കോട്ടയം: മാണിക്കും കോണിക്കും വേണ്ടിയുള്ള ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത മതംമാറ്റ കേന്ദ്രം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യതയില്ലാത്ത ഭരണമാണിവിടെ നടക്കുന്നത്. കോഴിക്കോട് നാനൂര്കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍വക സ്ഥലം കയ്യേറി മുസ്ലീംലീഗ് നേതാവ് കെട്ടിടം പണിയുകയാണ്. ഇത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എല്ലാത്തരം മാഫിയ സംഘങ്ങളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുകയാണ്.
വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന മതമൗലിക വാദികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്വര്‍ഗ്ഗീയ വിരുന്നിന്റെ നടത്തിപ്പുകാരന് തങ്കുപാസ്റ്ററുടെ ഇടപാടുകളെപ്പറ്റി അന്വേഷണം വേണം എന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയെടുക്കാത്തതെന്ത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. രാജ്യം കൊള്ളയടിക്കുന്ന അധോലോക സംഘങ്ങളുടെ കളിക്കൂട്ടുകാരനാണ് ആഭ്യന്തരമന്ത്രി. അതുകൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പോലീസ് സഹായം ലഭിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഒരേക്കര്‍ ഭൂമി അനുവദിക്കാത്തവര്‍ ‘സ്വര്‍ഗ്ഗീയ വിരുന്ന്’ പോലെയുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് സ്ഥലവും മറ്റ് സൗജന്യങ്ങളുമടക്കം അനധികൃത സഹായം ചെയ്തു കൊടുക്കുകയാണ്.
വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കാനും മനുഷ്യനെ നന്മയിലേക്ക് നയിക്കാനുമാണ് ആരാധനാലയങ്ങള്‍. എന്നാല്‍ വിദേശ പണവും കള്ളപ്പണവും സംഭരിക്കാനുള്ള കേന്ദ്രമായി ചിലര്‍ ആരാധനാലയങ്ങളെ മാറ്റി. പച്ചയായ മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാതെ എല്ലാകൊള്ളക്കാരെയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത് എന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: