ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍. ശ്രീനിവാസന് ചുതലയേല്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളിലും ശ്രീനിവാസന്‍ ഇടപെടരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തത് ബോര്‍ഡിന്റെ ഭരണം തടസ്സപ്പെടുത്തുന്നുണ്ടെന്ന് ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീനിവാസനെ സ്ഥാനമേല്‍ക്കാന്‍ കോടതി അനുവദിച്ചത്.
ഐപിഎല്‍ ഒത്തുകളി വിവാദം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മൂന്നംഗ സമിതിക്കും സുപ്രീംകോടതി രൂപം നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വരറാവുവും ആസാം ക്രിക്കറ്റ് അസോസിയേഷന്‍ അംഗം നിലോയ് ദത്തയും അംഗങ്ങളായുള്ളതാണ് സമിതി. സമിതി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പന്റേയും രാജസ്ഥാന്‍ റോയല്‍സ് ഉടമകളുടേയും പങ്കും ഈ സമിതി അന്വേഷിക്കും. സമിതിയുടെ പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന്‍ ഇടപെടരുത്.
ബോര്‍ഡിലെ മുതിര്‍ന്ന അംഗം അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന ബിസിസിഐ ശുപാര്‍ശ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ എ.കെ. പട്നായിക്കും ജെ.എസ്. കെഹാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഐപിഎല്‍ വിവാദം അന്വേഷിക്കുന്നതിന് പുതിയ സമിതിയെ നിശ്ചയിച്ചത്. മൂന്നുപേരും ക്രിക്കറ്റ് പ്രേമികളും സത്യസന്ധരുമാണെന്ന അഭിപ്രായപ്രകടനത്തോടെയാണ് പുതിയ സമിതിയെ കോടതി നിശ്ചയിച്ചത്.
ഐപിഎല്‍ പന്തയവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ചെന്നൈ സൂപ്പര്‍കിങ്ങ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരത്തെ ബിസിസിഐ രണ്ടംഗ സമിതിയെ വച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായിരുന്ന ടി. ജയരാമനും ആര്‍. ബാലസുബ്രഹ്മണ്യനും ഉള്‍പ്പെട്ട സമിതി മെയ്യപ്പനും ഐപിഎല്‍ ടീമുകള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്.
എന്നാല്‍ രണ്ടംഗ സമിതിയുടെ കണ്ടെത്തല്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വിഷയം പരിശോധിക്കാന്‍ പുതിയ സമിതി വേണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡി യോഗമാണ് ശ്രീനിവാസനെ മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: