ശാസ്താംകോട്ട: പക്ഷാഘാതരോഗിയായ വൃദ്ധനെ മകന് മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കി. വൃദ്ധനെ പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് മാന്തറ വീട്ടില്‍ കൊച്ചുകുഞ്ഞ്(84)ആണ് അവശനിലയില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടിനാണ് സംഭവം. കുടുംബസ്വത്തിന്റെ ഭാഗംവയ്പ്പുമായി സംബന്ധിച്ച പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കൊച്ചുകുഞ്ഞിന്റെ മൂത്ത മകന് വേലായുധന്(40) ആണ് മര്‍ദ്ദിച്ചത്.
വേലായുധന് വീട് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ട് ദിവസമായി വീട്ടില്‍ സംഘര്ഷമായിരുന്നത്രെ. തുടര്‍ന്ന് രണ്ടിന് രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാത്ത നേരത്ത് കൊച്ചുകുഞ്ഞിനെ മകന് വേലായുധന് മുറിയിലിട്ട് മര്ദ്ദിക്കുക്കയായിരുന്നു. വൃദ്ധന്റെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. മര്‍ദ്ദനത്തിന് ശേഷം ബലം പ്രയോഗിച്ച് മുദ്രപത്രങ്ങളില്‍ ഒപ്പിട്ടുവാങ്ങി കടന്നു.
വൈകുന്നേരത്തോടെ ഇഴഞ്ഞിഴഞ്ഞ് പുറത്തിറങ്ങിയ വൃദ്ധന് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ശൂരനാട് പോലീസ് എത്തി കൊച്ചുകുഞ്ഞിന്റെ മൊഴിയെടുത്തു. വേലായുധനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: