ന്യൂദല്‍ഹി: കാശ്മീരില്‍ പന്ത്രണ്ടു ദിവസമായി തുടര്‍ച്ചയായി തുടരുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് സൈന്യത്തിന്റെ തിരിച്ചടി ശക്തമായി. ഇന്നലെ മാത്രം നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ കഴിഞ്ഞ 30 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെടുന്ന പാക്കിസ്ഥാന് ഭീകരരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത് പാക് ഭീകരരെ നുഴഞ്ഞു കയറുന്നതിനിടെ വധിച്ചതായി സൈനിക വക്താവ് അറിയിച്ചു.
നിയന്ത്രണ രേഖയില്‍ ഫത്തേഗലി പ്രദേശത്താണ് ഇന്നലെ രാവിലെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സൈന്യം നടത്തിയ അതിശക്തമായ വെടിവെയ്പ്പില്‍ നാലു ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും എകെ 47 തോക്കുകളും ഗ്രനേഡുകളും നാലു പിസ്റ്റളുകളും പിടിച്ചെടുത്തതായി പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. കേരാന്‍ സെക്ടറില്‍ ദിവസങ്ങളായി ഇന്ത്യന്‍ സൈന്യവും പാക് ഭീകരരും തമ്മില്‍ വെടിവെപ്പ് തുടരുകയാണ്. സപ്തംബര്‍ 24നാണ് സായുധരായ വലിയ സംഘം ഭീകരര്‍ നിയന്ത്രണ രേഖ മറികടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെ സൈന്യം നേരിടുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം മേഖലയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്.
എന്നാല്‍ കേരാന്‍ സെക്ടറില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ കാര്‍ഗില്‍ യുദ്ധത്തിനു സമാനമായി കാണുന്നില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ എല്ലാ മേഖലയിലും സൈന്യം സുസജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു.
തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പ് പരമാവധി പേരെ അതിര്‍ത്തി കടത്തുന്നതിനായി ഭീകര സംഘടനകള്‍ നടത്തുന്ന ശ്രമമാണ് വ്യാപക നുഴഞ്ഞുകയറ്റിനു പിന്നിലെന്ന് സൈനിക വക്താവ് നരേഷ് വിജ് പറഞ്ഞു. പാക് സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് നുഴഞ്ഞു കയറ്റം നടക്കുന്നതെന്നും വക്താവ് പറഞ്ഞു.
ഇന്ത്യന്‍-പാക് പ്രധാനമന്ത്രിമാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം പാക്കിസ്ഥാന് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഇത് ചൂണ്ടിക്കാണിക്കാന്‍ തയ്യാറാവാതെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചര്‍ച്ച നടത്തി ഇന്ത്യയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചകള്‍ക്കു ശേഷവും അതിര്‍ത്തിയിലെ പാക് ആക്രമണം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ പാക്കിസ്ഥാന് സൈന്യം 120 തവണ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: