ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സുപ്രീംകോടതി. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമാകുന്നതുവരെ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിനു അധികാരമില്ലെന്നു കാട്ടി കേരളം സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് കോടതി തള്ളുമെന്നുറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു. ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, എം.വൈ.ഇക്ബാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹരിത ട്രൈബ്യൂണല്‍ അല്ലാതെ മറ്റാരാണ് പരിസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി സമര്‍പ്പിച്ച കേരളത്തിന്റെ അഭിഭാഷകരോട് സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ട സര്‍ക്കാര്‍, ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനിറങ്ങിയതു ശരിയായില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. മറ്റേതെങ്കിലും റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു വരെ പദ്ധതികള്‍ക്കു അനുമതി നല്കുന്നതിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടത്.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നു മാത്രമാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതു കൊണ്ടാണ് ഹരിത ട്രൈബ്യൂണല്‍ ഇടപെട്ടത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടു കൂടി പരിഗണിച്ച ശേഷം മാത്രമേ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് മോഹന്‍ പരാശരന് വാദിച്ചിരുന്നു. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി അതുവരെ കാത്തിരിക്കേണ്ടെന്ന് കോടതി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം ഗൗരവമുള്ള വിഷയമാണ്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം അതീവ പ്രധാന്യമുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കസ്തൂരി രംഗന് റിപ്പോര്‍ട്ട് വരുമ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നു കേരളത്തിന്റെ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കിയതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വികസനത്തിനു വിഘാതമുണ്ടാക്കുമെന്നു കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഉത്തരവ് തടസമുണ്ടാക്കുമെന്നും കേരള സര്‍ക്കാര്‍ വാദിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: