ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് വിഭജനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തലസ്ഥാനത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സമാധിസ്ഥാനില് പ്രാര്‍ത്ഥന നടത്തി തിരികെ ദല്‍ഹിയിലെ ആന്ധ്രാഭവനിലെത്തിയാണ് ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൃത്തികെട്ട രാഷ്ട്രീയ നിലപാടാണ് തെലങ്കാന പ്രശ്നത്തിനു കാരണമായതെന്ന് ചന്ദ്രബാബുനായിഡു കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കു തോന്നിയപോലെയാണ് സംസ്ഥാന വിഭജനം നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സീമാന്ധ്ര മേഖലയില്‍ ജനങ്ങള്‍ മുഴുവന്‍ സമരരംഗത്താണെന്നും നിലവിലെ ഭരണ വ്യവസ്ഥയില്‍ അവരുടെ വിശ്വാസം നഷ്ടപ്പെട്ടതായും നായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ കേവലം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളായി കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടങ്ങളില്‍ മാത്രമാണ് താല്‍പ്പര്യം. ജനങ്ങളേപ്പറ്റിയോ ഭരണത്തേപ്പറ്റിയോ അവര്‍ ചിന്തിക്കുന്നേയില്ല.
എല്ലാത്തിനേയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. തെലങ്കാനയിലേയും സീമാന്ധ്രയിലേയും വോട്ടുകള്‍ ടിആര്‍എസിനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും കൂട്ടുപിടിച്ചുകൊണ്ട് നേടി വിജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ചന്ദ്രബാബുനായിഡു കുറ്റപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വ്യക്തമാക്കുന്നതിനായി നിശ്ചലം എന്ന ഇറ്റാലിയന്‍ വാക്കുപയോഗിച്ചുകൊണ്ടാണ് ചന്ദ്രബാബുനായിഡു പ്രസംഗിച്ചത്. ദല്‍ഹിയിലെ സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇറ്റാലിയന്‍ ഭാഷ മാത്രമാണ് ഇപ്പോള്‍ മനസ്സിലാകുകയെന്ന് നായിഡു പരിഹസിച്ചു.
അനുയായികള്‍ക്കൊപ്പമാണ് ചന്ദ്രബാബുനായിഡു നിരാഹാരസമരമിരിക്കുന്നത്. എന്നാല്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദല്‍ഹിയിലെ ആന്ധ്രാഭവനില്നിന്നും സമരവേദി ഉപേക്ഷിക്കണമെന്നും ആന്ധ്രാഭവന് വിട്ടുപോകണമെന്നും ആവശ്യപ്പെട്ട് റസിഡന്‍സ് കമ്മീഷണര്‍ കത്തുനല്‍കിയിട്ടുണ്ട്. ജെഡിയു നേതാവ് ശരത് യാദവ്,സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ നായിഡുവിനെ സന്ദര്‍ശിച്ചിട്ടുണ്ട്.
അതിനിടെ തെലങ്കാന രൂപീകരണത്തിനെതിരെ സമരവുമായി രംഗത്തെത്തിയ ടിഡിപിയ്ക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനുമെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തി. ഇരു പാര്‍ട്ടികളും നേരത്തെ സമ്മതിച്ചതനുസരിച്ചാണ് സംസ്ഥാന വിഭജനവുമായി മുന്നോട്ടു പോയതെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ടിഡിപി നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും വൈഎസ്അര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയും പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തില്‍ ഇരുവരും വിഭജനത്തെ സമ്മതിച്ചിരുന്നെന്നും ജഗനും ചന്ദ്രബാബു നായിഡുവും നടത്തിവരുന്ന നിരാഹാര സമരത്തില്‍ നിന്ന് പിന്മാറണമെന്നും ദിഗ്വിജയ സിംഗ് ആവശ്യപ്പെട്ടു. സംസ്ഥാന രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: