തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം പ്രശസ്ത നടന് മധു ഉദ്ഘാടനം ചെയ്തതോടെ നവരാത്രി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഭാസ്ക്കരന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. ബോര്‍ഡ് അംഗം ഇ.എ.രാജന്, സെക്രട്ടറി വി.രാജലക്ഷ്മി, ദേവസ്വം അസി.കമ്മീഷണര്‍ എം.എസ്.സജയ്, ടി.കെ.ലീന എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനയോഗത്തിന് ശേഷം പിന്നണിഗായകന്‍ മധുബാലകൃഷ്ണന് നയിച്ച ഭക്തിഗാനതരംഗിണി, രാത്രി മേജര്‍ സെറ്റ് കഥകളി എന്നിവ ഉണ്ടായി.
ഇന്ന് രാവിലെ 6.30ന് നവരാത്രി സംഗീതോത്സവപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രത്തില്‍ നടക്കും. വൈകീട്ട് നൃത്തപരിപാടികളും പുല്ലാങ്കുഴല്‍ കച്ചേരിയും ഉണ്ടാവും. നവരാത്രി ആഘോഷദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന ക്ഷേത്രകലകള്‍ അരങ്ങേറും.
10-11 തീയതികളില്‍ ശിവേലി, നൃത്തപരിപാടികള്‍, ഓട്ടന്‍ തുള്ളല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ദുര്‍ഗാഷ്ടമിയായ 11ന് വൈകീട്ട് ശിവേലിക്കുശേഷം നവാത്രി മണ്ഡപത്തില്‍ പൂജവെയ്പ് നടക്കും.
12ന് രാവിലെ ശിവേലി രാത്രി ബാലെ എന്നിവയുണ്ട്. 13ന് മഹാനവമി ദിവസം രാവിലെ പഞ്ചരത്നകീര്‍ത്തനാലാപനം, പെരുവനംകുട്ടന്മാരാരുടെ പഞ്ചാരിമേളം എന്നിവ പ്രധാനം. 14ന് വിജയദശമി, സരസ്വതിപൂജ, പൂജയെടുപ്പ് എന്നിവക്കുശേഷം 8.30ന് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തല്‍ എന്നിവ നടത്തും. തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വരമന്ദിരത്തിലും നവരാത്രി പരിപാടികള്‍ക്ക് ശനിയാഴ്ച വൈകീട്ട് തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: