്ലെന്നാണ് അഫ്ഗാന് നിയമം.
ഗുരുതരമായ കുറ്റങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പിന്തുടരുന്ന ഉത്തരവാദിത്വമില്ലായ്മ സര്‍ക്കാരിന്റെ പരാജയമാണ്.
ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതിനാല്‍ കഴിഞ്ഞ 35 വര്‍ഷം മുമ്പ് അഫ്ഗാനിലെ ആഭ്യന്തരയുദ്ധം മുതല്‍ കുറ്റവാളികളായ ഒരു സൈനിക മേധാവിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല, ആഡംസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: