ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും സമാജ്വാദി ജനതാ പാര്‍ട്ടി നേതാവുമായിരുന്ന ചന്ദ്രശേഖറിന്റെ മകന് ബിജെപിയില്‍ ചേര്‍ന്നു. ചന്ദ്രശേഖറിന്റെ മൂത്ത മകന് പങ്കജ് സിംഗാണ് ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങില് നിന്നും അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ നിരവധി മാസങ്ങളായി പങ്കജ് സിങ് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തു ദേശീയ അദ്ധ്യക്ഷന്‍ പങ്കജ് സിംഗിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. വലിയ ജനസ്വീകരാര്യതയുള്ള പങ്കജ് സിങ്ങിന്റെ ബിജെപി പ്രവേശനം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കൂടുതല്‍ ഊര്‍ജ്ജം സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പേയി,ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി നന്ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയില്‍ നിരവധി കോണ്‍ഗ്രസ്,ബിഎസ്പി,ജെഡിയു നേതാക്കളും ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചു.
പങ്കജ്സിംഗ് ഉള്‍പ്പെടെയുള്ള പൊതുസമ്മതരായവരെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഉത്തര്‍പ്രദേശിലെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്നത്. 80 ലോക്സഭാ സീറ്റുകളുള്ള യു.പി പൂര്‍ണ്ണമായും പിടിച്ചടക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. 1998ല്‍ 58 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെത്തിയതിന്റെ പിന്‍ബലവും ബിജെപി പ്രതീക്ഷിക്കുന്നു. സമാന സാഹചര്യമാണ് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ഭരണത്തിന് കീഴില്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: