ഹുബ്ലി: വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ വിജയിച്ച് വിന്‍ഡീസ് എ ടീം 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും വെസ്റ്റിന്‍ഡീസിന് പരമ്പര നേടാം.
ഇന്ത്യന്‍ നിരയില്‍ കളിക്കുന്ന രണ്ട് മലയാളി താരങ്ങള്‍ മികച്ച ഫോമിലാണ്. കേരളത്തിന്റെ ഓപ്പണര്‍ വി.എ. ജഗദീഷും മറുനാടന്‍ മലയാളി അഭിഷേക് നായരും രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. മധ്യനിര ബാറ്റ്സ്മാന് ഉദയ് കൗളും ഫോമിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാന്‍ കഠിനപ്രയത്നം നടത്തുന്ന ഗംഭീറും സെവാഗും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഗംഭീര്‍ 11 റണ്‍സും സെവാഗ് 7 റണ്‍സും മാത്രമാണ് സ്കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാരയും ഫോമിലേക്കുയര്ന്നിട്ടില്ലാത്തത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നു. സഹീര്ഖാന് നയിക്കുന്ന ബൗളിംഗ്നിരയും ഫോമിലേക്കുയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.
അതേസമയം വെസ്റ്റിന്‍ഡീസ് മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ബ്രാത്ത്വെയ്ത്ത്, കീറണ്‍ പവല്‍, ജോണ്സണ്, ഫുഡാഡിന്‍, മില്ലര്‍, ഡിയോനരേയ്ന്‍ എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എഡ്വേര്‍ഡ്സും കുമ്മിന്‍സും വീരസാമി പെരുമാളും നയിക്കുന്ന ബൗളിംഗ്നിരയും മികച്ച പ്രകടനമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: