ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുമായി സൈനികര്‍ നടത്തുന്ന വെടിവയ്പ് പതിമൂന്ന് ദിവസം പിന്നിടുന്നു. അതിര്‍ത്തി രേഖയ്ക്കടുത്തുള്ള കേരന്‍ സെക്ടറിലാണ് വെടിവയ്പ് തുടരുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും എന്നാല്‍ ഇരു ഭാഗങ്ങളില്‍ നിന്നും അത്യാഹിതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 30 മുതല്‍ 40 വരെ ഭീകരര്‍ താഴ്വരയിലേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24 മുതല്‍ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.
കേരന്‍ സെക്ടറിലെ ഷാലിഭട്ട് ഗ്രാമം കേന്ദ്രീകരിച്ചാണ് ഓപ്പറേഷന് നടക്കുന്നത്. അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമായി സൈന്യം നടത്തുന്ന ഈ പോരാട്ടത്തില്‍ ഇതുവരെ ഏഴ് ഭീകരരെ കൊലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗുജ്ജാദാര് ഗ്രാമത്തില്‍ നിന്ന് വെള്ളിയഴ്ച്ച മൂന്നുപേരും ഫത്തേഗാലി ഗ്രാമത്തില്‍ നിന്ന് ശനിയാഴ്ച്ച നാലുപേരുമാണ് കൊല്ലപ്പെട്ടത്. ഷാലിഭട്ട് ഗ്രാമത്തില്‍ പന്ത്രണ്ടോളം ഭീകകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം നേരത്തെ അവകാശപ്പെട്ടെങ്കിലും ഇവരുടെ മൃതദേഹം കണ്ടെത്താനായില്ല. വെടിവയ്പില്‍ അഞ്ച് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു.
അതേസമയം, ഭീകരര്‍ ചില പോസ്റ്റുകള്‍ പിടിച്ചടക്കിയെന്ന റിപ്പോര്‍ട്ട് തീര്‍ത്തും അസംബന്ധമാണെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. മേഖലയില്‍ പൂര്ണനിയന്ത്രണത്തോടെയണ് തങ്ങള്‍ നീങ്ങുന്നതെന്നും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അബദ്ധജഡിലമാണെന്നും സൈനികോദ്യാഗസ്ഥനായ ലഫ്. ജനറല്‍ ഗുര്‍മിത് സിംഗ് പ്രതികരിച്ചു. അതേസമയം, പാക് സൈന്യത്തിന് കേരന്‍ സെക്ടറിലെ നുഴഞ്ഞുകയറ്റശ്രമത്തില് പങ്കില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സല്മാന് ബഷീര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: