കൊച്ചി: ജില്ലയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്താന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് ക്വാര്‍ട്ടേഴ്സുകളില്‍ പരിശോധന നടത്തുക. ജോലിയില്‍ നിന്ന് വിരമിച്ചവരും സ്ഥലം മാറി പോയവരും ക്വാര്‍ട്ടേഴ്സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അടിയന്തിര പരിശോധനയ്ക്ക് തീരുമാനമെടുത്തത്.
സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ ആളില്ലാത്ത ക്വാര്‍ട്ടേഴ്സുകളില്‍ നോട്ടീസ് പതിപ്പിച്ച് നിശ്ചിത ദിവസം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാരെ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് കൃത്യത ഉറപ്പാക്കും. ക്രമക്കേടുകള്‍ മുകളിലേക്ക് റിപ്പോര്‍ട്ടു ചെയ്യും. അപേക്ഷ നല്കി ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കിയ ശേഷം താമസിക്കാതെ പൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ സീല്‍ ചെയ്യും. ക്വാര്‍ട്ടേഴ്സുകളില്‍ പത്തു വര്‍ഷത്തിലധികമായി താമസിക്കുന്നവര്‍ വീണ്ടും കളക്ടറേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഓഫീസിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വന്തം പേരിലോ, ഭാര്യയുടെ പേരിലോ വീടുള്ളവര്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരാണെങ്കില്‍ അവരെ ഒഴിപ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
എന്‍ജിഒ ക്വാര്‍ട്ടേഴ്സുകളിലെ ജലവിനിയോഗത്തിന് ജല അതോറിറ്റിക്ക് നല്‍കാനുള്ള 3.20 കോടി രൂപയുടെ കുടിശിക അടക്കാത്തതിന്റെ പേരില്‍ പുതിയ കണക്ഷനുകള്‍ നല്‍കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. ക്വാര്‍ട്ടേഴ്സുകള്‍ക്ക് പ്രത്യേകമായി വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചെങ്കിലും കണക്ഷന് നല്കാന് ജല അതോറിറ്റി തയാറാകുന്നില്ല. ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള കണക്ഷന് പ്രത്യേകമാക്കി മീറ്റര്‍ പ്രകാരം നിരക്ക് ഈടാക്കാനുള്ള തീരുമാനമാണ് ഇതു മൂലം നടപ്പാക്കാന്‍ കഴിയാത്തത്. നിലവില്‍ മാസം 20 രൂപ മാത്രമാണ് ഓരോ ക്വാര്‍ട്ടേഴ്സില്‍ നിന്നും ജല ഉപയോഗത്തിന് ഈടാക്കുന്നത്.
ഫ്ലാറ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സുകളിലേക്ക് ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ മെട്രോ ബിസിനസ് ഡിസ്ട്രിക്ടിനായി ഒഴിപ്പിക്കുന്ന പഴയ ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. 115 കുടുംബങ്ങളാണ് പഴയ ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത്. ക്വാര്‍ട്ടേഴ്സുകളിലെ ഇലക്ട്രിക്കല്‍, പ്ലമ്പിങ് തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കും. ഹൈക്കോടതിയിലെ സ്ഥലംമാറ്റമില്ലാത്ത ജീവനക്കാര്‍ക്കായി പ്രത്യേക ക്വാര്‍ട്ടേഴ്സ് സമുച്ചയം നിര്‍മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ് മൈക്കിള്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പീറ്റര്‍ ചെറിയാന്, അസി. എഞ്ചിനീയര്‍ അജിത്കുമാര്‍, ഓവര്‍സിയര്‍ സുരഭി, കളക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം സീനിയര്‍ സൂപ്രണ്ട് രഞ്ജിത് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: